| Tuesday, 5th May 2020, 3:59 pm

സുരക്ഷാവീഴ്ച, സാങ്കേതിക പിഴവ്, ഭരണഘടനക്കെതിര്; കേന്ദ്രസര്‍ക്കാരിന്റെ 'ആരോഗ്യ സേതു' അപകടം

അജ്‌മൽ ആരാമം

കൊവിഡ് വ്യാപനം പ്രതിരോധിക്കുവാനുള്ള ദേശീയ ലോക്ക്ഡൗൺ  മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ പുറത്തിറക്കിയ ആരോഗ്യ സേതു മൊബൈല്‍ അപ്ലിക്കേഷന്‍ സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പിന്തുടരുകയും ചെയ്ത്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സമീപം കൊവിഡ് ബാധിതര്‍ ഉണ്ടോ എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ആരോഗ്യ സേതു ആപ്പ് നല്‍കും.

ഏപ്രില്‍ 14ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ജില്ലാ ഭരണകൂടങ്ങളോട് തങ്ങളുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  വഴിയും ആരോഗ്യ സേതുവിന് പരമാവധി പ്രചാരണം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും പരസ്യങ്ങളും നിരവധി നല്‍കി.

പുറത്തിറക്കിയതിന് ശേഷം 13 ദിവസത്തിനുള്ളില്‍ തന്നെ 5 കോടിക്ക് മുകളില്‍ ഡൗണ്‍ലോഡുകളായി ലോകത്തിലെ തന്നെ അതിവേഗ മൊബൈല്‍ അപ്ലിക്കേഷന്‍ ആയി ആരോഗ്യ സേതു മാറിയെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ഏപ്രില്‍ മാസത്തില്‍ അവകാശപ്പെട്ടിരുന്നു.

ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയം 8.3 കോടിക്ക് മുകളില്‍ ആളുകള്‍ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ 11 ഭാഷകളിലായി ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്.

അഞ്ച്‌കോടി ആളുകളിലേക്കെത്താന്‍ ടെലിഫോണ്‍ 75 വര്‍ഷവും, റേഡിയോ 38 വര്‍ഷവും, ഇന്റര്‍നെറ്റ് 4 വര്‍ഷവും, ഫേസ്ബുക് 19 മാസവും, പോക്കിമോന്‍ ഗോ 19 ദിവസവും എടുത്തപ്പോള്‍ ആരോഗ്യ സേതുവിന് വേണ്ടി വന്നത് 13 ദിവസം മാത്രമാണെന്നും അമിതാഭ് കാന്ത് പറഞ്ഞുവെക്കുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റാബേസില്‍ നിന്നും കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ആരോഗ്യ സേതു ആപ്പ് ശേഖരിക്കുന്നു. ശേഷം ജി.പി.എസ്, ബ്ലൂടൂത്ത് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രോഗ ബാധിതനായ വ്യക്തി ഉപയോക്താവിന് സമീപമെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ആരോഗ്യ സേതുവിലുള്ളത്.

ഉപയോക്താക്കളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ പേര്, ലിംഗം, വയസ്സ്, ജോലി, യാത്ര ചെയ്ത രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ആരോഗ്യ സേതു ചോദിക്കുന്നുണ്ട്. കൂടാതെ ഉപയോക്താക്കള്‍ക്ക് കൊവിഡ് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് വിലയിരുത്തുവാനുള്ള സംവിധാനവുമുണ്ട്.

ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കളുടെ ഓരോ ചലനവും നിരന്തരം ശേഖരിക്കുന്നുണ്ട് ആരോഗ്യ സേതു. രോഗ വ്യാപനം തടയാന്‍ എന്ന വാദത്തിലാണെങ്കിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും സമ്മാനിക്കുക എന്ന വാദം ഇതിനോടകം ശക്തമായിക്കഴിഞ്ഞു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം വഴി സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും വ്യക്തികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ (re-identify) സാധിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

ശേഖരിക്കപ്പെടുന്ന വ്യക്തിവിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറുകയില്ലെന്ന് വാദിക്കുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ പ്രൈവസി പോളിസി പ്രകാരം അനുയോജ്യരാണെന്ന് കരുതുന്ന ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആര്‍ക്കൊക്കെ ഈ വ്യക്തിവിവരങ്ങള്‍ ലഭ്യമായിരിക്കുമെന്നും എത്രനാള്‍ ഗവണ്മെന്റ് ഡാറ്റാബേസില്‍ ഈ വിവരങ്ങള്‍ സൂക്ഷിക്കപ്പെടുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

കേവലം സ്വകാര്യതയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കപ്പുറം സര്‍ക്കാരിന്റെ ശക്തമായൊരു നിരീക്ഷണോപാധിയായി ആത്യന്തികമായി ആരോഗ്യ സേതു മാറാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.എല്ലാ പൗരന്മാരും നിര്‍ബന്ധമായും ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദേശത്തിന് ഭരണഘടനാ സാധുത പോലും സാധ്യമല്ലെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അത്ര നിഷ്‌ക്കളങ്കമായി സമീപിക്കേണ്ടതല്ല ഈ സംവിധാനത്തെയെന്നാണ് ഉയര്‍ന്നുവരുന്ന ഓരോ വാദവും അടിവരയിടുന്നത്.

കൃത്യമായി എഴുതി പൂര്‍ത്തീകരിക്കപ്പെടാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് ഇതുസംബന്ധിച്ച് നിലവിലുള്ളെന്നതിനാല്‍ ഭാവിയില്‍ ആരോഗ്യപരമല്ലാത്ത ആവശ്യങ്ങള്‍ക്കുവേണ്ടി ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് നിലവില്‍ നിരോധനങ്ങളും ഇല്ല എന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.

അതിശയകരമായ തരത്തിലാണ് കൊവിഡ് കാലം മുന്‍നിര്‍ത്തി ആരോഗ്യസേതു ആപ്പിനുമേല്‍ ഗവേഷണങ്ങള്‍ നടക്കുന്നത്. മൊബൈല്‍ ആപ്പും അതിനുള്ളിലെ ചില ഫീച്ചറുകള്‍ സവിശേഷമായും വിവിധ തരത്തില്‍ ടെസ്റ്റ് ചെയ്യുന്നതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഇതിനോടകം ഗവേഷണം ആരംഭിച്ചിട്ടുണ്ട്.

ഡാറ്റ സയന്‍സിന്റെയും, മെഷീന്‍ ലേണിങ്ങിന്റെയും പുതിയ സാധ്യതകള്‍ അന്വേഷിച്ച് വരും തലമുറ സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി ആരോഗ്യ സേതുവിന്റെ പുതിയ വേര്‍ഷനുകള്‍ നിര്‍മ്മിക്കുവാനുള്ള ജോലിയിലാണ് ടെക് മഹീന്ദ്രയും മഹീന്ദ്ര ഗ്രൂപ്പും. നിലവില്‍ സ്മാര്‍ട്‌ഫോണില്‍ മാത്രം ലഭ്യമായ ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഫീച്ചര്‍ ഫോണുകളിലും ലഭ്യമാകുന്ന തരത്തില്‍ പരിവര്‍ത്തിപ്പിക്കുവാനും ടെക് മഹീന്ദ്ര ഗവേഷണം തുടങ്ങിയിട്ടുണ്ട്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ പര്യാപ്തരായ ഇന്ത്യയിലെ ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായും അനൗദ്യോഗികമായും കൊവിഡ് വിവരങ്ങള്‍ ലഭിക്കുന്നതില്‍ നിലവില്‍ കാര്യമായ കുറവുകളൊന്നും ഇല്ല. ഈ സാഹചര്യത്തിലാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യകത തന്നെ സംശയം ജനിപ്പിക്കുന്നത്.

കോണ്‍ടാക്ട് ട്രെയിസിംഗിന് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് സമൂഹ നിരീക്ഷണത്തെ സ്ഥാപനവത്കരിക്കുകയാണ് അടിസ്ഥാനപരമായി ചെയ്യുക. നിലവില്‍ ഇന്ത്യയില്‍ സമഗ്രമായ വിവര സുരക്ഷാ നിയമങ്ങള്‍ ഒന്നുംതന്നെ നിലവിലില്ല എന്നത് സാഹചര്യം കൂടുതല്‍ ഗൗരവമാക്കുന്നു.

സ്വകാര്യതാ ലംഘനങ്ങളുടെ വിളനിലമാണ് ആരോഗ്യ സേതുവെന്നും ആവശ്യത്തിന് മാത്രം വിവരം ശേഖരിക്കുക, ശേഖരിച്ച വിവരങ്ങള്‍ ഏത് ഉദ്ദേശത്തിനാണോ അതിന് മാത്രം ഉപയോഗിക്കുക, സുതാര്യതയും ചുമതലകളും സർക്കാരിനുമേൽ നിലനിര്‍ത്തുക തുടങ്ങി നിര്‍ബന്ധ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ ഈ മൊബൈല്‍ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പാലിക്കപ്പെടുന്നില്ലെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ വിശകലനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി മൗലികാവകാശമായി പ്രഖ്യാപിച്ച സ്വകാര്യതക്കുള്ള അവകാശങ്ങളോട് പൊരുത്തപ്പെടുന്നില്ല എന്നുമാത്രമല്ല പൗരന്മാര്‍ക്കുമേലുള്ള ഒരു സ്ഥിരം നിരീക്ഷണായുധമായി ആരോഗ്യ സേതു മാറുമെന്നും കൊവിഡ് സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള  ഫ്രീഡം ഫൗണ്ടേഷന്റെ ഗവേഷണ പ്രബന്ധത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൊവിഡ് വ്യാപനത്തിന് സാങ്കേതിക മാര്‍ഗങ്ങള്‍ പിന്തുടരുന്ന മറ്റു രാജ്യങ്ങള്‍ കൈക്കൊണ്ടിട്ടുള്ള അടിസ്ഥാനപരമായ മുന്‍കരുതലുകള്‍പോലും ആരോഗ്യസേതു അവലംബിച്ചിട്ടില്ല. സിംഗപ്പൂരില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ആരോഗ്യ മന്ത്രാലയം മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്ന് നിയമപരമായി വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ മുന്‍കരുതലുകള്‍ ഹോങ്കോങ്ങിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ട്. പൊലീസിനോ നിയമ സംവിധാനങ്ങള്‍ക്കോ ഒരു ഘട്ടത്തിലും ഈ വിവരങ്ങള്‍ കൈമാറുകയില്ലെന്നും നിയമപരമായി ഈ രാജ്യങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വിചിത്രമാണ്. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യസേതുവും സമാനമായ സാങ്കേതിക സംവിധാനങ്ങളും വികസിപ്പിക്കാന്‍ നിരവധി കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാലയളവില്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ ഏതെങ്കിലും നോട്ടിഫിക്കേഷനുകളിലോ പ്രസ് റിലീസുകളിലോ ഈ ഗവേഷണങ്ങളിലൊന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കാര്യമായ പങ്ക് കാണാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം, മറിച്ച് കേവലം സ്ഥാപന സംബന്ധിതമായ വേഷം മാത്രമാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കുള്ളത്.

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി രോഗപ്രതിരോധത്തിന് മാത്രമായിരിക്കും വിവരങ്ങള്‍ ഉപയോഗിക്കുകയെന്നും ലോക്ക്ഡൗണ്‍ ഉറപ്പാക്കുവാനും സമ്പര്‍ക്ക വിലക്ക് നിരീക്ഷിക്കുവാനും യാതൊരു കാരണവശാലും ഉപയോഗിക്കുകയില്ലെന്നും സിംഗപ്പൂര്‍ വ്യക്തമാക്കുന്നു. സൈബര്‍ സുരക്ഷക്ക് പ്രാഥമിക പരിഗണന നല്‍കുന്ന ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍. അതേസമയം ‘നിയമാനുസൃതമായി കൈകാര്യം ചെയ്യും’ എന്ന് പറയുന്നതല്ലാതെ മറ്റു സുരക്ഷകളൊന്നും ഇന്ത്യയില്‍ ആരോഗ്യ സേതു ഉറപ്പു നല്‍കുന്നില്ല.

ഏറ്റവും മിനിമം സാങ്കേതിക വിദ്യയില്‍ അടിസ്ഥിതമായിരിക്കണം നിരീക്ഷണ സംവിധാനങ്ങള്‍ എന്ന അടിസ്ഥാന സ്വകാര്യതാതത്വങ്ങള്‍ പോലും ആരോഗ്യ സേതുവില്‍ പാലിക്കപ്പെട്ടിട്ടില്ല. സിംഗപ്പൂര്‍ സര്‍ക്കാര്‍ സമാനമായ സംവിധാനത്തിന് ബ്ലൂടൂത്ത് മാത്രമാണ് ആശ്രയിച്ചത്. മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജി.പി.എസ്സിനെ മാത്രവും. ഇന്ത്യയില്‍ ഇത് രണ്ടും ഒരേസമയം ഉപയോഗിക്കുന്നു. കാര്യക്ഷമത ഉറപ്പാക്കാനാണെന്ന പൊതു വാദത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല അത്.

മറ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഏതെങ്കിലും ഒരു ഡാറ്റാപോയിന്റില്‍ മാത്രം വിവരം ശേഖരിക്കുകയും ഓരോ വ്യക്തിയെയും തിരിച്ചറിയുവാനുള്ള സംവിധാനങ്ങള്‍ (Device Identifier)വഴി അവ സുരക്ഷിതമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആരോഗ്യ സേതു വ്യക്തിപരവും സൂക്ഷ്മവുമായ നിരവധി വിവരങ്ങളുടെ വിവിധ ഡാറ്റാ പോയിന്റുകളാണ് ശേഖരിക്കുന്നത്. അതുവഴി ചെറുതായൊന്നുമല്ല സ്വകാര്യത അപകടത്തിലാകുന്നതും.

ആരോഗ്യ സേതുവിന്റെ പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ച് യാതൊരു സുതാര്യതയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടില്ല. ഉപയോക്താവിന് മുന്നില്‍ കാണുന്ന സ്‌ക്രീനുകളും (User Interface) ഒഴുക്കന്‍ മട്ടില്‍ തയ്യാറാക്കിയിട്ടുള്ള പ്രൈവസി പോളിസിയും മാത്രമാണ് ഉപയോക്താവിന് മുന്നില്‍ ആകെയുള്ള രേഖകള്‍.

മറ്റു രാജ്യങ്ങളിലുള്ള സമാനമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സാധിക്കാവുന്നിടത്തോളം വിവരം ഉപയോക്താവിന് കൈമാറുന്നതാണ് പൊതു രീതി. അവയില്‍ മാനിഫെസ്റ്റോയും, സാങ്കേതിക സവിശേഷതകള്‍ വിവരിക്കുന്ന രേഖകളും, സ്ഥിരമായി ഉയരുന്ന ചോദ്യങ്ങളും, ചിലപ്പോള്‍ മൊബൈല്‍ ആപ്പിന്റെ സോഴ്‌സ് കോഡുകളും വരെ ഉള്‍പ്പെടുന്നു. എന്നാല്‍ നേരെ വിപരീത ദിശയിലാണ് ആരോഗ്യ സേതു എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട സാങ്കേതികത സ്വതന്ത്രമായി പരിശോധിക്കാനാണെങ്കിൽ പോലും ‘റിവേഴ്സ് എഞ്ചിനീയറിംഗ്’ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരിക്കുന്നു.

ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ നിന്നും ഗവണ്‍മെന്റിനെ പാടെ ഒഴിവാക്കുന്ന തരത്തിലാണ് (blanket liability limitation) ആരോഗ്യ സേതുവിന്റെ സര്‍വീസ് എഗ്രിമെന്റുകളും സുരക്ഷാ നയങ്ങളും എഴുതപ്പെട്ടിട്ടുള്ളത്. അതായത്, ഉപയോക്താക്കള്‍ക്ക് ഒരു ഘട്ടത്തിലും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാനോ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച 2017 പുട്ടസ്വാമി വിധി ആധാരമാക്കി ഗവണ്‍മെന്റിനെ കോടതി കയറ്റുവാനോ സാധ്യമല്ല എന്ന തരത്തിലാണ് നിലവില്‍ കാര്യങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്.

പുട്ടസ്വാമി വിധി വന്ന് മൂന്ന് വര്‍ഷം തികയാറാകുമ്പോഴും വിവര സുരക്ഷയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടും ഇന്ത്യക്ക് ഇന്നുവരെ സമഗ്രമായ വിവര സുരക്ഷാ നിയമം പാസാക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഗൗരവത്തോടെ മനസ്സിലാക്കേണ്ടതാണ്.1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമമാണ് ഇന്നും ഈ മേഖലയില്‍ ഇന്ത്യ അവലംബിക്കുന്നത്.

ശേഖരിക്കപ്പെട്ട് ഒരു മാസത്തിനു ശേഷം വ്യക്തിഗത വിവരങ്ങള്‍ മായ്ചുകളയും എന്ന് ഗവണ്‍മെന്റ് വാദിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി ഇളവുകളോട് കൂടി എന്ന നിലയിലാണ് ഇതും രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ വ്യക്തികള്‍ക്കോ ഗവേഷകര്‍ക്കോ തങ്ങളുടെ വിവരങ്ങള്‍ നിശ്ചിത കാലശേഷം ഡിലീറ്റ് ചെയ്യപ്പെട്ടോ എന്നോ തങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യ സേതുവിന്റെ ബാക്-എന്‍ഡില്‍ എന്താന്ന് സംഭവിക്കുന്നതെന്നോ പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല.

നിലവിലെ ആരോഗ്യ പ്രതിസന്ധിയെ ‘യുദ്ധത്തിനോടും’ ‘ഭീകരാക്രമണത്തോടുമൊക്കെ’ സമീകരിച്ചാണ് വായിക്കപ്പെടുന്നത്. സമാനമായ പ്രതിരോധ നടപടികളുടെ ആവശ്യകതകളെക്കുറിച്ചും ആളുകള്‍ വാചാലരാകുന്നുണ്ട്. ഭീകരാക്രമണ സമയങ്ങളില്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ സമൂഹ നിരീക്ഷണ സംവിധാനങ്ങള്‍ കാലങ്ങളോളം ചോദ്യം ചെയ്യപ്പെടാതെ തുടരുകയും അങ്ങേയറ്റം ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തതാണ് ചരിത്രം.

ആരോഗ്യ സേതു ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും ഏതുകാലയളവിനുള്ളില്‍ നശിപ്പിക്കപ്പെടുമെന്ന പരിധി ഗവണ്‍മെന്റ് (Sunset Clause) ഇതുവരെയും മുന്നോട്ട് വച്ചിട്ടില്ല. ഇതിന്റെ സെര്‍വറുകള്‍ മറ്റു സര്‍ക്കാര്‍ ഡാറ്റാബേസുകളുമായി ലിങ്ക് ചെയ്യപ്പെടുന്നുണ്ട് എന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അത്തരം പ്രവണതകള്‍ സ്ഥിരമായ പൗര നിരീക്ഷണ സംവിധാനങ്ങളിലേക്കായിരിക്കും നയിക്കുക.

വ്യക്തിഗത വിവരങ്ങളില്‍ ചിലത് സാങ്കേതികമായി മറച്ചുവെക്കപ്പെടുമെന്നാണ് (anonymise) സര്‍ക്കാര്‍ വാദം. എന്നാല്‍ ഏതു രീതിയില്‍ ഇത് നടപ്പാക്കുമെന്ന് പറയുവാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന് കഴിഞ്ഞിട്ടില്ല. സുതാര്യതയുടെ ഏറ്റവും ആദ്യപടി വിവരങ്ങള്‍ എങ്ങനെ മറച്ചുവെക്കപ്പെടുമെന്ന് ഉപയോതാവിനോട് വ്യകതമാക്കുന്നതുകൂടിയാണ് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം തന്നെ, മറച്ചുവെക്കപ്പെട്ട വിവരശേഖരങ്ങള്‍ (anonymised datasets) സൈബര്‍ ആക്രമണങ്ങള്‍ക്ക് അനായാസകരമായി ഇരയാക്കപ്പെടാറുണ്ട് എന്ന വിവിധ വിവര സുരക്ഷാ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നിരവധിയുണ്ട്.

ആരോഗ്യ സേതു അടിസ്ഥാനപരമായി സാങ്കേതികമായി തന്നെ പിഴവ് പറ്റിയതാണ്. കൊവിഡ് രോഗ ബാധിതനുമായുള്ള സാമീപ്യം എല്ലായിപ്പോഴും രോഗം പകരാനുള്ള സാധ്യതയാകില്ല. രണ്ട് വ്യക്തികള്‍ നിശ്ചിത അകലത്തില്‍ സുരക്ഷാ മുന്‍കരുതലുകളോടെ നിന്നാല്‍ തന്നെയും ആരോഗ്യ സേതു വഴി ഫോണുകള്‍ യൂണിക് ഐഡികള്‍ കൈമാറുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യാം.

പുതിയ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് 5 സാങ്കേതിക വിദ്യക്ക് 240  മീറ്റര്‍(800 അടി) ചുറ്റളവാണ് പരിധി. വ്യത്യസ്ത റൂമുകളിലോ, വ്യത്യസ്ത നിലകളില്‍ ആയിരുന്നാല്‍ തന്നെയും, അല്ലെങ്കില്‍ നിശ്ചിത അകലത്തില്‍ നടന്നുപോകുകയാണെങ്കിലും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ പരസ്പരം ബന്ധപ്പെടാനുള്ള സാധ്യത ഏറെയാണ്. ലോകാരോഗ്യ സംഘടയുടെ നിര്‍ദേശപ്രകാരം 1 മീറ്റര്‍ മാത്രമാണ് കൊവിഡ് പ്രതിരോധത്തിന് അകലം പാലിക്കേണ്ടത്. ഇത്തരത്തില്‍ തെറ്റായ മുന്‍കരുതലുകള്‍ നല്‍കുന്നത് വഴിയും വ്യക്തികള്‍ ‘സുരക്ഷിതനല്ല’ എന്ന വിഭാഗത്തില്‍ പെടുകയും സമ്പര്‍ക്ക വിലക്കിന് നിര്‍ബന്ധിതമാകുകയും ചെയ്യും.

കോണ്‍ടാക്ട് ട്രേസിങ് എന്ന സങ്കല്പം തന്നെ അടിസ്ഥാനപരമായി നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ യോജിക്കുന്നതല്ല. ബ്രൂക്കിങ്‌സ് ഗവേഷകരുടെ അഭിപ്രായപ്രകാരം കോണ്‍ടാക്ട് ട്രേസിങ് ഫലപ്രദമാകുക വലിയ ടെസ്റ്റിംഗ് കപ്പാസിറ്റിയും ചെറിയ വ്യാപന നിരക്കുമുള്ള സ്ഥലങ്ങളിലാണ്. ഇത് രണ്ടുമല്ല ഇന്ത്യയില്‍ നിലവില്‍. ഇത്തരം സംവിധാനത്തില്‍ പോസിറ്റീവും നെഗറ്റിവും കേസുകൾ തെറ്റായി വലിയ അളവില്‍ രേഖപ്പെടുത്താം. ജനസംഖ്യാ വലിപ്പമനുസരിച്ച് ഇതിന്റെ തോത് വര്‍ധിക്കുകയും ചെയ്യും. ഇതിനുദാഹരണങ്ങള്‍ ഇന്ത്യയില്‍ തന്നെ സമീപകാലത്തുണ്ടായിട്ടുണ്ട്. കൂടാതെ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗം സ്മാര്‍ട്‌ഫോണ്‍ സൗഭാഗ്യത്തിന് പുറത്താണ് ഇന്ന് ജീവിക്കുന്നത്.

ജോലി ആവശ്യാര്‍ത്ഥവും സുരക്ഷാ കാരണങ്ങളാലും മൊബൈല്‍ഫോണുകള്‍ അനുവദിക്കപ്പെടാത്ത മേഖലകളും സ്ഥാപനങ്ങളും നിരവധി ഇന്ത്യയിലുണ്ടെന്നും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കൂടാതെനിലവിലുള്ള സാമൂഹിക അസന്തുതുലിതാവസ്ഥയുടെ ആഴം വര്‍ധിപ്പിക്കുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനസമൂഹത്തിനെ കൂടുതല്‍ അകറ്റി നിര്‍ത്തുകയും കൂടി ചെയ്യുകയാണ് ആരോഗ്യ സേതു.

സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ എല്ലാവരും നിര്‍ബന്ധമായും ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്ന ആഭ്യന്തര മന്ത്രാലയം വഴിയുള്ള പേര്‍സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്‌മെന്റിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് വിദഗ്ദ്ധര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുച്ഛേദം 15 ഉള്‍പ്പടെയുള്ള ഭരണഘടനാ താല്പര്യങ്ങളുടെ പ്രകടമായ ലംഘനമാണ് ഈ നടപടി.

ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് നിലവില്‍ കൊവിഡ് പ്രതിരോധത്തിനായുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീക്കുന്നത്. നിരവധി അവ്യക്തതകളും വൈരുധ്യങ്ങളും നിറഞ്ഞതാണ് ഈ നിയമം. ഭരണഘടനയുടെ ഭാഗം മൂന്ന് പറയുന്നത് പ്രകാരം പൗരന്മാരുടെ അവകാശങ്ങള്‍ക്ക് വിലക്ക് കല്‍പിക്കപ്പെടുന്ന അവസരത്തില്‍, ആ വിലക്കുകളുടെ സാധുതകള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ, അവകാശങ്ങള്‍ നിഷേധിക്കുന്നത് ഏതെങ്കിലും നിയമാടിസ്ഥാനത്തില്‍ മാത്രമായിരിക്കണം എന്ന് ഭരണഘടനാ ആവശ്യപ്പെടുന്നുണ്ട്.

ആ നിയമം, എന്തൊക്കെ അവകാശങ്ങളാണ് ഹനിക്കുന്നത്, അതിന്റെ വിശദീകരണമെന്താണ്, നടപ്പാക്കുവാനുള്ള മാര്‍ഗങ്ങള്‍ എന്നിവ വ്യക്തമാക്കിയിരിക്കണം. നിയമ വിദഗ്ദ്ധനായ ഗൗതം ഭാട്ടിയ അഭിപ്രായപ്പെടുന്നതുപോലെ ദേശീയ ദുരന്ത നിവാരണ നിയമം ഇത്തരത്തില്‍ യാതൊന്നും ചര്‍ച്ച ചെയ്യുന്നില്ല. പൗരാവകാശങ്ങള്‍ നിയന്ത്രിക്കുന്നതിനുപോലും’പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന’ പൊതു ഉപാധിയാണ് ആധാരമായി മാറുന്നതെന്ന അവസ്ഥ തീര്‍ത്തും സുഖകരമല്ല.

ആരോഗ്യ സേതു നിര്‍ബന്ധമാക്കുന്നത് വഴി സ്വകാര്യതാ അവകാശം ലംഘിക്കപ്പെട്ടോ എന്ന വാദം ചില മാനദണ്ഡങ്ങളില്‍ നിന്നാണ് പരിശോധിക്കപ്പെടാറുള്ളത്. അത്തരമൊരു ഉത്തരവിന്റെ നിയമാനുസൃതമായ നിലനില്‍പ്പും ആവശ്യകതയും, നേരിടേണ്ട വിഷയത്തെ ഉത്തരവ് പ്രകാരം പരിഹരിക്കുവാന്‍ സാധിക്കുമോ, ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നോ, നേടേണ്ട ലക്ഷ്യവും ഹനിക്കപ്പെടുന്ന അവകാശങ്ങളും തമ്മിലുള്ള സന്തുലനം തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.

പുട്ടസ്വാമി വിധിപ്രകാരം ഡേറ്റയുടെ ഉടമസ്ഥര്‍ വ്യക്തികളാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ നിര്‍ബന്ധ ഡൗണ്‍ലോഡിങ്ങ് നിബന്ധനകള്‍ ഭരണഘടനയുടെ അനുച്ഛേദം 21ന് വിരുദ്ധമാകും.

നിയമവശങ്ങള്‍ ഇങ്ങനെയായിരിക്കെത്തന്നെ സുപ്രീം കോടതിയുടെ സമീപകാല ഇടപെടലുകള്‍ നിരീക്ഷിച്ചാല്‍ ആരോഗ്യസേതുവിന് പിടിവീഴും എന്ന് കരുതാനാവില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.’ദേശ സുരക്ഷയും’ ‘ദേശീയ താല്‍പര്യവും’ അടിസ്ഥാനമാക്കിയാണ് ആരോഗ്യ സേതു നടപ്പിലാക്കുന്നതെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ ശക്തമായ ജുഡീഷ്യല്‍ പുനഃപരിശോധന പോലും ഈ വിഷയത്തില്‍ സാധ്യമല്ലെന്നാണ് സമീപകാല സുപ്രീം കോടതി വിധികളിലൂടെ വായിക്കിച്ചെടുക്കാന്‍ പറ്റുന്നത്.

ഏറ്റവും അടുത്തായി കശ്മീരിലെ ലോക്ക്ഡൗണിനെതിരെ കാശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്‍ സമര്‍പ്പിച്ച ഹരജിയിലും ‘ദേശ സുരക്ഷയുമായി’ ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കിക്കൊണ്ട് ‘അധികാര വികേന്ദ്രീകരണ തത്വം’ ഉയര്‍ത്തിപ്പിടിക്കുവാനാണ് സുപ്രീം കോടതി ശ്രമിച്ചുപോരുന്നത്.

എഡ്വേര്‍ഡ് സ്നോഡന്‍ പറഞ്ഞുവെക്കുന്നതുപോലെ ലോകത്തെമ്പാടും സ്വേച്ഛാധിപധികള്‍ക്കു പുത്തന്‍ മര്‍ദന-നിരീക്ഷണ ഉപാധികളുടെ പരീക്ഷണ സമയമാണ് കൊവിഡ് പ്രതിസന്ധി. ലോക് ഡൗണും സർവെയലന്സും അതിന്റെ പൂര്‍ണതയിലുള്ള ‘പോലീസ് സ്റ്റേറ്റുകളായി’ മാറിയിരിക്കുന്നു, മിക്ക രാജ്യങ്ങളും. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല.

ഏകാധിപത്യം കനപ്പെടുന്നതിനനുസരിച്ച് അടിയന്തിരാവസ്ഥക്ക് സമാനമായ സംവിധാനങ്ങള്‍ക്ക് രാജ്യത്ത് പൊതുസമ്മതിയും നിയമസാധുതയുമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരുകള്‍ ത്വരിതപ്പെടുത്തും. അതിനായി പ്രതിസന്ധികള്‍ വളമാക്കും.

എല്ലാ ഭൂരിപക്ഷവാദ-ഏകാധിപത്യ രാജ്യങ്ങളെയും പോലെ സാധാരണ നിലക്ക് അവതരിപ്പിക്കാന്‍ പോലും അത്ര സുഖകരമായി സാധിക്കാത്ത കടുത്ത ജനവിരുദ്ധ നയങ്ങളൊക്കെയും നടപ്പിലാകുവാനുള്ള സുവര്‍ണാവസരമായാണ് കൊവിഡ് പ്രതിസന്ധിയെ ഇന്ത്യയും പരിഗണിക്കുന്നത്. ആരോഗ്യ സേതു പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ആത്യന്തികമായി ദീര്‍ഘകാലത്തേക്ക് പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന അടിച്ചമര്‍ത്തലുകളുടെ പുതിയ രൂപങ്ങള്‍ക്കായിരിക്കും തറക്കല്ലിടുക.

അജ്‌മൽ ആരാമം

ഡൂൾ ന്യൂസിന്റെ ന്യൂസ് എഡിറ്റർ. തെഹൽക മാഗസിൻ, പി.ടി.ഐ എന്നിവിടങ്ങളിൽ ജോലി ചെയ്തു.

We use cookies to give you the best possible experience. Learn more