| Sunday, 12th January 2020, 1:36 pm

ചര്‍ച്ചയ്ക്കില്ല, അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം നിരസിച്ച് അസം സ്റ്റുഡന്റ്‌സ് യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കില്ലെന്ന് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ [എ.എ.എസ്.യു]. പൗരത്വ ഭേദഗതി നിയമം അസമിലെ ജനതയെ ബാധിക്കാതിരിക്കാതിരിക്കാനുള്ള വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് അമിത് ഷാ നടത്തുന്നത്. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച പ്രത്യേക കമ്മിറ്റിയുമായിട്ടാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

പൗരത്വ ഭേദഗതി നിയമം നടപ്പായാലും അസമിന്റെ താല്‍പര്യങ്ങള്‍ 6ാം ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെടുമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന വാദം. പക്ഷെ 6ാം ഉടമ്പടിയും സി.എ.എയും തമ്മില്‍ യാതൊരു ബന്ധമില്ലെന്ന് ആസു അടക്കമുള്ള സംഘടനകള്‍ പ്രസ്താവിച്ചു കഴിഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞായറാഴ്ചത്തെ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ പങ്കെടുക്കുന്നില്ല. അസമിലെ 6ാം ഉടമ്പടിയും സി.എ.എയും തമ്മില്‍ ബന്ധപ്പെടുത്താനാവില്ലെന്ന് കേന്ദ്രം മനസ്സിലാക്കണം.

അസം  ഉടമ്പടി പ്രകാരം 1971 വരെയുള്ള വിദേശികളെ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് മാത്രം അവകാശം നല്‍കുന്നതാണ് 6ാം ഉടമ്പടി. പക്ഷെ അതൊരിക്കലും 2014 ഡിസംബര്‍ വരെ ബംഗ്ലാദേശില്‍ നിന്നും വന്ന ഹിന്ദുമതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്നു പറയുന്ന സി.എ.എയുമായി ബന്ധപ്പെടുത്താനാവില്ല,’ ആസു മുഖ്യ ഉപദേഷ്ഠാവ് സമുജ്ജല്‍ ഭട്ടാചാര്യ പറഞ്ഞു.

അതേ സമയം കമ്മിറ്റിയിലെ 4 പേര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ബിപ്ലവ് കുമാര്‍ ശര്‍മ മാധ്യമങ്ങളെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് അസം ഗോത്ര വിഭാഗത്തെ സംരക്ഷിക്കാനുള്ള നയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അസമിലെ 14 അംഗ കമ്മിറ്റിയെയാണ് ആഭ്യന്തര മന്ത്രാലയം നിര്‍ണയിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിസ് ബിപ്ലവ് കുമാര്‍ ശര്‍മയാണ് കമ്മിറ്റി നയിക്കുന്നത്. ജനുവരി 12 ന് ദല്‍ഹിയില്‍ വെച്ചാണ് കൂടിക്കാഴ്ച.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ജനുവരി 10 വെള്ളിയാഴ്ച മുതല്‍ നടപ്പില്‍ വരുത്തണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് വന്നതിനു പിന്നാലെയാണ് കൂടിക്കാഴ്ച. അതേ സമയം അസമിലുള്‍പ്പെടെ നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള മറ്റു നടപടികളോ വ്യവസ്ഥകളോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും രൂപീകരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more