| Monday, 20th February 2017, 11:28 am

സ്ത്രീവിരുദ്ധ ഡയലോഗുകളും നായകന്റെ അഴിഞ്ഞാട്ടവുമുള്ള സിനിമ ചെയ്യില്ലെന്ന് തീരുമാനിക്കുന്നതായിരിക്കും വലിയ നീതി; താരങ്ങളോടും സംവിധായകരോടും ആഷിഖ് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ സിനിമാ ലോകം അപലപിക്കുകയും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്.

ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിക്കണമെന്നും അങ്ങനെ തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോടും ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതിയെന്നും ആഷിഖ് അബു പറയുന്നു.


Dont Miss തനിക്കെതിരായ ആക്രമണം ക്വട്ടേഷന്‍; തമ്മനത്തെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി 


മോഹന്‍ലാലും മമ്മൂട്ടിയും പ്രഥ്വിരാജും ദിലീപും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നടിക്കെതിരായ ആക്രമണത്തില്‍ ശക്തിമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമകളില്‍ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പറയുകയും സ്ത്രീയെ വെറും രണ്ടാംതരക്കാരിയായി കാണുകയും ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ വലിയ പ്രതികരണവുമായി രംഗത്തെത്തിയത് എന്നുള്ള വലിയ ആക്ഷേപം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

“”ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി “”

സാമൂഹിക ബാധ്യത എന്നൊന്നില്ലാത്ത സിനിമക്കാര്‍ക്ക് ഇങ്ങനെയൊക്കെ തിരിച്ചടി കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും നമ്മുടെ ചുറ്റുമുള്ള ജീര്‍ണ്ണതകളെ കണ്ടില്ലെന്നുനടിച്ച് പെണ്ണുടല്‍ ഭംഗിയെയും ആണിന്റെ ആസുരതയേയും മാത്രം എന്നും പ്രമേയമാക്കിയ സിനിമക്കാര്‍ ഇനിയെങ്കിലും കണ്ണുതുറന്ന് ചുറ്റിനും നോക്കണമെന്നും ആഷിഖ് അബുവിന്റെ പോസ്റ്റിനോട് ചിലര്‍ പ്രതികരിക്കുന്നു.

പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍, കുട്ടികള്‍, ദളീതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ ഇവര്‍ക്കൊക്കെ വേണ്ടി ശബ്ദിക്കണം. ഇല്ലെങ്കില്‍, നിങ്ങള്‍ എന്തിനെയാണോ കാണാതിരിക്കാന്‍ ശ്രമിക്കുന്നത്, ആ യാഥാര്‍ത്ഥ്യങ്ങളൊക്കെ പിന്നീടൊരിക്കല്‍ നിങ്ങളെ തേടിവന്ന് ആക്രമിക്കുമെന്നും ചിലര്‍ പ്രതികരിക്കുന്നത്.

അവസരം കിട്ടിയാല്‍ സ്വന്തം അമ്മയെ വരെ ആക്രമിക്കുന്ന ക്രിമിനാലാണ് നടിക്കെതിരെ ആക്രണം നടത്തിയെന്ന് നേരത്തെ ആഷിഖ് അബു പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more