| Thursday, 19th December 2024, 5:36 pm

അമല്‍ നീരദിന്റെ സ്റ്റൈലിഷ് തട്ടകത്തില്‍ കയറി ആഷിഖ് അബുവിന്റെ ഞെരിപൊരി പടം, റൈഫിള്‍ ക്ലബ്ബിന് എങ്ങും പോസിറ്റീവ് റെസ്‌പോണ്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്മസ് റിലീസുകളിലെ ആദ്യചിത്രമായി എത്തിയിരിക്കുകയാണ് റൈഫിള്‍ ക്ലബ്ബ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വിജയരാഘവന്‍, വാണി വിശ്വനാഥ് തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുണ്ട്. വലിയ പ്രൊമോഷുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോ കഴിഞ്ഞതുമുതല്‍ ഗംഭീര പ്രതികരണങ്ങള്‍ നേടിയിരിക്കുകയാണ്.

എടുത്തുപറയാന്‍ വലിയ ഹിറ്റുകള്‍ അടുത്തകാലത്തൊന്നും ഇല്ലാതിരുന്ന ആഷിക് അബുവിന്റെ ഗംഭീരതിരിച്ചുവരവാണ് റൈഫിള്‍ ക്ലബ്ബെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി ആക്ഷന്‍ ഴോണറിലാണ് ആഷിക് അബു റൈഫിള്‍ ക്ലബ്ബ് എടുത്തിരിക്കുന്നത്. കളര്‍ ഗ്രേഡിങ്ങും മേക്കിങ്ങുമെല്ലാം അമല്‍ നീരദിന്റെ സ്റ്റൈലിലാണെങ്കിലും ഓരോ സീനിലും ആഷിക് അബു എന്ന സംവിധായകന്റെ കയ്യൊപ്പ് കാണാന്‍ സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

റോം-കോം, സര്‍വൈവല്‍ ത്രില്ലര്‍, ഹൊറര്‍, ഫാന്റസി, മിസ്റ്ററി ഴോണറുകളില്‍ മികച്ച ചിത്രങ്ങള്‍ പിറന്ന മോളിവുഡില്‍ നിന്ന് പുറത്തുവന്ന പക്കാ ആക്ഷന്‍ വയലന്‍സ് സിനിമയെന്ന് റൈഫിള്‍ ക്ലബ്ബിനെ പറയുന്നവരുമുണ്ട്. വളരെ സിമ്പിളായിട്ടുള്ള കഥയാണെങ്കിലും മികച്ച മേക്കിങ്ങില്‍ ചിത്രം ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്നുവെന്നാണ് മിക്ക റിവ്യൂവിലും പറയുന്നത്.

സ്റ്റൈലിഷ് ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ആഷിക് അബു പണ്ടേ തെളിയിച്ചതാണ്. ആദ്യചിത്രമായ ഡാഡി കൂളിലും പിന്നീട് ഗ്യാങ്സ്റ്ററിലും അയാളിലെ സ്റ്റൈലിഷ് മേക്കറെ കാണാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനെ പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചത് റൈഫിള്‍ ക്ലബ്ബിലാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

വലിയൊരു താരനിര അണിനിരന്ന ചിത്രത്തില്‍ ഓരോ കഥാപാത്രത്തിനും തുല്യമായ സ്‌പെയ്‌സ് നല്‍കി എല്ലാവരെയും മനസില്‍ തങ്ങിനിര്‍ത്തുന്ന തരത്തില്‍ അണിയിച്ചൊരുക്കാന്‍ ആഷിക് അബുവിന് കഴിഞ്ഞെന്നും പലരും പറയുന്നുണ്ട്. സംവിധാനം നിര്‍മാണം എന്നതിന് പുറമെ ഛായാഗ്രഹണത്തിലും ആഷിക് അബു തിളങ്ങിയിട്ടുണ്ട്. ഛായാഗ്രഹകനായിട്ടുള്ള അരങ്ങേറ്റം മോശമായിട്ടില്ലെന്നാണ് ഓരോ റിവ്യൂകളും സൂചിപ്പിക്കുന്നത്.

ആഷിക് അബുവിനൊപ്പം എല്ലാവരും ആഘോഷിക്കുന്ന മറ്റൊരു പേരാണ് റെക്‌സ് വിജയന്റേത്. വലിയൊരു ഇടവേളക്ക് ശേഷം റെക്‌സിന്റെ മാരകതിരിച്ചുവരവായിട്ടാണ് റൈഫിള്‍ ക്ലബ്ബ് മാറിയത്. ബാക്ക്ഗ്രൗണ്ട് സ്‌കോറുകളെല്ലാം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് റിലീസുകള്‍ക്കിടയില്‍ തിയേറ്ററില്‍ ആഘോഷിച്ച് കാണാന്‍ സാധിക്കുന്ന സിനിമ തന്നെയാണ് റൈഫിള്‍ ക്ലബ്ബ്.

Content Highlight: Aashiq Abu’s Rifle Club getting positive reviews

We use cookies to give you the best possible experience. Learn more