| Sunday, 23rd April 2023, 8:18 am

വാരിയംകുന്നന്‍ ഉപേക്ഷിക്കണമെന്നില്ലായിരുന്നു, പണമാണ് പ്രശ്‌നമായത്: ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാരിയംകുന്നന്‍ സിനിമ ഉപേക്ഷിച്ചതിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ഉപേക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ആഷിഖ് പറഞ്ഞു.

വരിയംകുന്നന്‍ ഒരു വലിയ സിനിമയാക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ തനിക്ക് ഏറ്റെടുക്കാന്‍ പറ്റുന്നതിനുമപ്പുറമായിരുന്നു സിനിമയെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് പറഞ്ഞു.

‘ഞാന്‍ ഏറ്റെടുത്ത ആ സിനിമ നടക്കാതിരിക്കുന്നതിന് വേറെ കാരണങ്ങളുണ്ട്. ഞാന്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്ന സിനിമകളുടെ അമ്പത് ശതമാനമേ ഇപ്പോള്‍ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. വാരിയം കുന്നന്‍ ഉപേക്ഷിക്കണമെന്ന് ആഗ്രഹമില്ലാതിരുന്ന സിനിമയായിരുന്നു. പക്ഷേ നിര്‍ത്താനായി നിര്‍ബന്ധിക്കപ്പെട്ടു. വേറെ നിവൃത്തിയില്ല. അത് ആരുടെയും കുറ്റമല്ല.

പണം തന്നെയാണ് പ്രശ്‌നം. ആ സിനിമക്ക് വേണ്ട പണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതല്ലാതെയുള്ള ഒരു സംഭവമുണ്ടായിട്ടില്ല. ഇത് പൂര്‍ണമായും ബിസിനസ് ആസ്‌പെക്ടിലുള്ളതാണ്. അത്തരമൊരു സിനിമ പൃഥ്വിരാജും ഞാനും ഏറ്റെടുക്കുന്ന സമയത്ത് അത്രയും വലിയ സിനിമയാക്കി കാണിക്കണമെന്നായിരുന്നു ആഗ്രഹം. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇതുമായി മുന്നോട്ടുപോകണമെങ്കില്‍ ഏറ്റെടുക്കാന്‍ പറ്റിയ സൈസ് ആയിരിക്കണമല്ലോ. അതായിരുന്നില്ല,’ ആഷിഖ് പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി 2020 ജൂണിലാണ് ആഷിഖ് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വലിയ സൈബര്‍ അറ്റാക്കാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്. 2021ല്‍ ചിത്രത്തില്‍ പിന്മാറുന്നതായും പൃഥ്വിരാജും ആഷിഖ് അബുവും അറിയിച്ചിരുന്നു.

നീലവെളിച്ചമാണ് ഒടുവില്‍ ആഷിഖിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം. വൈക്കം മുഹബദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഏപ്രില്‍ 20 നാണ് തിയേറ്റുകളിലെത്തിയത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: aashiq abu about variyamkunnan movie

We use cookies to give you the best possible experience. Learn more