കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാക്കള്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് സംവിധായകന്‍ ആഷിഖ് അബു.
വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ലെന്നും കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റുതിരുത്തുക പഠിക്കുക പോരാടുകയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അഭിമന്യുവിന്റെ ചിത്രത്തോടൊപ്പമായിരുന്നു ആഷിഖിന്റെ പ്രതികരണം.
അതേസമയം കഴിഞ്ഞ കോളേജില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റത്.
എസ്.എഫ്.ഐ യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു. പൊലീസുകാരെ റോഡിലിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് നസീം.
കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ ഇന്നലെ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു.
DoolNews Video