| Monday, 16th October 2023, 7:46 pm

നിരാശനാകുമ്പോള്‍ അത് സംഭവിക്കുന്നത് സാധാരണം; ആദ്യ പന്തില്‍ തന്നെ മോശം തീരുമാനം, തൊട്ടടുത്ത നിമിഷം വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ആദ്യ ജയം തേടിയാണ് മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും ഓസ്‌ട്രേലിയയും കളത്തിലിറങ്ങിയിരിക്കുന്നുന്നത്. ലഖ്‌നൗ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ശ്രീലങ്കക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ പാതും നിസംഗയും കുശാല്‍ പെരേരയും ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 67 പന്തില്‍ 61 റണ്‍സ് നേടിയ പാതും നിസംഗയെ പുറത്താക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ അഡ്വാന്റേജ് നേടാമെന്ന പാറ്റ് കമ്മിന്‍സിന്റെ തീരുമാനത്തിന് തിരിച്ചടിയേറ്റിരുന്നു. ലങ്കന്‍ ഓപ്പണര്‍ക്കെതിരെയുള്ള എല്‍.ബി.ഡബ്ല്യൂ അപ്പീലില്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പ്രതികൂലമായതോടെ കമ്മിന്‍സ് റിവ്യൂ എടുക്കുകയായിരുന്നു.

View this post on Instagram

A post shared by ICC (@icc)

എന്നാല്‍ റിവ്യൂവില്‍ കമ്മിന്‍സിന് നിരാശയായിരുന്നു ഫലം. പന്ത് പാഡില്‍ തട്ടും മുമ്പ് തന്നെ ബാറ്റില്‍ തട്ടിയതായി അള്‍ട്രാ എഡ്ജ് വ്യക്തമാക്കുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് റിവ്യൂ നഷ്ടപ്പെടുത്തി.

റിവ്യൂ നഷ്ടപ്പെട്ടതിന് പിന്നാലെ കമന്ററി ബോക്‌സിലിരുന്ന് കളിവിവരണം നല്‍കിയിരുന്ന മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് കമ്മിന്‍സിന്റെ തീരുമാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. നിരാശനായിരിക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് സ്വാഭാവികമെന്നായിരുന്നു ഫിഞ്ച് പറഞ്ഞത്.

ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടിന്റെ അഡ്വാന്റേജ് മുതലാക്കാന്‍ ശ്രീലങ്കക്ക് സാധിക്കാതെ വന്നതോടെ ടീം 209 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഒരുവേള ടീം സ്‌കോര്‍ 300 കടക്കുമെന്ന് കരുതിയിടത്ത് നിന്നുമാണ് ലങ്ക കാലിടറി വീണത്.

157 റണ്‍സിന് ഒന്ന് എന്ന നിലയില്‍ നിന്നുമാണ് ലങ്ക 209ന് പത്ത് എന്ന നിലയിലേക്ക് വീണത്. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഒമ്പത് വിക്കറ്റും ലങ്ക വലിച്ചെറിഞ്ഞത്.

നിസംഗക്കൊപ്പം ആദ്യ വിക്കറ്റില്‍ തകര്‍ത്തടിച്ച കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. 82 പന്തില്‍ 78 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ ലങ്കക്കായി മികച്ച സ്‌കോര്‍ സ്വന്തമാക്കിയ വെടിക്കെട്ട് വീരന്‍മാരായ കുശാല്‍ മെന്‍ഡിസും സധീര സമരവിക്രമയും അടക്കമുള്ള ഏഴ് താരങ്ങള്‍ ഒറ്റയക്കത്തിനാണ് പുറത്തായത്.

39 പന്തില്‍ 25 റണ്‍സ് നേടിയ ചരിത് അസലങ്കയാണ് ലങ്കക്കായി ഇരട്ടയക്കം തികച്ച മൂന്നാമത് താരം.

ഒടുവില്‍ 43.3 ഓവറില്‍ ശ്രീലങ്കക്ക് 209 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഓസീസിനായി ഉസ്മാന്‍ ഖവാജ നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഡേവിഡ് വാര്‍ണറിനെയും സ്റ്റീവ് സ്മിത്തിനെയും ആദ്യ നാല് ഓവറിനുള്ളില്‍ തന്നെ നഷ്ടമായിരുന്നു. വാര്‍ണര്‍ ആറ് പന്തില്‍ 11 റണ്‍സ് നേടിയപ്പോള്‍ അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയായിരുന്നു സ്മിത്തിന്റെ മടക്കം. ദിഷന്‍ മധുശങ്കയാണ് ഇരുവരെയും പുറത്താക്കിയത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 42 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. 22 പന്തില്‍ 29 റണ്‍സുമായി മിച്ചല്‍ മാര്‍ഷും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

Content highlight: Aaron Finch on Pat Cummins’ decision to take review in 1st ball

We use cookies to give you the best possible experience. Learn more