തിരുവനന്തപുരം: മഹാപ്രളയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിനിടെ പരിസ്ഥിതി” പാണ്ഡിത്യം പ്രകടിപ്പിച്ച എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ആഷിഖ് അബു.
ക്വാറിയുണ്ടായിട്ടും മഴ പെയ്തല്ലോയെന്ന തോമസ് ചാണ്ടിയുടെ ചോദ്യത്തേയും വനത്തിലെങ്ങനെ ഉരുള്‍പൊട്ടിയെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ വാദത്തേയും പ്രകൃതിയുടെ വിധി തടുക്കാനാവില്ലെന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ പ്രസ്താവനയേയുമാണ് ആഷിഖ് അബു വിമര്‍ശിക്കന്നത്.
പ്രിയ ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങള്‍ വളരെ ” കാലികപ്രസക്തമാണ് “. എന്ന് പറഞ്ഞുകൊണ്ടാണ് ആഷിഖ് അബു ഇവരുടെ പ്രസ്താവനകളെ പരിഹസിക്കുന്നത്.
“”പ്രിയ ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങള്‍ വളരെ ” കാലികപ്രസക്തമാണ് “. നമുക്കൊരു പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്താലോ? അഭ്യര്‍ത്ഥനയാണ്. ചര്‍ച്ച സംഘടിപ്പിക്കുന്ന കാര്യം വ്യക്തിപരമായി ഏറ്റെടുക്കുന്നു. സമ്മതമെങ്കില്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യാനും തയ്യാര്‍!””- എന്നായിരുന്നു ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.
എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ജിയോളജി പ്രൊഫസര്‍മാരാവേണ്ട കാര്യമില്ലെന്നും പക്ഷേ മിനിമം “പാരിസ്ഥിതിക വകതിരിവ് ” ഇല്ലാത്തവരെ ഇനിയും ജയിപ്പിച്ചു വിടരുത് എന്നുമായിരുന്നു ഫേസ്ബുക്കില്‍ എഴുത്തുകാരനും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുമായ
ശ്രീചിത്രന്‍ എം.ജെ കുറിച്ചത്.
മുഖ്യമന്ത്രി ചികിത്സയ്ക്കായി ഈയാഴ്ച അമേരിക്കയിലേക്ക് ; ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല
“”ഭൂമി ഉരുണ്ടിട്ടാണോ പരന്നിട്ടാണോ എന്ന് കേരള നിയമസഭയില്‍ വോട്ടെടുപ്പ് നടത്തിയാല്‍ പോലും ഒരഭിപ്രായത്തിനുള്ള സാദ്ധ്യതയില്‍ ഞാന്‍ സംശയാലുവാണ്. “കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്തത് ” എന്ന പഴയ സീതിഹാജി ചോദ്യത്തിന്റെ അപരഭാഗമാണ് ” വനത്തിലെങ്ങനെ ഉരുള്‍പൊട്ടി” എന്ന ചോദ്യവും. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും കേരള നിയമസഭ അറിവിന്റെ പോയിട്ട് മണ്ടത്തരങ്ങളുടെ നിലവാരത്തില്‍ പോലും പുരോഗമിച്ചിട്ടില്ല. മരപ്പൊട്ടന്‍മാര്‍ക്ക് കയറിയിരിക്കാനുള്ളതല്ല നിയമസഭ എന്ന് ജനങ്ങള്‍ തീരുമാനിക്കാത്തിടത്തോളം നാളെയും പ്രളയമുണ്ടായാലും ഭൂമി കുലുങ്ങിയാലും ഉല്‍ക്കാപതനമുണ്ടായാലും നമ്മളെല്ലാം ചത്താലും ഇവരിത്തരം ചളികള്‍ ജനാധിപത്യത്തിന്റെ പരമപ്രധാനസഭയിലിരുന്ന് അടിച്ചു കൊണ്ടിരിക്കും””-ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മാധവ് ഗാഡ്ഗില്‍ പ്രവചിച്ചതൊക്കെ ശരിയായില്ലേയെന്ന് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ ചോദിച്ചതോടെയാണ് പരിസ്ഥിതിയെപ്പറ്റി “പാണ്ഡിത്യം” പ്രകടിപ്പിച്ച് എം.എല്‍.എമാര്‍ രംഗത്തെത്തിയത്.
“മരമില്ലാത്ത കടലില്‍ മഴപെയ്യുന്നതെങ്ങനെയെന്ന” കുപ്രസിദ്ധമായ ആ പഴയ ചോദ്യത്തിന്റെ മാതൃകയില്‍ കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടി ഇങ്ങനെ ചോദിച്ചു –
ക്വാറികള്‍ ഉണ്ടെങ്കില്‍ മഴയുണ്ടാകില്ലെന്നാണല്ലോ പറഞ്ഞുനടക്കുന്നത്. എന്നിട്ടിപ്പോള്‍ എന്തുണ്ടായി? എന്നായിരുന്നു കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയുടെ ചോദ്യം.
ക്വാറികള്‍ ഇല്ലെങ്കില്‍ നിങ്ങളൊക്കെ റോഡിലൂടെ എങ്ങനെ ഞെളിഞ്ഞ് നടക്കുമെന്ന് മറ്റ് എം.എല്‍.എ.മാരെ നോക്കി അദ്ദേഹം ചോദിക്കുകയും ചെയ്തു. മണല്‍വാരാന്‍ അനുവദിച്ച് വേമ്പനാട് കായലിന്റെ ആഴം കൂട്ടണമെന്ന് പോലും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.
ഗാഡ്ഗിലിനെയും കസ്തൂരി രംഗനെയുമൊക്കെ അപ്രസക്തമാക്കിക്കൊണ്ടുള്ള സന്ദേശമാണ് ഈ പ്രളയം നല്‍കിയതെന്ന് മൂന്നാര്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍ പറഞ്ഞു.
പ്ലംജൂഡി റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയിട്ടും കാര്യമില്ല. പ്രകൃതിയുടെ വിധിയെ ആര്‍ക്കും തടുക്കാനാവില്ല. ഇടുക്കിയില്‍ ഇനിയും നിയമങ്ങളില്‍ ഇളവു വേണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
ജെ.സി.ബി. പോയിട്ട് ഒരു കൈക്കോട്ടുപോലും വയ്ക്കാത്ത നിബിഢവനത്തില്‍ എങ്ങനെ ഉരുള്‍പൊട്ടിയെന്നായിരുന്നു മലയോരത്ത് വിവാദ വാട്ടര്‍ തീം പാര്‍ക്ക് നടത്തുന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ചോദ്യം.