വാരിയംകുന്നിന്റെ സിനിമയിറങ്ങിയാല്‍ വേദനിക്കേണ്ടത് ബ്രിട്ടീഷുകാര്‍ക്കാണ്; സൈബര്‍ ആക്രമണം ഒരു തരത്തിലും ബാധിക്കില്ലെന്ന് ആഷിഖ് അബു
Malayalam Cinema
വാരിയംകുന്നിന്റെ സിനിമയിറങ്ങിയാല്‍ വേദനിക്കേണ്ടത് ബ്രിട്ടീഷുകാര്‍ക്കാണ്; സൈബര്‍ ആക്രമണം ഒരു തരത്തിലും ബാധിക്കില്ലെന്ന് ആഷിഖ് അബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd June 2020, 2:30 pm

കൊച്ചി: സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം പ്രതീക്ഷിച്ചതാണെന്നും മലബാര്‍ വിപ്ലവത്തെ തങ്ങള്‍ കാണുന്ന രീതിയിലാണ് സിനിമയില്‍ അവതരിപ്പിക്കുകയെന്നും സംവിധായകന്‍ ആഷിഖ് അബു.

‘മലബാര്‍ കലാപം’ എന്ന വാക്ക് തന്നെ ഒരു ബ്രിട്ടീഷ് നരേറ്റീവ് ആയിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അതൊരു സിവിലിയന്‍ ഏറ്റുമുട്ടലായിരുന്നെന്നും ആഷിഖ് അബു മനോരമ ന്യൂസിനോട് പ്രതികരിച്ചു.

‘വളരെ ആസൂത്രിതമായി തന്നെ എല്ലാ റെക്കോര്‍ഡുകളും മായ്ക്കപ്പെട്ട ഒരു ചരിത്രം മലബാര്‍ വിപ്ലവത്തിലുണ്ട്. സാഭാവികമായും അത് ഈ ഒരു കാലഘട്ടത്തില്‍ ചര്‍ച്ചയായി സിനിമയായി വരുമ്പോഴേക്കും നിലവിലുള്ള ആശയക്കുഴപ്പത്തെ കൂട്ടുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് ആറ് വര്‍ഷമായി ഇതിന്റെ റിസേര്‍ച്ചുമായി നടക്കുകയായിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദ് മുന്‍പ് ചെയ്യാന്‍ ഇരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ വലിയ സിനിമയായതുകൊണ്ട് തന്നെ പല കാരണങ്ങള്‍ കൊണ്ടും അത് ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീടാണ് എന്നെ സമീപിച്ചത്.

ഒന്നിലധികം സിനിമകള്‍ ഉണ്ടാകണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. പറ്റാവുന്നത്രയും ചിത്രങ്ങള്‍ മലബാര്‍ വിപ്ലവുമായി ബന്ധപ്പെട്ട് വരണം.

പലതും മായ്ക്കപ്പെട്ടിട്ടുള്ള, പലതും എഴുതിച്ചേര്‍ത്തിട്ടുള്ള പല പ്രചാരവേലകള്‍ നടന്ന കാലഘട്ടമാണ് അത്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് അക്കാദമിക്കലി നല്ലതാണ്. ഞങ്ങള്‍ ഈ സിനിമയെ കാണുന്നതുപോലെയായിരിക്കില്ല പി.ടി കുഞ്ഞുമുഹമ്മദ് കാണുന്നത്.

ഞങ്ങളുടെ കാഴ്ചയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ലഹള എന്ന പദം തന്നെ ബ്രിട്ടീഷ് നറേറ്റീവാണ്. ഞങ്ങള്‍ അതിനെ വിപ്ലവമായിട്ടാണ് കാണുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ഉപഭൂകണ്ഠത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ സിവിലിയന്‍ യുദ്ധമാണ് വാര്യംകുന്നത്തിന്റേയും ആലി മുസ്‌ലിയാരുടേയും നേതൃത്വത്തില്‍ ഏറനാട്ടില്‍ നടന്നത്.

ഇന്ത്യയില്‍ മറ്റൊരു സ്ഥലത്തും സാധാരണ ജനങ്ങള്‍ സംഘടിച്ച് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തിട്ടില്ല. യുദ്ധം ചെയ്തുവെന്ന് മാത്രമല്ല ആറ് മാസത്തോളം മലബാറിലെ 200 ഓളം ഗ്രാമങ്ങള്‍ ചേര്‍ത്ത് മലയാള രാജ്യം പ്രഖ്യാപിച്ചു. അവിടെ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്യുകയും കറന്‍സി പ്രിന്റ് ചെയ്യുകയും ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്ത ഒരു വലിയ ഭരണാധികാരിയെ നമുക്ക് കുഞ്ഞഹമ്മദ് ഹാജിയില്‍ കാണാന്‍ സാധിക്കും.

മലബാര്‍ വിപ്ലവത്തിന്റെ കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് സത്യസന്ധമായ അന്വേഷണമാണ് നടന്നത്. എല്ലാ സ്വാതന്ത്ര്യ സമര ചരിത്രത്തിലും ഹിന്ദുക്കളേയും മുസ്‌ലീങ്ങളെ തമ്മില്‍ തല്ലിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. കാലാകാലങ്ങളായി ബ്രിട്ടീഷുകാര്‍ പരീക്ഷിച്ച തന്ത്രമാണ്. അത്തരത്തില്‍ ശക്തമായ ഒരു നറേറ്റീവ് വാരിയംകുന്നിനെ പറ്റി ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ടെന്നതില്‍ സംശമില്ല. അതിനെയാണ് ചരിത്ര രേഖകള്‍ വെച്ച് ഞങ്ങള്‍ പരിശോധിക്കുന്നത്.

വാരിയം കുന്നന്റെ പടമെന്ന് പേരില്‍ ഇപ്പോള്‍ പ്രരിക്കുന്നത് ആലിമുസ്‌ലിയാരുടെയാണ്. വാരിയംകുന്നിന്റെ പടം ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ ഞങ്ങള്‍ക്ക് പാരിസിലെ ഒരു മാഗസിനില്‍ നിന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്‌ അദ്ദേഹത്തിന്റെ ഒരു പടം ലഭിച്ചു.

കൊല്ലപ്പെടുന്നതിന് മുന്‍പ് ബ്രിട്ടീഷുകാര്‍ എടുത്ത ഫോട്ടോ. നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ ചരിത്ര രേഖയും വെച്ചുകൊണ്ടുള്ള ആഖ്യാനമാണ് നടത്തുന്നത്. ഇത് ആരേയും വേദനിപ്പിക്കുന്നതല്ല. എന്നാല്‍ നമ്മള്‍ വേദനിക്കുന്നു എന്ന് പറഞ്ഞ് മനപൂര്‍വം കരയുന്നവരെ ഒന്നും ചെയ്യാനാവില്ല. വേദനിക്കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്ക് വേദനിക്കും.

ഒരു സിനിമയ്ക്ക് മറുപടി മറ്റൊരു സിനിമയാണ്. മലബാര്‍ വിപ്ലവത്തെ കുറിച്ച് ഒരുപാട് സിനിമ വരണം. ചര്‍ച്ചയാകണം. ചരിത്രത്തിലൂടെ യാത്ര ചെയ്യണം. കഥകളും നോവലുകളും ഉണ്ടാകണം.

സിനിമയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. പൊതുവില്‍ ആളുകള്‍ ഇതല്ലൊം കാണുന്നുണ്ട്. സൈബര്‍ ആക്രമണം നടത്താന്‍ പ്രത്യേക ശക്തിയുടെ ആവശ്യമൊന്നും ഇല്ല. പൃഥ്വിരാജിനെയൊന്നും ഇത് ഒരു തരത്തിലും ബാധിക്കില്ല. ഇത് കണ്ട് വളര്‍ന്നുവന്ന ആളാണ് അദ്ദേഹം. പിന്നെ എന്നെയോ റിമയേയോ ബാധിക്കാന്‍ പോകുന്നില്ല. സിനിമ ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി. അത് ചെയ്തുകൊണ്ടിരിക്കും’, – ആഷിഖ് അബു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ