കൊച്ചി: മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് സിനിമാ സംവിധായകനായ ആഷിഖ് അബുവും സിനിമാതാരമായ റിമാ കല്ലിങ്കലും ചേര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കും.
സി.പി.ഐ.എം ഏറണാകുളം ജില്ലാ സെക്രട്ടറി ആയ പി. രാജീവാണ് വിവരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്. സി.പി.ഐ.എം നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്ന വിവരും ഫേസ്ബുക്കിലൂടെ അറിഞ്ഞാണ് ആഷിഖും റിമയും സംഭാവന നല്കാന് സന്നദ്ധത പ്രകടിപ്പിച്ചതെന്നും പി.രാജീവ് പറയുന്നു.
മഹാരാജാസ് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും, എസ്.എഫ്.ഐ പ്രവര്‍ത്തകനുമാണ് സംവിധായകന് ആഷിഖ് അബു.
പി. രാജീവ് തന്റെ പോസ്റ്റില്‍ അഭിമന്യു സഹായ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കാനുള്ള ഉത്തരവാദിത്വം എല്ലാവരും നിര്‍വഹിക്കാനും ആഹ്വാനം നല്‍കുന്നുണ്ട്. ഇതിനായുള്ള ബാങ്ക് അക്കൗണ്ട് നമ്പറും പോസ്റ്റിലുണ്ട്.
കൊല്ലപ്പെട്ട അഭിമന്യു ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയും നിര്‍ധന കുടുംബാംഗവുമാണ്. സംസ്ഥാനമാകെ വ്യാപകമായ പ്രതിഷേധങ്ങളാണ് അഭിമന്യു വധത്തില്‍ ഉയരുന്നത്. കേസില്‍ മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 15 അംഗ സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.