| Monday, 24th April 2017, 12:21 pm

കേരള മോഡല്‍ ദേശീയ പ്രതിപക്ഷ ഐക്യനിര അനിവാര്യം: ആര്യാടന്‍ മുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ് :മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഫാസിസ്റ്റു ബി.ജെ.പി ഭരണത്തിനെതിരെയും കേരള മോഡലില്‍ ദേശീയ പ്രതിപക്ഷ നിര കാലഘട്ടത്തിന്റെ അനിവാര്യതയാണന്നു മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് അവിടുത്തെ ഫാസിസ്റ്റ് വിജയത്തിന് കാരണമെന്നും അതിനു തുടര്‍ച്ചയുണ്ടാകാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല പ്രതിപക്ഷ കൂട്ടായ്മയ്ക്കുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണതയുടെ അതിബൃഹത്തായ മതമാണ് ഹിന്ദുമതം. എന്നാല്‍ സംഘപരിവാര്‍ ശക്തികള്‍ വര്‍ഗീയ തെറ്റിദ്ധാരണകള്‍ കുത്തിവെച്ചു വര്‍ഗീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നു. മതസൗഹാര്‍ദത്തിന്റ ഈറ്റില്ലമായ കേരളത്തില്‍ ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പും ഇടതു ഭരണത്തിനെതിരെ ഉള്ള വിധിയെഴുതുമായിരുന്നു പി. കെ. കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാര്‍ന്ന വിജയമെന്നും അദ്ദേഹം പറഞ്ഞു.

ജിഫിന്‍ അരീക്കോടിന്റ അധ്യക്ഷതയില്‍കൂടിയ പൊതുസമ്മേളനം കുഞ്ഞികുമ്പള ഉദ്ഘാടനം ചെയ്തു. മലപ്പുറം മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ.കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, കെ.എം.സി.സി സെക്രട്ടറി മൊയ്തീന്‍ കോയ , സലിം കളക്കര , സജി കായംകുളം, എന്‍. ആര്‍. കെ. ചെയര്‍മാന്‍ അഷറഫ് വടക്കേവിള , അബ്ദുള്ള വല്ലാഞ്ചിറ , ഷാജി സോണ, മജീദ് ചിങ്ങോലി എന്നിവര്‍ സംസാരിച്ചു.

ജംഷാദ് തുവ്വയ്യൂര്‍ സ്വാഗതവും ഷാജി നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍ റിയാദ്

We use cookies to give you the best possible experience. Learn more