| Wednesday, 24th November 2021, 2:53 pm

അംബിയും അന്ന്യനും റെമോയും ബോളിവുഡിലേക്ക്; പ്രമുഖ ഹിന്ദി താരത്തിനൊപ്പം ജാക്കി ചാനും; സ്ഥിരീകരിച്ച് നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോളിവുഡിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ശങ്കര്‍-വിക്രം കൂട്ടുകെട്ടില്‍ 2005ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അന്ന്യന്‍. വിക്രമിന്റെ കരിയറിലെ മാഗ്നം ഓപസ്സായ ചിത്രം ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് നേടിക്കൊടുത്തത്.

ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളും തീ പാറുന്ന ഡയലോഗുകളും എന്നും ആരാധകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ്. നിഷ്‌കളങ്കനായ അംബിയേയും ചോക്ലേറ്റ് റോമിയോ റെമോയേയും ഗ്രിം റീപ്പറിനോട് കിടപിടിക്കുന്ന അന്ന്യനേയും തികഞ്ഞ കൈയടക്കത്തോടെയാണ് വിക്രം ചെയ്ത് ഫലിപ്പിച്ചിരിക്കുന്നതും.

ചിത്രത്തിന്റെ റീമേക്കുകളെ കുറിച്ചുള്ള പല വാര്‍ത്തകളും നിരന്തരമായി പുറത്ത് വരാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്തയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ആസ്‌കര്‍ രവിചന്ദ്രന്‍ അന്ന്യന്‍ ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ പോകുന്നു എന്നത്.

ഹിന്ദിയിലെ പ്രമുഖ താരത്തിനൊപ്പം ആക്ഷന്‍ കിംഗ് മാസ്റ്റര്‍ ജാക്കി ചാനും ചിത്രത്തില്‍ അഭിനയിക്കും എന്നാണ് ആസ്‌കര്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഏപ്രിലില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ജാക്കി ചാന്റെ നിരവധി സിനിമകളുടെ ഡിസ്ട്രിബ്യൂട്ടറായിരുന്ന ആസ്‌കര്‍ ഇത്തവണ ജാക്കി ചാനെയും തന്റെ സിനിമയുടെ ഭാഗമാക്കാനുള്ള നീക്കത്തിലാണ്.

‘ജാക്കി ചാനുമായി എനിക്ക് ഒരുപാട് നാളായുള്ള പരിചയമാണ്. അദ്ദേഹം ഒരിക്കല്‍ എന്റെ സിനിമയുടെ മ്യൂസിക് റിലീസിന് എത്തിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്,’ ആസ്‌കര്‍ പറഞ്ഞു.

അതേസമയം, സിനിമയുടെ സംവിധായകനായ ശങ്കര്‍ രണ്‍വീര്‍ സിംഗിനെ നായകനാക്കി അന്ന്യന്റെ റീമേക്ക് ഒരുക്കുന്നതിനെതിരെ ആസ്‌കര്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സിനിമയുടെ എല്ലാ വിധത്തിലുള്ള കോപ്പിറൈറ്റ് അവകാശങ്ങളും തനിക്കാണെന്നും, താന്‍ സ്വയം അന്ന്യന്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയുമാണെന്നും ആസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴിലെ കള്‍ട്ട് ക്ലാസിക് സിനിമകളിലൊന്നായ അന്ന്യനില്‍ വിക്രമിനൊപ്പം സന്താനം, പ്രകാശ് രാജ്, നെടുമുടി വേണു, സദ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും വിക്രമിനെ തേടിയെത്തി.

ആഴ്ന്നിറങ്ങുന്ന ബി.ജി.എമ്മുകളും പാട്ടുകളുമായി ഹാരിസ് ജയരാജ് എന്ന സംഗീത സംവിധായകന്റെ ഉദയത്തിനുകൂടിയായിരുന്നു അന്ന്യന്‍ സാക്ഷ്യം വഹിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Aaskar Ravichandran plans to remake Annyian to Hindi, starring popular Bollywood actor and Jackie Chan

We use cookies to give you the best possible experience. Learn more