ആരുഷി കൊലക്കേസ്: തല്‍വാറിന്റെ ഹരജി സുപ്രീം കോടതി തള്ളി
India
ആരുഷി കൊലക്കേസ്: തല്‍വാറിന്റെ ഹരജി സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2013, 2:00 pm

ന്യൂദല്‍ഹി: ആരുഷി കൊലക്കേസില്‍ ഡോ.രാജേഷ് തല്‍വാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. []

നോയിഡയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആരുഷി തല്‍വാറും വീട്ടുജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

കേസിലെ 14 സാക്ഷികളെ കൂടി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു ആരുഷിയുടെ പിതാവായ ഡോ. രാജേഷ് തല്‍വാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

അറ്റോര്‍ണി ഡയറക്ടര്‍ ജനറല്‍, സിബിഐ മുന്‍ ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ 14 പേരുടെ കൂടി മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു തല്‍വാര്‍ ദമ്പതികളുടെ ആവശ്യം.

ഇതേ ആവശ്യമുന്നയിച്ച് സിബിഐ പ്രത്യേക കോടതി ഈ മാസം ആദ്യം സമീപിച്ചുവെങ്കിലും നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ആരുഷി കൊലക്കേസില്‍ വീടിനു പുറത്തുനിന്നുള്ള ആര്‍ക്കും പങ്കില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. 2008 മെയ് 16നാണ് ഡല്‍ഹിക്ക് സമീപം നോയിഡ ജല്‍വായു വിഹാറിലെ വസതിയില്‍ 14കാരിയായ ആരുഷിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പിറ്റേന്ന് വീട്ടുജോലിക്കാരന്‍ ഹേംരാജിനെ വീടിന്റെ ടെറസ്സിലും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആരുഷിയുടെ പിതാവും ദന്തഡോക്ടറുമായ തല്‍വാറിനെയും ഭാര്യയെയുമാണ് തുടക്കം മുതല്‍ അന്വേഷണ സംഘം സംശയിച്ചിരുന്നത്.