ദളിതുകളുടെയും സ്ത്രീകളുടെയും പക്ഷം ചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ആഷിഖ് അബു; 'വൈറസ് ത്രില്ലര്‍ സ്വഭാവമുള്ള ഫിക്ഷന്‍'
Virus Movie
ദളിതുകളുടെയും സ്ത്രീകളുടെയും പക്ഷം ചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ആഷിഖ് അബു; 'വൈറസ് ത്രില്ലര്‍ സ്വഭാവമുള്ള ഫിക്ഷന്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 10:50 pm

രാഷ്ട്രീയമായി പക്ഷം ചേരേണ്ട ഒരു കാലഘട്ടമാണിതെന്ന് സംവിധായകന്‍ ആഷിഖ് അബു. വൈറസ് സിനിമ ഡോക്യുമെന്ററിയല്ലെന്നും ത്രില്ലര്‍ സ്വഭാവമുള്ള ഫിക്ഷന്‍ ആണെന്നും ആഷിഖ് അബു പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് അബുവിന്റെ ഈ വാക്കുകള്‍.

കാലഘട്ടം ആവശ്യപ്പെടുന്നതാണ് എന്റെ സിനിമകള്‍. ദളിതുകളുടേയും സ്ത്രീകളുടേയും പക്ഷം ചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രീയമായി പക്ഷം ചേരേണ്ട ഒരു കാലഘട്ടം കൂടിയാണിത്. ഇന്റര്‍നെറ്റിന്റെ വരവോടെ ആഗോളതലത്തില്‍തന്നെ അത്തരമൊരു പുരോഗമന ചിന്താഗതി വ്യാപിച്ചുവരുന്നുണ്ട്. അതിനിയും ശക്തിപ്രാപിച്ചു കൊണ്ടിരിക്കും. ഞങ്ങളിതൊന്നും പ്രത്യേക അജണ്ടയുടെ ഭാഗമായി സിനിമയുടെ ഭാഗമായി സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതല്ല. സാഹചര്യത്തിനനുസരിച്ച് മാറാന്‍ ശ്രമിക്കുന്നതാണെന്നും ആഷിഖ് അബു പറഞ്ഞു.

വൈറസ് ഉറപ്പായിട്ടും ഡോക്യുമെന്ററി അല്ല. യഥാര്‍ത്ഥ ത്രില്ലര്‍ സ്വഭാവുമുള്ള ഫിക്ഷന്‍ ആണെന്നും ആഷിഖ് അബു അഭിമുഖത്തില്‍ പറഞ്ഞു. രേവതി, പാര്‍വതി തിരുവോത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ചര്‍ച്ചയായിരുന്നു.

രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഒ.പി.എം പ്രൊഡക്ഷന്‍സാണ് നിര്‍മാണം.