ഇന്ത്യൻ ടീം അവനോട് അങ്ങനെ ചെയ്തപ്പോൾ എനിക്ക് ആശ്ചര്യം തോന്നി: നെഹ്റ
Cricket
ഇന്ത്യൻ ടീം അവനോട് അങ്ങനെ ചെയ്തപ്പോൾ എനിക്ക് ആശ്ചര്യം തോന്നി: നെഹ്റ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 4:52 pm

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ക്യാപ്റ്റനായി നിയമിച്ചത്. രോഹിത്തിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് വന്‍തോതില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചത്.

ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. സ്‌പോര്‍ട്‌സ്‌ ടോക്കിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ ക്രിക്കറ്റിന്റെ കാര്യം വരുമ്പോള്‍ ഇതൊക്കെ സംഭവിക്കുന്നതില്‍ അതിശയിക്കാനില്ല. ഹര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നു എന്നതാണ് എന്നെ അല്പം ആശ്ചര്യപ്പെടുത്തുന്നത്. ഇപ്പോള്‍ ഇന്ത്യ പുതിയൊരു കോച്ചിന്റെ കീഴിലാണ് കളിക്കുന്നത്. ഓരോ പരിശീലകര്‍ക്കും വ്യത്യസ്തമായ ചിന്തകളും രീതികളുമാണ് ഉള്ളത്,’ ആശിഷ് നെഹ്റ പറഞ്ഞു.

ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി നല്‍കാത്തതിനെക്കുറിച്ച് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യക്ക് ഫിറ്റ്‌നസ് ഇല്ലാത്തത് കൊണ്ടാണ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാതിരുന്നതെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. ശ്രീലങ്കക്കെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ആയിരുന്നു അഗാര്‍ക്കര്‍ ഇക്കാര്യം പറഞ്ഞത്.

2024 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നു ഹര്‍ദിക്. 144 റണ്‍സും 11 വിക്കറ്റുകളും ആണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ലോകകപ്പില്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐ.സി.സി റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഹര്‍ദിക് വിശ്രമം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  ജൂലൈ 27, 28, 30 തീയതികളിലാണ് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും.

 

Content Highlight: Aashish Nehra Talks About Hardik Pandya