കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് സംവിധായകന്‍ ആഷിഖ് അബുവിന്റെ മറുപടി. ചാണകത്തില്‍ ചവിട്ടില്ലെന്ന അടിക്കുറിപ്പോടെ അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കലാണ് അറിവ് എന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ആഷിഖിന്റെ മറുപടി.
ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ തുടങ്ങിയവരാണ് പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.
കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ടെന്നും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.
നേരത്തെ ബി.ജെ.പി നേതാക്കളുടെ ഭീഷണിയ്‌ക്കെതിരെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലും രംഗത്തെത്തിയിരുന്നു. ഞങ്ങളുടെയൊക്കെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.
സിനിമാക്കാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ദേശസ്നേഹം കാപട്യമാണെന്നും അവര്‍ക്ക് ഈ നാടിനോടുള്ള കൂറ് എന്ന് പറയുന്നത് വെറും അഭിനയം മാത്രമാണെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.
”നിങ്ങള്‍ സിനിമയിലൊക്കെ അഭിനയിക്കും. ഇപ്പോള്‍ കുറേ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളത്ത് പ്രകടനം നടത്തിയ വലിയ വലിയ സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും ഒക്കെയുണ്ട്. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ ഈ നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം മൂലം നാട്ടിലുണ്ടാക്കുന്ന ദുരിതവും ദുരന്തവും മനസിലാക്കുന്നില്ലേ? അതുകൊണ്ട് വസ്തുനിഷ്ഠാപരമായ സമീപനമാണ് ആവശ്യം. ‘- എന്നായിരുന്നു കുമ്മനം പറഞ്ഞത്.
എന്നാല്‍ കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കമല്‍ നടത്തിയത്. ബി.ജെ.പി നേതാവാണെന്ന് പറഞ്ഞ് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നാണ് കുമ്മനത്തോട് പറയാനുള്ളതെന്ന് കമല്‍ വിശദീകരിച്ചു.
”ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണെന്റെ സാറേ. സിനിമാക്കാര്‍ വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വന്നവരാണോ? കുമ്മനം രാജശേഖരന്‍ അത് മനസിലാക്കണം. ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരും തെരുവിലിറങ്ങുകയും ചെയ്യുമ്പോള്‍ സിനിമാക്കാര്‍ എന്ന രീതിയില്‍ ഞങ്ങളെ വേറൊരു രാജ്യത്തെ ആള്‍ക്കാരായി കണക്കാക്കുന്നത് ശരിയല്ല.
കുറേനാളായി പാക്കിസ്ഥാനിലേക്ക് പോ ചന്ദ്രനിലേക്ക് പോ എന്നൊക്കെ പറഞ്ഞ് ഇവര്‍ തുടങ്ങിയിട്ട്. ഇതൊക്കെ കുമ്മനം രാജശേഖരന്‍ അയാളുടെ വേറെ ഏതെങ്കിലും വേദിയില്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ അടുത്ത് പറയണ്ട. കലാകാരന്‍മാരുടെ അടുത്ത് കളിക്കണ്ട. അതാണ് പറയാനുള്ളത്.
സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്സ് കമ്മീഷണറോ അല്ലല്ലോയെന്നും ഞങ്ങള്‍ ഇന്‍കം ടാക്സ് അടക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമല്ല തീരുമാനിക്കുന്നതെന്നുമായിരുന്നു കമലിന്റെ മറുപടി. ഇത്തരം രീതിയിലുള്ള ഭീഷണികളാണല്ലോ കുറേകാലമായി അവര്‍ നടത്തുന്നത്. ഞങ്ങള്‍ രാജ്യസ്നേഹമില്ലാത്തവരാണ് നികുതി വെട്ടിപ്പിക്കുന്നതാണ് എന്നെല്ലാമാണ് പറയുന്നത്.
ഇന്ത്യ മുഴുവന്‍ പ്രതിഷേധം നടക്കുന്നു. വിദ്യാര്‍ത്ഥികളും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരുംഎല്ലാം പ്രതിഷേധിക്കുന്നു. പിന്നെ കലാകാരന്‍മാരും സിനിമാക്കാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുമ്പോള്‍ മാത്രം ഇവര്‍ക്കെന്താണ് ഇത്രയും കലിപ്പ്.
ഇവര്‍ ഭയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള കലാകാരന്‍മാരേയും എഴുത്തുകാരേയും ബുദ്ധിജീവികളേയും ഒക്കെത്തന്നെയാണ്. അതാണ് സത്യം. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞത്. അതുകൊണ്ടാണ് രാമചന്ദ്ര ഗുഹയെപ്പോലുള്ളവരെ പിടിച്ച് അകത്തിടുന്നത്.
അര്‍ബന്‍ നക്സലൈറ്റ് എന്ന് പറഞ്ഞ് മുദ്രകുത്താന്‍ ഇവര്‍ക്ക് എളുപ്പമാണല്ലോ. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ടെന്ന് മനസിലാക്കിയാല്‍ മതി- കമല്‍ പറഞ്ഞു.
എന്‍ എസ് മാധവന്‍, കമല്‍, രാജീവ് രവി, ഛായാഗ്രാഹകന്‍ വേണു, ആഷിഖ് അബു, ഗീതു മോഹന്‍ദാസ്, റീമ കല്ലിങ്കല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠന്‍, പി.എഫ് മാത്യൂസ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം, മണികണ്ഠന്‍ ആചാരി, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധത്തിനെതിരെയാണ് ബി.ജെ.പി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.