|

സച്ചിന്റെ റെക്കോഡ് തകര്‍ത്താല്‍ വിരാടിനെ മറികടക്കാന്‍ ആര്‍ക്കുമാകില്ല എന്ന് എനിക്കുറപ്പാണ്: ആരോണ്‍ ഫിഞ്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഏകിദനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. താരത്തിന്റെ ബാറ്റിങ്ങിനെയും കളിരീതിയെയും പുകഴ്ത്തുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

വിരാട് സച്ചിന്റെ റെക്കോഡ് മറികടക്കുകയാണെങ്കില്‍ അത് എക്കാലവും തകരാതെ ഇരിക്കുമെന്ന് തനിക്കുറപ്പാണെന്നുള്ള ഫിഞ്ചിന്റെ വാക്കുകളാണ് കോഹ്‌ലിയുടെ റെക്കോഡ് നേട്ടത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയാകുന്നത്.

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫിഞ്ച് ഇക്കാര്യം പറഞ്ഞത്.

‘അത് 49ഓ 50ഓ ആകട്ടെ, ഇനി ആര്‍ക്കും തന്നെ ആ നേട്ടം മറികടക്കാന്‍ സാധിക്കില്ലെന്ന് എനിക്കുറപ്പാണ്. വിരാട് സച്ചിന്റെ റെക്കോഡ് മറികടക്കുകയാണെങ്കില്‍ അത് എക്കാലവും ആരാലും തകര്‍ക്കപ്പെടാന്‍ സാധിക്കാതെ തുടരുമെന്ന് എനിക്കുറപ്പാണ്,’ ഫിഞ്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിക്കിടെ പറഞ്ഞു.

ഈ ലോകകപ്പില്‍ തന്നെ മറ്റ് മൂന്ന് സെഞ്ച്വറി കൂടി നേടാന്‍ വിരാടിന് സാധിക്കുമായിരുന്നു. മൂന്ന് തവണയാണ് വിരാട് സെഞ്ച്വറിക്ക് തൊട്ടടുത്തെത്തി വീണുപോയത്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 95 റണ്‍സിന് പുറത്തായ വിരാട്, ശ്രീലങ്കക്കെതിരെ 88 റണ്‍സിനും ഓസ്‌ട്രേലിയക്കെതിരെ 85 റണ്‍സിനും പുറത്തായിരുന്നു.

തന്റെ റെക്കോഡിനൊപ്പമെത്തിയ വിരാട് കോഹ്‌ലിയെ പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുക്കറുമെത്തിയിരുന്നു. വിരാട് തന്റെ റെക്കോഡ് വരും ദിവസങ്ങളില്‍ തകര്‍ക്കുമെന്ന് വിശ്വസിക്കുന്നുവെന്നാണ് സച്ചിന്‍ പറഞ്ഞത്.

‘വളരെ മികച്ച രീതിയില്‍ കളിച്ചു വിരാട്. ഈ വര്‍ഷമാദ്യം എനിക്ക് 49ല്‍ നിന്ന് 50ലെത്താന്‍ 365 ദിവസങ്ങളാണെടുത്തത്. എന്നാല്‍ വരും ദിവസങ്ങളില്‍ നീ 49ല്‍ നിന്നും 50ലെത്തുമെന്നും എന്റെ റെക്കോഡ് തകര്‍ക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു, അഭിനന്ദനങ്ങള്‍,’ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സച്ചിന്‍ കുറിച്ചു.

ഈ ലോകകപ്പില്‍ ഇന്ത്യക്ക് ഇനി ചുരുങ്ങിയത് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഈ മത്സരങ്ങളില്‍ തന്നെ വിരാട് ഈ നേട്ടം കൈവരിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

നവംബര്‍ 12നാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

Content Highlight: Aaron Finch praises Virat Kohli