| Saturday, 22nd April 2023, 10:12 am

സംഘപരിവാര്‍ ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലത് സിനിമ എടുക്കുന്നതാണ്: ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലത് അവര്‍ സിനിമ എടുക്കുന്നതാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അതിനെ ചെറുത്തുതോല്പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കുമെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു പറഞ്ഞു.

‘അങ്ങനത്തെ സിനിമകളോട് മത്സരിക്കാന്‍ ഞങ്ങളും സിനിമകളുണ്ടാക്കും. അവര്‍ സിനിമകളുണ്ടാക്കട്ടെ. ഇവിടെ യുദ്ധമോ ബോംബോ ഉണ്ടാക്കുന്നതിന് പകരം അവര്‍ സിനിമ ഉണ്ടാക്കട്ടെ. അതിനോട് എതിര്‍ത്ത് നില്‍ക്കാവന്‍ പുരോഗമന രാഷ്ട്രീയം ഉള്ള കലാകാരന്മാര്‍ക്ക് പറ്റില്ലേ. എണ്ണത്തില്‍ കൂടുതല്‍ അവരല്ലേ. പോയി വെട്ടിക്കൊല്ലുന്നതിനെക്കാളും നല്ലത് സിനിമ ചെയ്യുന്നതാണ്. അതിനെ എതിര്‍ക്കാന്‍ മറ്റ് സിനിമകളുണ്ടാവും,’ ആഷിഖ് അബു പറഞ്ഞു.

മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണെന്നും ആഷിഖ് അബു പറഞ്ഞു.

കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകള്‍ ഉടലെടുക്കുന്നു. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണ്. അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കുമെന്നും ആഷിഖ് പറഞ്ഞു.

വൈക്കം മുഹബദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ നീലവെളിച്ചമാണ് ഒടുവില്‍ റിലീസ് ചെയ്ത ആഷിഖ് അബു ചിത്രം. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ഏപ്രില്‍ 20 നാണ് ചിത്രം തിയേറ്റുകളിലെത്തുന്നത്.

റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മിച്ചത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Content Highlight: aashiq abu about sanghaparivar movies

Latest Stories

We use cookies to give you the best possible experience. Learn more