| Wednesday, 4th July 2018, 4:09 pm

മാന്ത്രികക്കൂണുകളും മാര്‍ജാര ചരിത്രവും: സാമ്പ്രദായിക സങ്കേതങ്ങളെ അതിക്രമിക്കുന്ന സമകാലിക മലയാള നോവല്‍

ശ്രീഷ്മ കെ

മരിച്ചവരെക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല. കാരണം, നിങ്ങള്‍ ജീവിതക്കാഴ്ചകളാല്‍ കണ്‍കെട്ടപ്പെട്ടവരാണ്.

ആഷ് അഷിത എഴുതിത്തുടങ്ങുന്നതിങ്ങനെയാണ്. അല്ലെങ്കില്‍, നോവലിന്റേതായ സങ്കേതങ്ങളുടെ വിദഗ്ധമായ ഉപയോഗത്തിലൂടെ താളുകളില്‍ ഒരു ചലച്ചിത്രം രൂപം കൊള്ളുന്നത് ഈ വാചകത്തിലൂടെയാണ്.

മലയാളഭാഷാ ശാഖയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ഗതിവേഗത്തിന്റെ ആശ്ചര്യത്തില്‍ അകപ്പെട്ടുകൊണ്ടു മാത്രമേ വായനക്കാരന് അഷിതയുടെ നോവലിലേക്ക് കടന്നുചെല്ലാന്‍ സാധിക്കുകയുള്ളൂ. വെള്ളിത്തിരയിലെന്നോണം ദൃശ്യങ്ങള്‍ മാറിമറിയുന്നതിനിടയില്‍ ആശയവിനിമയം നടക്കുന്ന മാധ്യമത്തിന്റെ ഏകതാനത കൈമോശം വന്നുപോകുന്നുണ്ട് എന്ന തിരിച്ചറിവിലാണ് വായനക്കാരന്‍ രസച്ചരടു കോര്‍ത്തു തുടങ്ങുക. നോവലിനെ എണ്ണം പറഞ്ഞ ഒരു വായനാനുഭവമാക്കിമാറ്റുന്ന ഘടകവും ഇതുതന്നെ.

കഥപറച്ചിലിന്റെ നവീനതയ്ക്കപ്പുറം, പല തലങ്ങളിലായി അടുക്കുതെറ്റിക്കിടക്കുന്ന ഉള്ളടക്കത്തിലേക്ക് ദ്രുതഗതിയില്‍ത്തന്നെ വായനക്കാരന്‍ വലിച്ചിടപ്പെടുന്നുണ്ട്. മനുഷ്യ-മാര്‍ജാര സമ്പര്‍ക്കത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗാഥയും, നഗരങ്ങളുടെ ലോകം കാണാത്ത റിയലിസവും, അതിലുപരി മനുഷ്യവംശത്തിന്റെ തന്നെ കുറുക്കിയെടുത്ത ചരിത്രവും റീലുകള്‍ മാറിമറിഞ്ഞ് കഥയ്ക്കുള്ളില്‍ കിടക്കുന്നുണ്ട്. മനുഷ്യനെന്ന അടിമവംശത്തിന്റെ ആദിമകാലം തൊട്ടുള്ള കഥ മാറിനിന്നും ഇടയില്‍ കലര്‍ന്നും കണ്ടിട്ടുള്ള പൂച്ചയാണ് കഥയ്ക്കും വായനക്കാരനുമിടയിലുള്ള ഇടനിലക്കാരനെന്ന ബോധ്യം പതിയെയാണ് ഉണര്‍ന്നു വരിക. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ കാവലാളായി അവരോധിക്കപ്പെട്ടിരുന്ന മാവൂ എന്ന പൂച്ചയെ തന്നെയാണ് പെറ്റലി പീറ്റര്‍ കൊന്നു തിന്നുന്നതെന്നും, ആ പൂച്ച തന്നെയാണ് ഒടുക്കം വരെ ഗ്യാലറിയിലിരുന്ന് നോക്കിക്കാണുന്നതെന്നും, വായനക്കാരന് സ്വന്തം വംശത്തിന്റെ കഥപറഞ്ഞു കൊടുക്കുന്നതെന്നും കാണിച്ച് അസ്വാസ്ഥ്യജനകമായ തുടര്‍ച്ചയുടെ ഒരു നൂല്‍ കണ്ടെത്തുന്നുണ്ട് കഥാകാരി.

ഭൂമിയില്‍ നിങ്ങളെ അതിജീവിച്ച മൃഗങ്ങള്‍ക്ക്, പക്ഷികള്‍ക്ക് ഭക്ഷിക്കാന്‍ പാകത്തില്‍ അവര്‍ മരിച്ചു കിടക്കട്ടെ. ധൃതി വെയ്ക്കാതെ. അവര്‍ക്ക് മനുഷ്യരുടെ മാംസത്തില്‍ പങ്കു പറ്റാന്‍ അര്‍ഹതയുണ്ട്.

നിങ്ങള്‍ ഇന്നലെ കൊന്നത് ഒരു പൂച്ചയെയായിരിക്കാം. അതിന്റെ പേര് മാവു എന്നായിരിക്കാം. അത് ഞാനായിരിക്കാം.

ആത്മഗതത്തിന്റെ അന്ത്യത്തില്‍, കറുത്ത താളില്‍ തിളങ്ങുന്ന രണ്ടു പൂച്ചക്കണ്ണുകളാണുള്ളത്. താന്‍ അനുവാദമില്ലാതെ കടന്നുകയറുന്നത് മനുഷ്യ ചരിത്രത്തിലേക്കാണെന്നും, ആ ചരിത്രത്തിന്റെയാകെ ദൃക്‌സാക്ഷിയാണെന്നും, ഇപ്പോള്‍ ഈ നിമിഷത്തില്‍പ്പോലും നിങ്ങള്‍ നിരീക്ഷിക്കപ്പെടുകയാണെന്നും വിളിച്ചു പറയുന്ന പൂച്ചക്കണ്ണുകള്‍ സാമ്പ്രദായിക മലയാള നോവല്‍ രൂപത്തില്‍ നിന്നുള്ള കൃത്യമായ വ്യതിചലനമാണ്.

സാധാരണഗതിയില്‍ കഥാഗതിയിലേക്ക് കടന്നുചെല്ലാന്‍ നോവലുകള്‍ അനുവദിക്കുന്ന സമയദൈര്‍ഘ്യത്തിന്റെ സൗജന്യം അഷിത നിങ്ങള്‍ക്കു നല്‍കുകയില്ല. ഞൊടിയിടയില്‍ മാറിമറിയുന്ന സ്‌ക്രീനിലേയ്ക്ക് ആകാംഷയാല്‍ നിസ്സഹായരായി നോക്കിയിരിക്കുന്ന കാഴ്ചക്കാരനായി രൂപാന്തരപ്പെടുകയാണ് ഓരോ വായനക്കാരനും.

മാവൂ കാണുന്ന കഥ മുഖ്യധാര കാണാതെ പോകുന്ന ജീവിതങ്ങളുടേതാണ്. ഒരു പക്ഷേ നാര്‍ക്കോപോളിസ് പോലുള്ള നോവലുകളിലും പള്‍പ്പ് ഫിക്ഷന്‍ പോലുള്ള ചലച്ചിത്രങ്ങളിലും കണ്ടു പരിചയിച്ചിട്ടുള്ള നഗരചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയും പെറ്റ്‌ലി പീറ്ററും വൃദ്ധനുമെല്ലാമടങ്ങുന്ന കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. മയക്കുമരുന്ന് കച്ചവടവും വയലന്‍സും അതിജീവനവുമെല്ലാം കടന്ന് അടിസ്ഥാനമായ മാനുഷിക ത്വരയില്‍ എത്തി നില്‍ക്കുന്ന കഥാന്തരീക്ഷം പക്ഷേ ചിലയിടത്തെങ്കിലും എളുപ്പത്തില്‍ ഊഹിക്കാവുന്ന പശ്ചാത്തലസൃഷ്ടിയുടെ ആവര്‍ത്തനമാകുന്നുണ്ട്.

ലഹരിയുടെ ഉന്മാദം ഒരുക്കുന്ന താളം നോവലിലുടനീളമുണ്ട്, തലക്കെട്ടിലടക്കം. മയക്കുമരുന്നു കച്ചവടക്കാരിയായ പെണ്‍കുട്ടിയും, നഗരത്തിലെ പ്രമുഖ ഡ്രഗ് ഡീലറായ പെറ്റ്‌ലി പീറ്ററുമടങ്ങുന്ന കഥാപാത്രസഞ്ചയവും ഉന്മത്താവസ്ഥയില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാങ്കല്‍പിക ദൃശ്യങ്ങളും കൂടിച്ചേര്‍ന്നാണ് നോവലിന് ഹൈപ്പര്‍ റിയലിസ്റ്റിക് മാനം നല്‍കുന്നത്.

സന്തോഷം ഇരട്ടിപ്പിക്കാനുള്ള വഴികളിലൂടെ നടന്നു തുടങ്ങിയ ഒരാളും ഏകാകിയല്ല, എത്തിപ്പിടിക്കാന്‍ കഴിയാത്ത ആകാശം അയാളെ നിരാശപ്പെടുത്തുകയില്ല, വഴിയില്‍ കാത്തിരിക്കുന്ന മരണക്കുഴികള്‍ ഭയപ്പെടുത്തുകയില്ല. ജാതിയോ മതമോ വികാരം കൊള്ളിക്കുകയില്ല, തൊലിയുടെ നിറമോ മുഖത്തിന്റെ വൈരൂപ്യമോ ലജ്ജിപ്പിക്കുകയില്ല, ലഹരികൊണ്ട് ഉന്മാദിയായൊരു മനുഷ്യനെ നിങ്ങള്‍ക്ക് വേറൊന്നു കൊണ്ടും പ്രലോഭിപ്പിക്കാനാവില്ല.

ലഹരിയെ പശ്ചാത്തലത്തിലെ സുപ്രധാന ഘടകമായി കൊണ്ടുവരുന്നതുകൊണ്ടു കൂടിയായിരിക്കാം നോവലിനെ ജീത് തയ്യിലിന്റെ നാര്‍ക്കോ പോളിസുമായി താദാത്മ്യപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കുന്നത്. ഉന്മാദത്തെയും ഉന്മാദിയെയും ആഘോഷിക്കുന്ന ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നത് നോവല്‍ താളുകളിലൂടെ പതിയെ നടന്നു നീങ്ങുന്ന മാവൂ ആണെന്നത് ശ്രദ്ധിക്കാതിരിക്കാനാവില്ല.

പെണ്‍കുട്ടി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയാണ് ശ്രദ്ധയില്‍ നിന്നും വഴുതിപ്പോകാത്ത മറ്റൊരു ഘടകം. നഗരപ്രാന്തപ്രദേശങ്ങളില്‍ അതിജീവനത്തിന്റെ യുദ്ധം നയിക്കുന്ന അവള്‍ അധികാരകേന്ദ്രങ്ങള്‍ക്ക് പ്രിയപ്പെട്ട ഇരയാവുന്നതിന്റെ നൈരന്തര്യവും നോവലില്‍ മുഴച്ചു നില്‍ക്കുന്നതായി കാണാനാകുന്നുണ്ട്. അരക്ഷിതാവസ്ഥയിലുള്ള ഒരു സ്ത്രീ, അതും മയക്കുമരുന്ന് വില്‍പ്പനക്കാരിയായ ഒരുവള്‍. ആണാധിക്യ സമൂഹം അവള്‍ക്കു ചുറ്റുമേര്‍പ്പെടുത്തുന്ന ശൈഥില്യം രേഖപ്പെടുത്താതെ കടന്നുപോകാന്‍ നോവലിനാവില്ലല്ലോ.

ഒരു തരത്തില്‍, അഷിത മുന്നോട്ടുവയ്ക്കുന്ന മനുഷ്യരുടെ കാര്യത്തിലെല്ലാം ഈ ശൈഥില്യം ബാധകമാണ്. വൃദ്ധനും, പീറ്ററും സെദ്രിക്കും തുടങ്ങി നാമമാത്രമായ സ്‌ക്രീന്‍ സ്‌പേസ് ഉള്ള കഥാപാത്രങ്ങളെല്ലാം തന്നെ സാഹചര്യവും ഭരണകൂടവും ചേര്‍ന്നു സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയുടെ ഇരകളാണ്, മാവൂ ഒഴികെ.

അന്ത്യത്തെക്കുറിച്ചുള്ള വീക്ഷണം അലസമായെങ്കിലും ശക്തമായി വരച്ചിടുന്നയിടങ്ങളിലും നോവല്‍ പ്രവചനപരമായ സ്വഭാവം കൈക്കൊള്ളുന്നുണ്ട്. കണ്ടുമറന്ന ചലച്ചിത്ര ദൃശ്യങ്ങളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ജുഗുപ്‌സാവഹമായി വയലന്‍സ് വരച്ചിടുന്ന ചിത്രീകരണരീതിയാണ് അഷിതയുടേത്.

മനുഷ്യരുടെ അവസാനത്തെ യുദ്ധം തുടങ്ങിയിരിക്കുന്നു. ഗൂഢാലോചന നടത്തുന്ന ശവങ്ങള്‍. ആയുധം മിനുക്കുന്ന ശവങ്ങള്‍. പോരടിക്കുന്ന ശവങ്ങള്‍. പേ പിടിച്ചോടുന്ന ശവങ്ങള്‍. വഴിയരികില്‍ വീണു കിടക്കുന്ന ശവങ്ങള്‍. അധികം താമസിയാതെ, ചീഞ്ഞ മനുഷ്യരുടെ ശരീരങ്ങള്‍ നിറഞ്ഞ് നഗരം ഒരു വലിയ കാറ്റകൂംബ് ആയി മാറും.

വംശത്തിന്റെ അന്ത്യം വീക്ഷിക്കുന്നത് മാവൂ ആണ്. ആദിമ കാലം തൊട്ട് മനുഷ്യനെ വീക്ഷിച്ചു കൊണ്ട് ഏഴു ജന്മങ്ങള്‍ താണ്ടിയിട്ടുള്ള അതേ മാവൂ തന്നെയാണ് താളുകളില്‍ നിന്നിറങ്ങിവന്ന് വായനക്കാരനെ മുട്ടിയുരുമ്മിയിരുന്ന് ചരിത്രം പറയാന്‍ ശ്രമിക്കുന്നതും. പോയ ജന്മങ്ങളിലെ കഥകള്‍ ഓര്‍ത്തെടുക്കാന്‍ അത്രമേല്‍ എളുപ്പമാണതിന്. അതേസമയത്തു തന്നെ കഥപറയുന്ന മാവൂ പോലും വായനക്കാരന്റെ ഭ്രമകല്പനയാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട് താനും. നോവലിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ, ഈ പൂച്ചകള്‍ മാന്ത്രികക്കൂണുകള്‍ തന്നെയാണെങ്കിലോ?

പുസ്തകം: മഷ്‌റൂം ക്യാറ്റ്‌സ്
എഴുത്ത്: ആഷ് അഷിത
പ്രസാധനം: ഇന്‍സൈറ്റ് പബ്ലിക്ക
വില: 140

Book Title: Mushroom Cats
Author: Aash Ashitha
Publisher: Insight Publica
Price: 140

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more