| Friday, 20th December 2024, 5:55 pm

ഇത് മലയാളസിനിമയുടെ മാറ്റത്തിന് വഴിവെച്ചവന്റെ തിരിച്ചുവരവ്

അമര്‍നാഥ് എം.

മലയാളസിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള സംവിധായകരുടെ പേര് പറയുമ്പോള്‍ പലരും വിട്ടുപോകാറുള്ള ഒരാളാണ് ആഷിക് അബു. അമല്‍ നീരദ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, സമീര്‍ താഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയ സംവിധായകരെല്ലാം ഇന്ന് ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ആഷിക് അബുവാണ്. അയാളിലൂടെയാണ് മലയാളസിനിമ ഇന്ന് ഈ കാണുന്ന രീതിയില്‍ മാറിയത്.

കമലിന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ച ആഷിക് അബു മമ്മൂട്ടിയെ നായകനായ ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളിലൂടെ സാമ്പ്രദായിക മലയാളസിനിമയുടെ രീതികളെ അയാള്‍ പൊളിച്ചെഴുതി. 22 ഫീമെയില്‍ കോട്ടയത്തിന് ഒരാള്‍ നല്‍കിയ നെഗറ്റീവ് റിവ്യൂ സിനിമയുടെ പോസ്റ്ററില്‍ നല്‍കി വീണ്ടും എല്ലാവരെയും ഞെട്ടിച്ചു.

സൗഹൃദത്തിന്റെ കഥ പറഞ്ഞ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തെ പലരും തെറ്റായി വ്യാഖ്യാനിച്ചു. പിന്നീടങ്ങോട്ട് ആഷിക് അബുവിന്റെ സിനിമകളെ പലരും നിശിതമായി വിമര്‍ശിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മികച്ച ചിത്രമായിരുന്നിട്ടുകൂടി മായാനദി എന്ന ചിത്രത്തിന് വേണ്ടത്ര വിജയം നേടാന്‍ സാധിക്കാതെ പോയിരുന്നു.

ആഷികിന് ശേഷം സിനിമയിലെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ടും ദിലീഷ് പോത്തനുമെല്ലാം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ആഷിക് അബുവിന്റെ പേര് എവിടെയും ഉയര്‍ന്നുകേള്‍ക്കാതെയായി. സോഷ്യല്‍ മീഡിയയിലെ വലതുപക്ഷ അനുഭാവമുള്ള പേജുകള്‍ ‘മലയാളസിനിമയിലെ മട്ടാഞ്ചേരി ഗ്യാങ്ങിന്റെ തലവന്‍’ എന്ന വിശേഷണം ആഷിക് അബുവിന് ചാര്‍ത്തിക്കൊടുത്തു.

തന്റെ സമകാലീനരായ അമല്‍ നീരദും അന്‍വര്‍ റഷീദും ആഘോഷിക്കപ്പെട്ടപ്പോള്‍ ആഷിക്കിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോയി. അയാളുടെ രാഷ്ട്രീയത്തെ വരെ പലരും കീറിമുറിച്ച് വിമര്‍ശിച്ചു. എല്ലാറ്റിനും മറുപടിയാണ് ആഷിക് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ റൈഫിള്‍ ക്ലബ്ബ്. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ സിനിമയില്‍ തനിക്ക് കിട്ടിയ സ്‌പേസുകളുടെ ക്രെഡിറ്റ് ആഷിക് അബുവിനുള്ളതാണെന്ന ദിലീഷ് പോത്തന്റെ വാക്കുകളും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

സംവിധാനം, നിര്‍മാണം എന്നിവയോടൊപ്പം ഛായാഗ്രഹണത്തിലും ആഷിക് അബു തന്റെ സാന്നിധ്യമറിയിച്ച ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. കണ്ടുപഴകിയ കഥയെ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കിങ് കൊണ്ട് ആദ്യാവസാനം മികച്ചതാക്കാന്‍ ആഷിക് അബുവിന് സാധിച്ചു എന്നതാണ് ചിത്രത്തിന്റെ വിജയം.

ഒരുപാട് കഥാപാത്രങ്ങള്‍ വന്നുപോകുന്ന സിനിമയില്‍ എല്ലാവര്‍ക്കും പെര്‍ഫോം ചെയ്യാന്‍ ഈക്വല്‍ സ്‌പെയ്‌സ് കൊടുത്ത സംവിധായകന്റെ മികവ് റൈഫിള്‍ ക്ലബ്ബില്‍ ഉടനീളം കാണാന്‍ സാധിക്കും. സ്‌ക്രീനില്‍ കാണിക്കുന്ന ഒരാള്‍ പോലും അനാവശ്യമായി തോന്നാത്തത് ചിത്രത്തിന്റെ മികവ് കൂട്ടുന്ന കാര്യമാണ്. ഒട്ടും ഫോഴ്‌സ്ഡ് അല്ലാതെ സ്ത്രീ കഥാപാത്രങ്ങളുടെ മാസ് സീനുകള്‍ ചിത്രീകരിക്കുക എന്നത് നിസാരകാര്യമല്ല. ആഷിക് അബുവെന്ന സംവിധായകന്‍ അവിടെയും വിജയിച്ചിട്ടുണ്ട്.

സിനിമ കണ്ടിറങ്ങുന്നവരോട് ആരാണ് നായകന്‍ എന്ന് ചോദിച്ചാല്‍ സംശയമേതുമില്ലാതെ പറയാന്‍ കഴിയുന്ന പേര് ആഷിക് അബു എന്ന് തന്നെയാണ്. ക്യാമറക്ക് മുന്നിലേക്ക് വരാതെ പിന്നില്‍ നിന്നുകൊണ്ട് എല്ലാ കാര്യവും കൃത്യമായി യോജിപ്പിച്ച് റൈഫിള്‍ ക്ലബ്ബിനെ ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സാക്കി മാറ്റിയത് ആഷിക് അബു എന്ന ക്രാഫ്റ്റ്‌സ്മാന്റെ കഴിവ് തന്നെയാണ്. മലയാളസിനിമയില്‍ മാറ്റത്തിന് വഴിവെച്ചവന്റെ ഗംഭീര തിരിച്ചുവരവാണ് റൈഫിള്‍ ക്ലബ്ബിന്റെ വിജയം കാണിച്ചുതരുന്നത്.

Content Highlight: Aashiq Abu’s comeback through Rifle Club after box office failures

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more