| Thursday, 12th October 2017, 3:12 pm

ആരുഷി കൊലക്കേസ്; തല്‍വാര്‍ ദമ്പതികളെ വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ തല്‍വാര്‍ ദമ്പതികളെ വെറുതെ വിട്ട് ഹൈക്കോടതി വിധി. സംശയത്തിന്റെ പേരില്‍ മാതാപിതാക്കളെ ശിക്ഷിക്കാനാവില്ലെന്നും തെളിവുകള്‍ പര്യാപ്തമല്ലെന്നും പറഞ്ഞുകൊണ്ടാണ് ഇവരുടെ ജീവപര്യന്തം ശിക്ഷ കോടതി റദ്ദാക്കിയത്.

വിവാദമായ ആരുഷി കൊലപാതകക്കേസില്‍ സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയ ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ ഏഴിന് കേസ് വിധി പറയുന്നതിന് മാറ്റിവെക്കുകയായിരുന്നു.


Dont Miss സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാറിനെ പ്രതി ചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്‍


2008ലാണ് 14 കാരിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26-നാണ് സി.ബി.ഐ. പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

2008 മേയിലാണ് ആരുഷിയെ നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരനായ ഹേമരാജിനെ ടെറസിലും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹേമരാജ് കൊലപാതകം നടത്തി മുങ്ങിയതാണെന്നായിരുന്നു തുടക്കത്തില്‍ പോലീസ് സംശയിച്ചിരുന്നത് എന്നാല്‍, തൊട്ടടുത്തദിവസം ഇവരുടെ വീടിന്റെ ടെറസില്‍നിന്ന് ഹേമരാജിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് രാജേഷിലേക്കും നൂപുറിലേക്കും അന്വേഷണം നീണ്ടത്.

കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ അന്വേഷണത്തിനെതിരേ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യു.പി. സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more