| Saturday, 27th July 2019, 12:25 pm

ആറ്റൂര്‍- മലയാളത്തിന് ആധുനികത സമ്മാനിച്ച കവി

പി.എന്‍. ഗോപീകൃഷ്ണന്‍

സംസ്‌കാരിക ചരിത്രവും സാമൂഹ്യചരിത്രവുമൊക്കെ പ്രത്യേക തരത്തിലുള്ള ദശയിലിരിക്കെയാണ് ആറ്റൂര്‍ കവിതയെഴുത്ത് തുടങ്ങുന്നത്. ആറ്റൂര്‍ യുവാവായി വരുന്ന കാലം എന്ന് പറയുന്നത് സ്വാതന്ത്ര്യം തന്നിട്ടുള്ള എല്ലാ പ്രതീക്ഷകളും അംഗീകരിക്കപ്പെടുന്ന കാലമാണ്.

സ്വാതന്ത്യം എന്നത് പലതരത്തിലും സാമൂഹ്യമായും സാംസ്‌കാരികപരമായും വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുള്ള കാലമാണല്ലോ. സ്വന്തം രാജ്യം, സ്വന്തം ജനത എന്നൊക്കെയുള്ള ആശയം. പക്ഷെ പതുക്കെ പതുക്കെ അതൊക്കെ മങ്ങിതുടങ്ങുന്നുണ്ട്. 50 കളാകുമ്പോള്‍ തന്നെ അതിന്റെ മങ്ങല്‍ തുടങ്ങുന്നുണ്ട്.

ഒരുപക്ഷെ ഇന്ത്യന്‍ ഭാഷകളില്‍ ആധുനികതയുടെ ചരിത്രം നമുക്ക് മാറ്റിനിര്‍ത്താന്‍ പറ്റില്ല. ഈ സാമൂഹ്യസാഹചര്യത്തിലും മാറ്റിനിര്‍ത്താന്‍ പറ്റില്ല. അങ്ങനെയൊരു കാലത്ത് എഴുതുന്നതായിരുന്നു ആറ്റൂരിന്റെ കവിത. സാധാരണ ഇന്ത്യന്‍ ആധുനികത എന്ന് പറയുന്നത് വൈദേശിക സ്വാധീനത്തില്‍പ്പെട്ട് ഉണ്ടായതാണ് എന്ന് പറയുന്ന ഒരു മൗഢ്യം ഉണ്ട്. അത് മൂഢമാണെന്ന് തിരിച്ചറിയാന്‍ ആറ്റൂരിന്റെ കവിത മാത്രം നോക്കിയാല്‍ മതി.

മാത്രമല്ല ആ സമയത്ത് ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കള്‍ എന്ന് പറയുന്ന മനുഷ്യര്‍ മലയാളഭാഷയെ ജീര്‍ണ്ണ കാല്‍പ്പനികതയുടെ അങ്ങേയറ്റത്ത് എത്തിച്ചിട്ടുണ്ടായിരുന്നു. ചങ്ങമ്പുഴ ഒരു മഹാകവിയായിരുന്നു. അദ്ദേഹം അടക്കിഭരിച്ചത് പോലെ മറ്റൊരു കവിയും അടക്കി ഭരിച്ചിട്ടില്ല, ഇതൊക്കെ ശരിയായിരിക്കുമ്പോള്‍ തന്നെ ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കള്‍ ആധുനികമായിട്ടുള്ള ഒരു ചിന്തയും ആവിഷ്‌കരിക്കാന്‍ പറ്റാത്ത രീതിയില്‍ തന്നെ ദുര്‍ബലപ്പെടുത്തിയിരുന്നു.

അതോടെ ഈ സ്വാതന്ത്ര്യം ഉല്‍പ്പാദിപ്പിച്ചിരുന്ന പ്രതീക്ഷകളുടെ അസ്തമനമാണെന്ന് നമ്മള്‍ കരുതുകയാണ്. നമ്മളൊക്കെ വിചാരിച്ചിരുന്ന സുവര്‍ണ്ണരാജ്യം ഇല്ലാതാകുന്നു. അങ്ങേയറ്റത്തെ തൊഴിലില്ലായ്മ, കഷ്ടപ്പാടുകള്‍, ദാരിദ്ര്യം ഇതൊക്കെ വരുന്നു. ഇതിനെയൊക്കെ ഒരു പുതിയ ഭാഷ കൊണ്ട് നേരിടേണ്ടിയിരുന്നു. പഴയ ഭാഷകൊണ്ട് പുതിയ സാഹചര്യത്തെ നേരിടാന്‍ പറ്റില്ലായിരുന്നു.

അങ്ങനെയാണ് ഇന്ത്യയിലെ ആധുനികത മുഴുവന്‍ ഉണ്ടാകുന്നത്. കേരളത്തില്‍ ഗോവിന്ദനും കക്കാടും മാധവന്‍ അയ്യപ്പത്തും പാലൂരും ആര്‍ രാമചന്ദ്രന്‍ മാഷും അയ്യപ്പപണിക്കരും ഒക്കെ അടങ്ങുന്ന തലമുറയാണ് ആ ഒരു സമയത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. പലരീതിയിലാണ് അത് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വളരെ കുറച്ച് വാക്കുകളില്‍ വലിയ ധ്വനിയുണ്ടാക്കുന്ന ഒരു എഴുത്തായിരുന്നു ആറ്റൂര്‍ നടത്തിയത്.

മാത്രമല്ല, ഭൂതകാലത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണമായിട്ടുള്ള വിച്ഛേദമാണ് ആധുനികത എന്ന് പൊതുവെ ഒരു തെറ്റിദ്ധാരണ ഉണ്ട്. അല്ലെങ്കില്‍ പഴയതിന് മുഴുവന്‍ നിരാകരിക്കുക എന്നിട്ട് പുത്തനായിട്ടുള്ള കാര്യമാണ് ശരിയെന്ന് സ്ഥാപിക്കുക ഇങ്ങനെയൊക്കെയാണ് ആധുനികത പ്രവര്‍ത്തിക്കേണ്ടത് എന്നൊക്കെയുള്ള ഒരു തെറ്റിദ്ധാരണ ഉണ്ട്.

മേഘരൂപന്‍ എന്ന കവിതയാണ് പി. കുഞ്ഞിരാമന്‍നായരക്കുറിച്ചുള്ള ഏറ്റവും നല്ല കവിത. അതില്‍ കുഞ്ഞിരാമന്‍നായര്‍ എന്ന് പറഞ്ഞുള്ള ഒരു വാക്കില്ല. ജീവചരിത്രം സ്മരിക്കുന്നില്ല. പക്ഷെ കുഞ്ഞിരാമന്‍ നായര്‍ കവിത മുഴുവന്‍ അതില്‍ ആറ്റിക്കുറുക്കിവെച്ചിട്ടുണ്ട്. ‘എനിക്ക് കൊതി നിന്‍വാലിന്‍ രോമം കൊണ്ടൊരു മോതിരം’ എന്ന് പറഞ്ഞിട്ടാണ് അത് അവസാനിക്കുന്നത്.

ആ അര്‍ത്ഥത്തില്‍ ഒരു വിച്ഛേദമായിരുന്നില്ല ആധുനികത എന്ന് പറയുന്നത്. മറിച്ച് അത് ഭൂതകാലത്തെ പുനര്‍നിര്‍വചിക്കുകയായിരുന്നു. എല്ലാവരും കണ്ടപോലെയല്ല ഭൂതകാലത്തെ കാണുന്നത്, പുതിയ രീതിയിലാണ് കാണുന്നത്. അങ്ങനെ കാണാനുള്ള ശ്രമമായിരുന്നു ആറ്റൂരിന്റേത്. അത് തുടക്കത്തില്‍ തന്നെ ആറ്റൂരിലുണ്ട്.

പലരും സ്മരിക്കാത്ത കാര്യമെന്താണെന്ന് വെച്ചാല്‍ ആറ്റൂര്‍ അക്കാലത്ത് കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ഇതിന്റെ പേരില്‍ രണ്ട് കോളേജില്‍ നിന്ന് ആറ്റൂരിനെ പുറത്താക്കിയിരുന്നു. ആറ്റൂരിന് അങ്ങനെയൊരു നല്ല സ്റ്റുഡന്റ് പൊളിറ്റിക്‌സ് ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നത് ഞാന്‍ കൊല്ലാനും ചാവാനും തയ്യാറായിരുന്നു. പക്ഷെ അതിനുള്ള അവസരം ഇല്ലായിരുന്നു എന്നായിരുന്നു. ആ തരത്തില്‍ അത്രയും ഡെഡിക്കേറ്റഡ് ആയിട്ടുള്ള കമ്മ്യൂണിസ്റ്റുകാരനായിരുന്നു ആറ്റൂര്‍.

മദ്രാസില്‍ പോയി പഠിക്കുമ്പോഴാണ് എം. ഗോവിന്ദനായിട്ടുള്ള പരിചയപ്പെടുന്നത്. അതോടെ പുതിയ ലോകത്തിന്റെ ആശയങ്ങള്‍ പരിചയപ്പെടുമ്പോള്‍ ഒന്നുകൂടി ആറ്റൂരിന്റെ കവിത മാറുന്നുണ്ട്. പക്ഷെ ഈ മാറ്റത്തോടൊപ്പം തന്നെയും അത് വൈദേശികമായിട്ടുള്ള ആശയത്തിന്റെ കടംകൊള്ളലായിരുന്നില്ല. മറിച്ച് ആറ്റൂര്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത് മലയാളത്തിന്റെ ആധുനികത കൊണ്ടുവരാനാണ്.

ലോകസാഹിത്യവുമായി ബന്ധപ്പെടാന്‍ ഗോവിന്ദനുമായുള്ള പരിചയം വഴി സാധ്യമാകുന്നു. ഗോവിന്ദന്റെ പരിചയവലയം മലയാളത്തില്‍ മാത്രമായിരുന്നില്ല. ദക്ഷിണേന്ത്യയിലെ മുഴുവന്‍ എഴുത്തുകാരും സിനിമയിലെ പുതിയ ആളുകള്‍, ചിത്രകലയിലെ പുതിയ ആളുകള്‍ ഇവരൊക്കെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന സൗഹൃദവലയമായിരുന്നു ഗോവിന്ദനുണ്ടായിരുന്നത്.

അതുവരെ മലയാളത്തില്‍ ഗദ്യസാഹിത്യകാരന് കവിത എന്താണെന്ന് അറിഞ്ഞുകൂട. അല്ലെങ്കില്‍ ഇവര്‍ക്ക് ചിത്രകലയെന്താണെന്ന് അറിഞ്ഞുകൂട. അങ്ങനെയാരു രീതിയായിരുന്നു ആധുനികതയ്ക്ക് തൊട്ടുമുന്‍പുണ്ടായിരുന്നത്.

ആറ്റൂര്‍, ഗോവിന്ദന്റെ പരിചയവലയത്തില്‍പ്പെടുന്നതോടെ ഇതൊക്കെ മാറുകയാണ്. ആ സമയത്ത് തന്നെ രാഷ്ട്രീയ ആധുനികത എന്ന് പറയുന്ന ഒരു സംഗതി വരുന്നുണ്ട്. ആറ്റൂരിനെ ഏറ്റവും നന്നായി മനസിലാക്കേണ്ട ഇടം അതാണെന്ന് തോന്നുന്നു.

സാധാരണ എഴുത്തുകാരന്‍ ഒരു ശൈലി രൂപപ്പെട്ടുകഴിഞ്ഞാല്‍ അവിടെ സംതൃപ്തനാകാനാണ് ശ്രമിക്കുക. അതില്‍ നിന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കില്ല. അത് ഒരുതരത്തില്‍ വലിയ ശാപമാണ്. നമ്മള്‍ ഒന്നോ രണ്ടോ വലിയ വര്‍ക്ക് ചെയ്യും. പിന്നെ വരുന്നത് അതിന്റെ ആവര്‍ത്തനമായിരിക്കും.

സ്വയമാവര്‍ത്തനത്തില്‍ കുടുങ്ങിപ്പോകുന്ന ഒരു ഭാവുകത്വം മലയാളത്തില്‍ ഉണ്ടായിരുന്നു. ആറ്റൂരിന് അത് ഒട്ടും ഉണ്ടായിരുന്നില്ല. ഏറ്റവും പുതിയ തലമുറക്കൊപ്പം സഞ്ചരിക്കാന്‍ ആറ്റൂര്‍ ശ്രമിച്ചിരുന്നു.

ക്യാന്‍സര്‍, പിറവി, സംക്രമണം എന്നിവ പോലെയുള്ള കവിതകള്‍ ആ സമയത്താണ് ഉണ്ടാകുന്നത്. സംക്രമണം കവിതയില്‍ നമ്മള്‍ കൊണ്ടുനടക്കുന്ന ശവത്തിനെക്കുറിച്ചാണ് എഴുതുന്നത്. ഈ ശവം സ്ത്രീയാണ്.

ആ സമയത്തുണ്ടാകുന്നത് ആണ്‍ കവിതകളാണ്. ആണുങ്ങളുടെ രാഷ്ട്രീയമാണ്, സംസ്‌കാരമാണ് എന്നുള്ള വ്യവഹാരമാണ് പൊതുവെ ഉണ്ടാകുന്നത്. ആ സമയത്ത് ഒരു സ്ത്രീ പ്രമേയം വരുന്നത് ഇപ്പോള്‍ നോക്കുമ്പോള്‍ പ്രധാനപ്പെട്ട കാര്യമാണ്.

മൂന്നാമത്തെ ഘട്ടം എന്ന് പറയുന്നത് 90 കളില്‍ നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍ പോലുള്ള കവിത വരുന്ന കാലമാണ്. എന്‍.ആര്‍.ഐ എന്ന് വരുന്ന സങ്കല്‍പ്പം ആദ്യമായി നമ്മുടെ ഭാഷയില്‍ വരികയാണ്. ഇതിനെയാണ് മലയാളീകരിച്ച് ആറ്റൂര്‍ നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍ എന്ന് പറയുന്നത്.

അവസാനകാലത്ത് കമ്പരാമായണം തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഭാഷയെ എങ്ങനെ വികസിപ്പിക്കാം, കവിതയിലൂടെ ഭാഷയ്ക്ക് എത്രത്തോളം ശക്തികൊടുക്കാം എന്നുള്ളതായിരുന്നു എക്കാലത്തും ആറ്റൂരിന്റെ വലിയ പ്രമേയം എന്നുള്ളത്.

പി.എന്‍. ഗോപീകൃഷ്ണന്‍

We use cookies to give you the best possible experience. Learn more