'തൊട്ടുകൂടാം'; ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ തടയുന്നതിനെതിരെ 'ആർപ്പോ ആർത്തവം' എറണാകുളത്ത്
Kerala News
'തൊട്ടുകൂടാം'; ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ തടയുന്നതിനെതിരെ 'ആർപ്പോ ആർത്തവം' എറണാകുളത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2018, 8:13 pm

കൊച്ചി: ശബരിമലയിൽ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതിനെതിരെ “ആർപ്പോ ആർത്തവം” എന്ന പേരിൽ എറണാകുളത്ത് സാമൂഹ്യ കൂട്ടായ്മ. നവംബർ 25 ഞായാറാഴ്ച്ച എറണാകുളം വഞ്ചി സ്‌ക്വയറിലാണ് പരിപാടി സംഘടിപ്പിക്കുക. ദളിത് സാമൂഹ്യ പ്രവർത്തക മൃദുല ദേവി, അധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം, ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്, സാമൂഹിക നിരീക്ഷകൻ ശ്രീചിത്രൻ എം.ജെ, എഴുത്തുകാരനെ എസ്. ഹരീഷ് എന്നിവർ പങ്കെടുക്കും. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെയും, സ്ത്രീമാധ്യമപ്രവർത്തകരെയും കായികമായി ആക്രമിക്കുന്ന പ്രവണതയ്‌ക്കെതിരെ അണിനിരക്കുക എന്നതാണ് “ആർപ്പോ ആർത്തവ”ത്തിന്റെ ലക്‌ഷ്യം.

Also Read കോൺഗ്രസ്സ് നേതാക്കൾ ശബരിമലയ്ക്ക് പോകാൻ തയാറെടുക്കുന്നു

“ലോകത്തിന് മുൻപിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയിത്തം കല്പിച്ച രാജ്യമാണ് ഇന്ത്യ. ഗർഭപാത്രത്തിലെ ചോരയിൽ നിന്ന് ഉയിര് ഉയിർത്തവർ നടത്തുന്ന ആർത്തവ അയിത്ത ലഹളയിൽ ഭയന്ന് റെഡി ടു വെയിറ്റ് പറയാൻ നമ്മൾ തയ്യാറല്ല.” “ആർപ്പോ ആർത്തവ”ത്തിന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു. “തൊട്ടുകൂടാം” എന്നതാണ് “ആർപ്പോ ആർത്തവ”ത്തിന്റെ മുദ്രാവാക്യം. സമൂഹത്തിലെ എല്ലാത്തരം തൊട്ടുകൂടായ്മകളും, സ്ത്രീകൾക്കെതിരെയുള്ളത് പ്രത്യേകിച്ചും, തിരുത്തിയെഴുതുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്നിവർ പ്രഖ്യാപിക്കുന്നു.

Also Read മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; രാഹുല്‍ ഗാന്ധി

“ആർപ്പോ ആർത്തവ”ത്തിന്റെ ഫേസ്ബുക്ക് പേജിലും ഇവർ ഈ നിലപാടാണ് പരസ്യപ്പെടുത്തുന്നത്:

“ലോകത്തിന് മുൻപിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയിത്തം കല്പിച്ച രാജ്യമാണ് ഇന്ത്യ. ഗർഭപാത്രത്തിലെ ചോരയിൽ നിന്ന് ഉയിര് ഉയിർത്തവർ നടത്തുന്ന ആർത്തവ അയിത്ത ലഹളയിൽ ഭയന്ന് റെഡി ടു വെയിറ്റ് പറയാൻ നമ്മൾ തയ്യാറല്ല.

1927ൽ മനുസ്മൃതി കത്തിച്ച്, അവിടെ കൂടിയ ജനതയ്ക്ക് ഡോ.ബി.ആർ അംബേദ്കർ വാഗ്ദാനം നൽകിയതാണ് നമ്മുടെ ഭരണഘടന.
സവർണ്ണനെ ബഞ്ചിൽ ഇരുത്തി പഠിപ്പിച്ച അതേ ക്ലാസ് റൂമിന്റെ മൂലയിൽ, തറയിൽ ചാക്കിനു മുകളിലിരുന്നു പഠിച്ച “അയിത്ത ജാതിക്കാരൻ” ഉണ്ടാക്കിയതാണ് ഈ ഭരണഘടന. ആ ഭരണഘടന സ്ത്രീയോട് അയിത്തവും തൊട്ടുകൂടായ്മയും അനുവദിക്കില്ല- എന്നു തന്നെയാണ് സുപ്രീം കോടതി ഭരണഘടനയെ വ്യാഖ്യാനിച്ചത്.

ആർത്തവം അശുദ്ധമാണെന്നു പറയുന്ന മനു വാദികളോട് തുല്യനീതിയുടെ ഭരണഘടന ഉയർത്തി നമ്മൾ ഉറക്കെ മുഴക്കും- #ആർപ്പോആർത്തവം

നവംബർ 25 ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി 9 വരെ എറണാകുളം വഞ്ചി സ്ക്വയറിൽ നമുക്ക് ഒത്തുകൂടാം; ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റാം. പരിപാടി തീരുമാനിക്കാം… പ്രഖ്യാപിക്കാം. ശബരിമലയിൽ പോയതിനാൽ സംഘപരിവാർ ആക്രമണം നേരിടുന്ന നമ്മുടെ സ്ത്രീകളും മൃദുലാ ദേവി ശശിധരൻ, സണ്ണി എം. കപിക്കാട്, സുനിൽ പി. ഇളയിടം, എസ്. ഹരീഷ്, ശ്രീചിത്രൻ എം .ജെ തുടങ്ങിയവരും അന്നേദിവസം നമുക്കൊപ്പമുണ്ടാകും.”