| Monday, 4th July 2022, 3:23 pm

എന്തൊരു ഭംഗിയാണ് ഈ ജോഡി; പ്രണയ നിമിഷങ്ങളുമായി ആരോമല്‍...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ആരോമല്‍ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളോടെയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.

ദുല്‍ഖര്‍-മൃണാള്‍ കോമ്പോ കെമിസ്ട്രി പാട്ടില്‍ മികച്ചുനിന്നിട്ടുണ്ട്. മൃണാളിന്റെയും ദുല്‍ഖറിന്റെയും ജോഡിയെ അഭിനന്ദിച്ചും നിരവധി കമന്റുകള്‍ പാട്ടിന് കീഴില്‍ വരുന്നുണ്ട്.

സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്ത് വന്നിരിക്കുന്നത്. പാട്ടിന്റെ തെലുങ്ക്, തമിഴ്, മലയാളം വേര്‍ഷനുകള്‍ സോണി സൗത്ത് പുറത്ത് വിട്ടിട്ടുണ്ട്. സൂരജ് സന്തോഷാണ് മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം. ലഫ്. റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രാശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്‌ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight: aaromal lyrical song from seetha ramam starring dulquer salman and mrunal thakkar

We use cookies to give you the best possible experience. Learn more