ആദര്‍ശ് ജോസഫ്
“ഒന്നുങ്കില്‍ ഞങ്ങളെ വെടിവെച്ച് കൊല്ലുക. അല്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പില്‍ ജയിലടക്കുക. അല്ലെങ്ങില്‍ ഞങ്ങളെ ജീവിക്കാനനുവദിക്കുക.” തീരാദുരിതത്തില്‍പെട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്താല്‍ മാത്രം ഗൃഹസന്ദര്‍ശനങ്ങളും സഹായ വാഗ്ദാനങ്ങളും നടത്തുന്ന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമാണ് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കുടിയേറ്റ കര്‍ഷകന്‍ കാഞ്ഞിരത്തിനാല്‍ ജയിംസിന്റെ ഈ അപേക്ഷ.
വില കൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശത്തിനായി നീണ്ട 41 വര്‍ഷമായി പോരാട്ടത്തിലാണ് ഈ കര്‍ഷക കുടുംബം. സ്വന്തം ഭൂമിയില്‍ ” കൈയ്യേറ്റക്കാരാക്കി” ഭരണകൂടം തെരുവിലേക്കിറക്കി വിട്ട ഈ കുടുംബം അതി ജീവന സമരവുമായി ഇന്ന് വയനാട് കലക്ടേറ്റ് പടിക്കലാണ്. വയനാട്ടിലെ കൊടും തണുപ്പും മഴയും വെയിലുമേറ്റ് ഇവരുടെ സമരം തുടങ്ങിയിട്ട് 685 ദിവസത്തിലധികമായി. ഈ വര്‍ഷകാലത്ത് കലക്ട്രേറ്റ് പടിക്കല്‍ ടാര്‍പ്പായ വലിച്ചു കെട്ടിയ സമരപ്പന്തലില്‍ തോരതെ പെയ്യുന്ന അനീതി മഴയില്‍ നനഞ്ഞൊലിക്കുകയാണ് ഈ കുടുംബം.
ജെയിംസിന്റെ ഭാര്യ പിതാവ് കാഞ്ഞിരിത്തിനാല്‍ ജോര്‍ജ് 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍ നിന്ന് വാങ്ങിയ മാനന്തവാടി താലൂക്ക് തൊണ്ടര്‍നാട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 238/1 ല്‍പെട്ട 12 ഏക്കര്‍ ഭൂമിയുടെ അവകാശത്തിനാണ് ഇവരുടെ സമരം. റവന്യു വകുപ്പിന്റെയും വിജിലന്‍സിന്റെയും റിപ്പോര്‍ട്ടുകളും നിരവധി രേഖകളും അനുകൂലമായിരുന്നിട്ടും വനം വകുപ്പിന്റെ പിടിവാശിയാലും മറ്റ് ദുരൂഹമായ കാരണങ്ങളാലും ഭൂമി ഇന്നും ഈ കുടുംബത്തിന് അന്യമാണ്.
1976-ല്‍ വനം വകുപ്പ് നിക്ഷിപ്ത വനമാണെന്നു പറഞ്ഞ് ജണ്ട കെട്ടി ഭുമിപിടിച്ചെടുക്കുകയായിരുന്നു. താന്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണംകൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശത്തിനായി നാലു പതിറ്റാണ്ടോളം സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറി ഇറങ്ങിയ കാഞ്ഞിരത്തിനാല്‍ ജോര്‍ജ് ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല വിധി ഉണ്ടായ 2012 ഡിസംബര്‍ പതിമൂന്നാം തീയതി ദിവസം പൊരുതി തോറ്റെന്ന പോലെ മരിച്ചു.
പീന്നീടങ്ങോട്ട് ജോര്‍ജ് എല്‍പ്പിച്ച രേഖകളും കോടതി ഉത്തരവുകളുമായി മരുമകന്‍ ജെയിംസ് ഭൂമിക്കായുള്ള പോരാട്ടം തുടര്‍ന്നു. തന്റെ കുടുംബത്തെ ഒന്നാകെ “കൈയ്യേറ്റക്കാരാക്കി” തങ്ങളെ തെരുവിലാക്കിയ ഭരണകൂടത്തിനെതിരെ ജീവന്റെ അവസാന ശ്വാസം വരെ പോരാടുമെന്ന ദൃഢ നിശ്ചയത്തിലാണ് ജെയിംസ്.
” എന്തിന് ഈ കുടുംബത്തെ 41 വര്‍ഷം വേട്ടയാടീ..? മാറി മാറി ഭരിക്കുന്ന സര്‍ക്കാറുകള്‍ ഞങ്ങളെ ദ്രോഹിച്ചിട്ടേയുള്ളു. ഇടതു കാല്‍ മുറിക്കേണ്ടതിനു പകരം വലതു കാല്‍ മുറിച്ചാല്‍ ഡോക്ടാണ് ഉത്തരവാദി. അല്ലാതെ രോഗിയല്ല.ഉദ്യോഗസ്ഥര്‍ വരുത്തിയ പിഴവിന് തങ്ങളെ ദ്രോഹിക്കരുത്.സര്‍ക്കാര്‍ കാലങ്ങളായി തങ്ങളെ വഞ്ചിക്കുകയാണ്. ഞങ്ങളുടെ കൃഷിയും ജീവിതവും നശിപ്പിച്ചു. വനം വകുപ്പിന്റെ വിജ്ഞാപനം റദ്ദാക്കി ഭൂമി ഞങ്ങള്‍ക്കു വിട്ടുതരണം. ഭൂമി കിട്ടുംവരെ ഞങ്ങള്‍ പോരാടും””
ഭാര്യയോടും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളോടുമൊത്ത് തീരാദുരിതത്തിലും ഇച്ഛാശക്തിയും മനക്കരുത്തും ഒന്നുകൊണ്ടുമാത്രം ആത്മഹത്യ ചെയ്യാതെ സമരം തുടരുന്ന ജെയിംസ് പറയുന്നു.
ഹൈക്കോടതി ഉത്തരവടക്കം നിരവധി രേഖകള്‍ അനുകൂലമായിട്ട് ഉണ്ടെങ്ങിലും ഭൂമി വിട്ടു കിട്ടാത്തതിനാല്‍ ദുരിതങ്ങള്‍ സഹിച്ചും ഈ മഴക്കാലത്തും സമരപ്പന്തലില്‍ രാവുംപകലും തള്ളിീക്കുകയാണ് ഈ കുടുംബം.
ജീവിത സ്വപ്നങ്ങളുമായി ചുരം കയറി അതി ജീവനത്തിനായി തെരുവിലിറങ്ങി
ഏതൊരു കുടിയേറ്റ കര്‍ഷകനെയും പോലെ ഒരു പാട് ജീവിത സ്വപ്നങ്ങളുമായാണ് കാഞ്ഞിരിത്തിനാല്‍ ജോര്‍ജും സഹോദരന്‍ ജോസും 1966 ല്‍ ചുരം കയറുന്നത്. അന്ന് മലമ്പനിയും വന്യമൃഗശല്യവും രൂക്ഷമായ വയനാട്ടില്‍ എന്തുംസഹിച്ച് മണ്ണില്‍ പണിയെടുത്ത് ജീവിതം കരുപ്പിടിപ്പിക്കണമെന്ന മോഹത്തില്‍ ജോസും ജോര്‍ജും തൊണ്ടര്‍നാട്ടില്‍ പുഴയുടെ തീരത്ത് 12 ഏക്കര്‍ സ്ഥലം വാങ്ങുന്നു. കൈയിലുള്ള മുഴുവന്‍ സമ്പാദ്യവും നല്‍കി കുട്ടനാടന്‍ കാര്‍ഡമം കമ്പനിയുടെ കൈയ്യില്‍ നിന്നുമാണ് സ്ഥലം വാങ്ങിയത്.
അതിനു ശേഷം കുറെ വര്‍ഷം ഈ ഭൂമിക്ക് തൊണ്ടര്‍നാട് വില്ലേജ് ഓഫിസില്‍ നികുതി അടച്ചിരുന്നു. ഈ ഭൂമിയില്‍ തങ്ങള്‍ വീടു നിര്‍മിച്ച് താമസിച്ചിരുന്നതായും കൃഷി ചെയ്തിരുന്നതായും ജെയിംസ് പറയുന്നു.
പിന്നീട് കാലവസ്ഥ പ്രതികൂലമായപ്പോള്‍ ജോസ് തന്റെ വീതം (6 ഏക്കര്‍) സഹോദരന്‍ ജോര്‍ജിന് കൈമാറി ചുരമിറങ്ങി. ഇതിനിടയില്‍ 1976 ലാണ് വനം വകുപ്പ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി നിക്ഷ്പത വനം ഭൂമിയാണെന്നു പറഞ്ഞ് പിടിച്ചെടുക്കുന്നത്. ഇതിനെതിരെ ജോര്‍ജ് കോഴിക്കോട് ഫോറസ്റ്റ് ട്രൈബൂണലില്‍ പരാതി (ഒ.എ.356/1976) നല്‍കുകയും ട്രൈ ബ്യൂണല്‍ ജോര്‍നിനനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
1971 മുതല്‍ക്ക് നികുതി അടക്കുന്നതിനാല്‍ ഈ ഭൂമി നിക്ഷ്പിത വനമല്ലന്നായിരുന്നു ട്രൈബ്യൂല്‍ നിരീക്ഷണം. എന്നാല്‍ സര്‍ക്കാര്‍ അപ്പിലില്‍ ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും ട്രൈ ബൂണലിനോട് സ്ഥലം പരിശോദിച്ച് വിധി പുറപെടുവിക്കാനും നിര്‍ദ്ദേശിച്ചു. കേസ് പുനപരിശോധിച്ച ട്രൈബ്യൂണല്‍ 12 ഏക്കറില്‍ 75 സെന്റ് മാത്രമാണ് ജോര്‍ജിന് അവകാശപ്പെട്ടതെന്ന് വിധിച്ചു.
75 സെന്റ് ഒഴിച്ചുള്ള സ്ഥലം 1949 ലെ മദ്രാസ് ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വനഭൂമിയാണെന്ന് പറഞ്ഞു. എന്നാല്‍ മദ്രാസ് ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട് 1949 ലാണ് നിര്‍മ്മിക്കുന്നതെന്നും, തങ്ങളുടെ ഭൂമി 1942-ല്‍ 1595 ആധാര പ്രകാരം കുട്ടനാടന്‍ കാഡമം കമ്പനിയുടെ കൈവശമുണ്ടായിരുന്ന സ്വകാര്യ ഏലതോട്ടമായിരുന്നെന്നും ജയിംസ് അവകാശപ്പെടുന്നു.
ഇതിനുശേഷം 2005 വരെ ഹൈക്കോടതിയലടക്കം നിരവധി തവണ കേസ് നടത്തുകയും സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയെങ്ങിലും വലിയ വിദ്യഭ്യാസമില്ലാത്ത നിരാശ്രയനായ ജോര്‍ജിനെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നു.
2005 മാര്‍ച്ച് 14 ന് മത്തായി ചാക്കോ എം.എല്‍.എ നിയമസഭയില്‍ ഈ പ്രശ്‌നം ഉന്നയിച്ചു. ഇതില്‍ റവന്യൂ വകുപ്പും രജിസ്‌ട്രേഷന്‍ വകുപ്പും ജോര്‍ജിന്റെ വാദങ്ങളെ അംഗികരിച്ചെങ്കിലും വനംവകുപ്പ് ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് ഇതിനെ എതിര്‍ക്കുകയായിരുന്നു.
പിന്നീട് ഈ വിഷയം അന്വേഷിച്ച റവന്യൂ സെക്രട്ടറി നിവേതിത പി.ഹരനും വയനാട് ജില്ലാ കളക്ടറും വിജിലന്‍സും ജോര്‍ജിന്റെ ഭൂമി വനഭൂമിയല്ലെന്നും ഭൂമിയില്‍ ജോര്‍ജിന് കരമടക്കാമെന്നും സര്‍ക്കാരിനോട് പട്ടയം നല്‍കാനും ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006 ഒക്ടോബര്‍ 11 ന് ചേര്‍ന്ന എല്‍.ഡി.എഫ് മന്ത്രിസഭായോഗം മാനുഷിക പരിഗണന കണക്കിലെടുത്ത് ജോര്‍ജിന് ഭൂമി തിരിച്ചു നല്‍കാന്‍ തിരുമാനിച്ചു.
ഇതനുസരിച്ച് ജോര്‍ജില്‍ നിന്ന് നികുതിയും സ്വികരിച്ചു. ജോര്‍ജിന്റെ ഭൂമി വനമായ് വിജ്ഞാപനം ചെയ്തിട്ടെല്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. എന്നാല്‍ ഭൂമി ജോര്‍ജിനു കിട്ടുമെന്നായപ്പോള്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ഉദ്യോഗസ്ഥ ലോബി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതോടെ ഭൂമിയുടെ അവകാശത്തിനായി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു.
സ്വാതന്ത്ര്യ ദിനത്തില്‍ ആരംഭിച്ച ഭൂസ്വാതന്ത്ര്യ സമരം
വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറിയിട്ടും നീതി കിട്ടാതെ തെരുവിലായ ജെയിംസും കുടുംബവും 2015 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ വയനാട് കളക്ട്രേറ്റിനു മുമ്പില്‍ സത്യാഗ്രഹം ആരംഭിച്ചു. 40 കൊല്ലക്കാലം ഭരണകൂടത്തിന്റെ വാതിലുകളില്‍ മുട്ടിയിട്ടും നിതി ലഭിക്കാത്ത ഒരു കര്‍ഷക കുടുംബത്തിന്റെ ഭൂസ്വാതന്ത്ര്യ സമരം. ജോര്‍ജിന്റെ സഹനസമരത്തിന്റെ കഥയറിഞ്ഞ് രാഷ്ടീയ ഭേദമേന്യ സത്യാഗ്രഹത്തിനു പിന്തുണയുമായി നിരവധിപ്പേര്‍ എത്തി . ഇതിനെത്തുടര്‍ന്ന് അന്നത്തെ ജില്ല കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഇടപെടുകയും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ നടപടികളും ലക്ഷ്യംകണ്ടില്ല.
ഇതിനിടയില്‍ 2016 ഡിസംബര്‍ 8 ന് ഹൈക്കോടതി ഭൂമി വനംവകുപ്പിന്റെ തന്നെന്ന് വിധിക്കുന്നു. എന്നാല്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബി ഒത്തുകളിച്ച് തങ്ങള്‍ക്കനുകൂലമായ റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നിന്ന് മറച്ചുവെച്ചാണ് ഈ വിധി നേടിയതെന്ന് ജെയിംസ് പറയുന്നു.
” ഇപ്പോള്‍ സമരം രണ്ട് വര്‍ഷത്തോടടുക്കുമ്പോള്‍, കോഴിക്കോട് ചെമ്പനോടയിലെ ജോയി എന്ന കര്‍ഷകന്റെ ആത്മഹത്യയെത്തുടര്‍ന്ന് പ്രശ്‌നം വീണ്ടും ചൂടുപിടിച്ചു. ജെയിംസിനെയും കുടുംബത്തെയും സഹായിക്കാന്‍ രാഷ്ട്രീയ ഭേദമെന്നെ നിരവധിയാളുകള്‍ രംഗത്ത് എത്തുകയും സമരസഹായ സമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യയോടെ ഉണര്‍ന്ന ഭരണകൂടം ഹൈക്കോടതിയിലെ കേസില്‍ ജെയിംസിനനുകൂലമായി സത്യാവാങ്മൂലം നല്‍കുമെന്നും പറയുന്നു. ഇതിനായി അടുത്ത ദിവസം തന്നെ താന്‍ എ.ജിയുമായി ചര്‍ച്ച നടത്തുമെന്ന് കലക്ടര്‍ സൂഹാസ് പറഞ്ഞു.
” 2016 ഡിസംബറിലാണ് 8 നാണ് ഭൂമി വനംവകുപ്പിന്റെതാണന്നു പറഞ്ഞ് വിധി ഉണ്ടാകുന്നത്. എന്നാല്‍ 2016 നവംബറിലെ 18ന് മാനന്തവാടി സബ് കലക്ടര്‍ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെതാണെന്നു കണ്ടത്തി റിപ്പോട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി കണ്ടിട്ടില്ല. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ജോര്‍ജിന് ഭൂമികിട്ടാന്‍ സാദ്ധ്യമായതെല്ലാംചെയ്യും. ” കല്‍പ്പറ്റ എം.എല്‍.എ. സി.കെ ശശിന്ദ്രന്‍ പറഞ്ഞു.
തോരാമഴയില്‍ തന്റെ ഭൂമിയുടെ രേഖകള്‍ അടങ്ങിയ സഞ്ചിയും ചേര്‍ത്തു പിടിച്ച് രാപകലിലാതെ തെരുവില്‍ ഇരിക്കുന്ന ഈ മനുഷ്യന്റ ഉള്ളിലും അണയാത്ത ചില ജീവിത സ്വപ്നങ്ങളുണ്ട്. പുഴയോട് ചേര്‍ന്ന് കിടക്കുന്ന തന്റെ ഭൂമിയില്‍ ഒരു കൊച്ചു വീട്. ആ മണ്ണില്‍ കൃഷി ചെയ്ത് മക്കളെ പഠിപ്പിക്കണം. ഇതിനുള്ള അവകാശം മാത്രമാണ് ഈ കുടുംബത്തിന്റെ ജീവിതാഭിലാഷം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീതി പീഠത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായൊരു വിധി ഉണ്ടായാല്‍ കാലങ്ങളായുള്ള ഈ കുടുംബത്തിന്റെ കണ്ണിരിനും പ്രാര്‍ത്ഥനകള്‍ക്കുമാണ് വിരാമമാകുക.
ഇച്ഛാശക്തിയും സഹനമനസ്‌കതയും കൊണ്ടും ഭരണകൂടത്തോട് പോരടിച്ച ഈ മനുഷ്യന്‍ കുടിയേറ്റ ചരിത്രത്തിലെ കാലം മായ്ക്കാത്ത ഏടാകുമെന്നത് തീര്‍ച്ച.