| Friday, 30th August 2019, 7:49 pm

'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്നത് ഈ കാലഘട്ടത്തിലെ നായിക പറയേണ്ടത് തന്നെ; ആഷിഖ് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂജന്‍ സിനിമ എന്നതിന് അപ്പുറം നല്ല സിനിമയും മോശം സിനിമയും എന്ന വേര്‍തിരിവാണ് ഉള്ളതെന്ന് സംവിധായകന്‍ ആഷിഖ് അബു. ചുംബിക്കുന്നത് കണ്ടാല്‍ പ്രശ്‌നമാണ് എന്നാല്‍ 10 പേരെ കൊല്ലുന്നത് കണ്ടാല്‍ പ്രശ്‌നമല്ല. അതാണ് സമൂഹത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കാലഘട്ടത്തിനെയും അടയാളപ്പെടുത്തുന്നതാകും സിനിമ. ഇന്നത്തെ സിനിമയിലെ സീനുകളും ഡയലോഗുകളുമൊക്കെ കാലികമായ മാറ്റത്തോട് കൂടിയുള്ളതാണ്. ഇത് ന്യൂ ജനറേഷന്‍ എന്ന വാക്കിന്റെ പ്രശ്‌നമാണ്. സിനിമ ചെയ്യുന്ന ആളുടെ പ്രായവും വിഷയമാണ്. മുന്‍പും ഇതേ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ള സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ ഇന്നത്തെ സിനിമയില്‍ കാലാന്തരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. മായാനദി പോലെയുള്ള സിനിമകളില്‍ അതാണ് പ്രകടമാണ്. ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗ് ഈ കാലഘട്ടത്തിലെ നായിക പറയേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ ഇന്റര്‍നെറ്റിന്റെ വരവോടെയാണ് ഇന്നത്തെ പോലെയുള്ള ഓഡിറ്റിംഗ് നടക്കുന്നത്. അങ്ങനെയാണ് സ്ത്രീവിരുദ്ധത, ദളിത് വിരുദ്ധത, ഇസ്ലാമോഫോബിയ എന്നീ വാക്കുകളൊക്കെ സിനിമയെ ചേര്‍ത്ത് വരുന്നത്. സിനിമയെടുക്കാന്‍ ആരുടെയും ലൈസന്‍സ് എനിക്ക് വേണ്ട. അത് ആരോടും ഞാന്‍ ചോദിക്കുന്നില്ല.ചുംബിക്കുന്നത് കണ്ടാല്‍ പ്രശ്‌നമാണ്. എന്നാല്‍ 10 പേരെ കൊല്ലുന്നത് കണ്ടാല്‍ പ്രശ്‌നമില്ല. അതാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാടെന്നും ആഷിഖ് അബു പറഞ്ഞു.

സിനിമയുടെ സെന്‍സറിംഗിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡിജിറ്റല്‍ മേഖലയില്‍ വലിയ തരത്തിലുള്ള സെന്‍സറിങ് നടക്കുന്നില്ല. വെബ് സീരീസുകളൊക്കെ മലയാളത്തില്‍ തുടങ്ങി വരുന്നതേ ഉള്ളൂ. സിനിമ പ്രദര്‍ശന ശാലയിലും ഡിജിറ്റല്‍ എന്നത് മൊബൈല്‍ ഫോണ്‍ പോലുള്ള സ്വകാര്യമായ ഇടത്തിലുമാണ്
എത്തിപ്പെടുന്നത്. അതാകും സിനിമയ്ക്ക് ഇത്ര കര്‍ശനമായ സെന്‍സറിങ് ഉള്ളതെന്നും ആഷിഖ് അബു പറഞ്ഞു.

We use cookies to give you the best possible experience. Learn more