'സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാവട്ടെ!'; മഹാരാജാസിന്റെ ചെങ്കോട്ട കാത്ത എസ്.എഫ്.ഐയ്ക്ക് അഭിവാദ്യങ്ങളുമായി ആഷിഖ് അബു
Daily News
'സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാവട്ടെ!'; മഹാരാജാസിന്റെ ചെങ്കോട്ട കാത്ത എസ്.എഫ്.ഐയ്ക്ക് അഭിവാദ്യങ്ങളുമായി ആഷിഖ് അബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd August 2017, 9:42 pm

കോഴിക്കോട്: മഹാരാജാസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് സംവിധായകനും മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ആഷിഖ് അബു.

“മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി വനിതകള്‍ നയിക്കുന്ന കോളേജ് യൂണിയന്‍. സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാവട്ടെ!” എന്നായിരുന്നു ആഷിഖിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മൈനര്‍ സീറ്റൊഴികെ മുഴുവനും പിടിച്ചെടുത്താണ് മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐയുടെ തകര്‍പ്പന്‍ വിജയം. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച വനിതകളില്‍ ഏഴില്‍ ആറു വിദ്യാര്‍ത്ഥിനികള്‍ വിജയിച്ചു.


Also Read:  ‘ഞങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണ്; ചെറുപ്പം മുതലേ രാഷ്ട്രീയമറിഞ്ഞാണവള്‍ വളര്‍ന്നത്’; മൃദുലയുടെ ചരിത്ര വിജയത്തില്‍ അച്ഛന്‍ ഗോപിയ്ക്ക് പറയാനുള്ളത്


ഒപ്പം ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് ദളിത് പെണ്‍കുട്ടിയായ മൃദുലയാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരു മൈനര്‍ സീറ്റിലൊഴികെ എല്ലായിടത്തും വിജയം എസ്.എഫ്.ഐയ്ക്കു തന്നെയാണ്.

കെ,എസ്‌യുവിനേയും എ.ബി.വി.പിയേയും നിഷ്പ്രഭരാക്കിയാണ് എസ്.എഫ്.ഐയുടെ വിജയം.
ഇതാദ്യമായാണ് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ഒരു വനിതാ പ്രതിനിധിയെ പാര്‍ട്ടി മുന്നില്‍ നിര്‍ത്തിയത്. അന്നു മുതല്‍ തെരഞ്ഞെടുപ്പ് ക്ൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും നേടി.

വൈസ് ചെയര്‍പേഴ്സണ്‍, സര്‍വകലാശാല യൂണിയന്‍ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ വനിതാ പ്രതിനിധികളും വിജയിച്ചു കയറി.

വൈസ് ചെയര്‍പേഴ്സന്‍ ഷഹാന മന്‍സൂര്‍, യുയുസിയായി ഇര്‍ഫാന,കോളേജ് യൂണിയനിലെ വനിത പ്രതിനിധികളായി സാരംഗി, ശ്രീലേഖ, മൂന്നാം വര്‍ഷ പ്രതിനിധിയായി സുനൈന ഷിനു, രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പ്രതിനിധിയായി വിദ്യ എന്നിവരാണ് വിജയിച്ച മറ്റ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍.