മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ യുവന്റ്‌സിനെതിരെ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ ഗോളായിരുന്നു ഫുട്‌ബോള്‍ ലോകത്തെ കഴിഞ്ഞയാഴ്ചത്തെ സംസാരവിഷയം. വായുവില്‍ ഉയര്‍ന്നു ചാടി റോണോ നേടിയ ഗോളിനെ ലോകത്തിലെ മികച്ച ഗോളായി ചിത്രികരിച്ച താരങ്ങളും ആരാധകരും രംഗത്തെത്തുമ്പോള്‍ മറ്റൊരു അത്ഭുത ഗോളുമായി കളം നിറഞ്ഞിരിക്കുകയാണ് ആഴ്‌സണല്‍ താരം ആരോണ്‍ റാംസി.
യുവേഫ യൂറോപ്പ് ലീഗിലാണ് റാംസിയുടെ സുന്ദര ഗോള്‍ പിറന്നിരിക്കുന്നത്. സി.എസ്.എ.കെ മോസ്‌കോയ്ക്കെതിരെയായിരുന്നു റാംസിയുടെ ബാക്ക്ഹീല്‍ ഗോള്‍. ജര്‍മന്‍ സൂപ്പര്‍താരം മെസ്യൂട്ട് ഓസില്‍ നല്‍കിയ പാസ് സ്വീകരിച്ചാണ് റാംസി വായുവിലുയര്‍ന്നു ചാടി പിന്‍കാലുകൊണ്ട് ബോള്‍ ഗോള്‍ വലയിലാക്കിയത്. ഈ സമയത്ത് കാഴ്ചക്കാരനായി നില്‍ക്കാന്‍ മാത്രമേ മോസ്‌കോയുടെ ഗോളിയ്ക്ക് കഴിഞ്ഞുള്ളു.
റാംസി നേടിയ ഗോള്‍ ഇതിനോടകം തന്നെ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. മത്സരത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. റോണോയുടെ ഗോളുമായി താരതമ്യം ചെയ്താണ് മിക്കവരും റാംസിയുടെ വീഡിയോ പങ്കുവെക്കുന്നത്.
നേരത്തെ യുവന്റ്‌സിനെതിരെ റോണാള്‍ഡോ നേടി ഗോളും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. വലതുവിങ്ങില്‍നിന്നും ഡാനി കാര്‍വജാല്‍ ഉയര്‍ത്തി നല്‍കിയ ക്രോസായിരുന്നു മനോഹരമായ ബൈസിക്കില്‍ കിക്കിലൂടെ റോണോ യുവെ ബോക്‌സിലേക്ക്അടിച്ചുകയറ്റിയത്. യുവെ ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ബുഫണിനെ മറികടന്നായിരുന്നു റോണോയുടെ ഈ ഗോള്‍.