| Sunday, 17th March 2024, 11:27 am

മുംബൈക്ക് വേണ്ടി കളിക്കുമ്പോൾ രോഹിത് നേരിടുന്ന പ്രധാന വെല്ലുവിളി അതായിരിക്കും: ആരോൺ ഫിഞ്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി എന്താണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഷോ ഗെയിം പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരം.

ക്യാപ്റ്റന്‍ എന്ന സ്ഥാനത്തിന്റെ ഭാരം ഇല്ലാതെ ഒപ്പണിങ്ങില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക എന്നതാണ് രോഹിത് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് ഫിഞ്ച് പറഞ്ഞത്.

‘വര്‍ഷങ്ങളായി ഇന്ത്യയ്ക്കും മുംബൈക്കുമായി നിരവധി തവണ രോഹിത് ഓപ്പണിങ്ങില്‍ ഇറങ്ങിയിട്ടുണ്ട്. ഈ കാര്യം മാത്രമായിരിക്കും രോഹിത് ശർമക്ക് വെല്ലുവിളി ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം ക്യാപ്റ്റന്‍ എന്ന പദവി ഇല്ലാതെയാണ് അവന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക,’ ഫിഞ്ച് പറഞ്ഞു.

ക്യാപ്റ്റന്‍സിയുടെ ഭാരം ഇല്ലാതെ രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ അത് രോഹിത്തിന് വ്യക്തിപരമായും മുംബൈക്കും വളരെയധികം ഗുണം ചെയ്യുമെന്നും ഫിഞ്ച് പറഞ്ഞു.

‘ഒരു ടീമിനെ എപ്പോഴും നയിക്കുമ്പോള്‍ ഒരു ക്യാപ്റ്റനെ കളിയിലെ എല്ലാ മേഖലയിലും ശ്രദ്ധിക്കേണ്ടിവരും. എന്നാല്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സമ്മര്‍ദങ്ങളില്ലാതെ രോഹിത്തിന് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത് വ്യക്തിപരമായി അദ്ദേഹത്തിനും മുംബൈ ഇന്ത്യന്‍സ് വളരെയധികം ഗുണമാണ് ചെയ്യുക,’ മുന്‍ ഓസ്‌ട്രേലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്. ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ഇതേ മിന്നും പ്രകടനം പുതിയ സീസണിലും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.

Content Highlight: Aaron Finch talks the main challange face Rohit Sharma in IPL 2024

We use cookies to give you the best possible experience. Learn more