മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇത്തവണ കമന്ററി ബോക്സില്‍ നിന്നുമാണ് ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് കൊടി ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആരാധകരെ നിരാശരാക്കുന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഫിഞ്ച്. കെ.എല്‍. രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ഈ സീസണില്‍ പ്ലേ ഓഫിലെത്തില്ലെന്നാണ് താരത്തിന്റെ പ്രവചനം.
ലഖ്‌നൗവിന്റെ ബൗളിങ് ലൈനപ്പാണ് കാരണമെന്നും ഡെത്ത് ഓവറുകളില്‍ താരങ്ങള്‍ വെള്ളം കുടിക്കുമെന്നും ഫിഞ്ച് പറഞ്ഞു. വരാനിരിക്കുന്ന സീസണില്‍ അത് ലഖ്‌നൗവിനെ പോയിന്റ് നേടുന്നതില്‍ നിന്ന് തടസപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുമ്പോഴാണ് ഫിഞ്ച് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഡെത്ത് ബൗളിങ്ങില്‍ ഒരു ദൗര്‍ബല്യം ഞാന്‍ കാണുന്നു. മധ്യഭാഗത്തുടനീളം അവര്‍ക്ക് ധാരാളം ഓപ്ഷനുകളുണ്ട്, അവര്‍ക്ക് കുറച്ച് മികച്ച ഓള്‍ റൗണ്ടര്‍മാരുമുണ്ട്. പക്ഷേ, കോമ്പിനേഷനുകള്‍ നോക്കുമ്പോള്‍, നല്ല നിലവാരമുള്ള നാല് ഓവര്‍ ഡെത്ത് ബൗളിങ് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ഫിഞ്ച് പറഞ്ഞു.
മാത്രമല്ല, ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ട്രിനിഡാഡന്‍ താരം നിക്കോളാസ് പൂരനാകും സീസണിലെ എക്സ് ഫാക്ടര്‍ എന്നും ഫിഞ്ച് പറഞ്ഞു. കഴിഞ്ഞ സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കി പൂരനെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
‘സീസണില്‍ ലഖ്നൗ നിരയില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട താരം നിക്കോളാസ് പൂരനാണ്. അവര്‍ പൂരനെ ടീമിലെത്തിക്കാന്‍ വളരെ വലിയ തുകയാണ് മുടക്കിയത്. കഴിഞ്ഞ സീസണില്‍ അവന്‍ അത്രകണ്ട് മികച്ച പ്രകടനമായിരുന്നില്ല നടത്തിയത്. എന്നാല്‍ അവന് എത്രത്തോളം അപകടകാരിയായി മാറാന്‍ സാധിക്കുമെന്ന് നമുക്ക് അറിവുള്ള കാര്യമാണ്.
വളരെ വലിയ സ്ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചുകൂട്ടാന്‍ അവന് സാധിക്കും. അതു പ്രത്യേകിച്ച് ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ. അതുകൊണ്ട് എന്നെ സംബന്ധിച്ച് ഈ സീസണില്‍ എതിരാളികള്‍ സൂക്ഷിക്കേണ്ട താരങ്ങളില്‍ ഒരാള്‍ പൂരന്‍ തന്നെയാണ്,’ ഫിഞ്ച് പറഞ്ഞു.
അതേസമയം, ഏപ്രില്‍ ഒന്നിനാണ് ലഖ്നൗവിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടായ എകാന സ്പോര്‍ട്സ് സിറ്റിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ദല്‍ഹിയാണ് എതിരാളികള്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്‌ക്വാഡ്
ആയുഷ് ബദോനി, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്സ്, മനന്‍ വോഹ്റ, ഡാനിയല്‍ സാംസ്, ദീപക് ഹൂഡ, കരണ്‍ ശര്‍മ, കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയ്ന്‍സ്, പ്രേരക് മന്‍കാദ്, സ്വപ്നില്‍ സിങ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അമിത് മിശ്ര, ആവേശ് ഖാന്‍, ജയ്ദേവ് ഉനദ്കട്, മാര്‍ക് വുഡ്, മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്ണോയ്, റൊമാരിയോ ഷെപ്പേര്‍ഡ്, യഷ് താക്കൂര്‍, യുദ്ധ്വീര്‍ സിങ്.
Content Highlights: Aaron Finch predicts Lucknow Super Giants will not reach playoff this season