| Saturday, 3rd April 2021, 6:27 pm

Aarkkariyam Movie Review| മേക്കിംഗ്, കഥാപാത്രങ്ങള്‍, പെര്‍ഫോമന്‍സ്; ആര്‍ക്കറിയാം മികച്ച ഒരു പാക്കേജാണ്

അന്ന കീർത്തി ജോർജ്

സിനിമ കണ്ടിറങ്ങിയ ശേഷം പിന്നീട് ആലോചിക്കുമ്പോള്‍ കണ്ട ചിത്രത്തിന് ആഴം കൂടുന്നതുപോലെ, നമ്മള്‍ ആസ്വദിച്ച് കണ്ട പല രംഗങ്ങളുടെയും മറ്റു പല അര്‍ത്ഥതലങ്ങളും കണ്‍മുന്നില്‍ തെളിയുന്ന പോലെ, അങ്ങനെയുള്ള ആസ്വാദനനാനുഭവം അപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്നതാണ്. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ദിവസമിറങ്ങിയ, മലയാള സിനിമയില്‍ ആദ്യമായി കൊവിഡ് കാലത്തെ രേഖപ്പെടുത്തിയ, ആര്‍ക്കറിയാം.

പുതുമയുള്ള ഒരു കഥാതന്തുവിനെ അതിലും പുതുമയുള്ള രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ആര്‍ക്കറിയാം. ഒരുപാട് കാര്യങ്ങളില്‍ നല്ല രീതിയില്‍ പഠനം നടത്തി, ഓരോ കഥാപാത്രത്തെയും ഇപ്പോഴത്തെ കൊവിഡ് അടക്കമുള്ള സാഹചര്യങ്ങളെയും അത് വ്യക്തി ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും അടുത്തുനിന്ന് നിരീക്ഷിച്ച് എടുത്ത ചിത്രം കൂടിയാണ് ആര്‍ക്കറിയാം.

ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വന്ന സമയത്ത് തന്നെ, കൊവിഡ് നമുക്കിടയില്‍ സൃഷ്ടിച്ച അനിശ്ചിതത്വവും ഇനിയെന്താകും എങ്ങനെ മുന്നോട്ടു പോകണം എന്നറിയാത്ത അവസ്ഥയും ഒന്നും നമ്മുടെ നിയന്ത്രണലില്ലാത്ത സാഹചര്യവുമൊക്കെയാണ് ചിത്രത്തില്‍ പ്രമേയമായി കടന്നുവരുന്നതെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം കൊവിഡിനും അതിനപ്പുറത്തേക്കുമുള്ള നമ്മുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ, അതിനെ തരണം ചെയ്യാന്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളെ, സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളെ അതിനെയെല്ലാം പുതിയ ഒരു വെളിച്ചത്തില്‍ കാണിക്കുകയാണ്.

രാജ്യത്ത് കൊവിഡ് പടര്‍ന്നുപ്പിടിപ്പിക്കാന്‍ തുടങ്ങിയ സമയത്താണ് ആര്‍ക്കറിയാമിന്റെ കഥ ആരംഭിക്കുന്നത്. ഷറഫുദ്ദീന്റെ റോയിച്ചന്‍ എന്ന കഥാപാത്രത്തിന്റെ ചെറിയ നരേഷനിലുകളിലൂടെയാണ് ഈ തുടക്കം. നിനച്ചിരിക്കാതെ മാര്‍ക്കറ്റും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം നിശ്ചലമാകുന്നതോടെ റോയിച്ചന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നു. കൊവിഡ് രൂക്ഷമാകാന്‍ കൂടി തുടങ്ങിയതോടെ, പാര്‍വതി ചെയ്ത, ഭാര്യയായ ഷേര്‍ളിയുടെ വീട്ടില്‍, അവിടെ അച്ഛനായ ഇട്ടിയവര മാത്രമാണുള്ളത്, കുറച്ചു നാള്‍ നില്‍ക്കാനായി വരുന്നതാണ് കഥയുടെ പശ്ചാത്തലം. ഇതിനിടയില്‍ ബോര്‍ഡിംഗില്‍ നിന്ന് ഷേര്‍ളിയുടെ മകള്‍ സോഫിയയെ നാട്ടിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.

ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പാണ് ചിത്രം ഒട്ടും പ്രതീക്ഷിക്കാത്ത ടേണ്‍ എടുക്കുന്നത്. ആ ഒരു ട്വിസ്റ്റും അത് വളരെ കാഷ്വലായി അവതരിപ്പിച്ചിരിക്കുന്ന രീതിയും ഈ അടുത്ത കാലത്ത് കണ്ട സിനിമകളിലെ ഏറ്റവും മികച്ച ട്വിസ്റ്റാണ്. അവിടം മുതല്‍ കഥയെ, ആ ട്വിസ്റ്റുണ്ടാക്കുന്ന എല്ലാ ടെന്‍ഷനും പിരിമുറക്കവും നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്നാല്‍ സ്വാഭാവികതയില്‍ നിന്നും ഒരിക്കല്‍ പോലും തെന്നിപ്പോകാതെയാണ് സംവിധായകന്‍ കൊണ്ടു പോകുന്നത്.

ത്രില്ലര്‍ സിനിമകളിലെ പല സന്ദര്‍ഭങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചാല്‍ അതിനെ നമ്മള്‍ കൈകാര്യം ചെയ്യുന്ന രീതി ഒരുപക്ഷേ സിനിമയില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കാം. ഈ ഒരു കാര്യത്തെ ഏറെ സ്വാഭാവികമായി എന്നാല്‍ സ്‌ക്രീനില്‍ നമുക്ക് ഇതുവരെ കണ്ടുപരിചയമില്ലാത്ത വ്യത്യസ്തതയോടെ ആര്‍ക്കറിയാം അവതരിപ്പിക്കുന്നുണ്ട്. അതുപോലെ, ബന്ധങ്ങളെ അതിന്റെ അടുപ്പവും അകലവും പ്രാക്ടിക്കലാകേണ്ടി വരുന്ന സാഹചര്യങ്ങളുമെല്ലാമായി സ്വാഭാവികതയോടെ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.

ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നീ സിനിമയിലെ മൂന്ന് അഭിനേതാക്കള്‍ക്കും കരിയറിലെ ടേണിംഗ് പോയിന്റായേക്കാവുന്ന കഥാപാത്രങ്ങളെയാണ് ആര്‍ക്കറിയാം നല്‍കിയിരിക്കുന്നത്. കഥ ആവശ്യപ്പെടും പോലെ ഏറ്റവും സൂക്ഷ്മമായ രീതിയില്‍, ഒട്ടും ലൗഡല്ലാതെ തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മൂന്ന് പേരും ശ്രമിച്ചിട്ടുണ്ട്. കഥാപാത്ര സൃഷ്ടി അതിലും മനോഹരമാണ്.

ആര്‍ക്കറിയാം കാണാന്‍ തീരുമാനിച്ചതിന് പിന്നിലെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്, ബിജു മേനോന്റെ ഇട്ടിയവര എന്ന റിട്ടേയേര്‍ഡ് കണക്ക് മാഷായിരുന്നു. ബിജു മേനോന്‍ ആദ്യമായി വൃദ്ധനായെത്തുന്നത് എങ്ങനെയായിരിക്കും എന്ന വലിയ ആകാംക്ഷയും പ്രതീക്ഷയുമുണ്ടായിരുന്നു. ചിത്രത്തില്‍ ഇട്ടിയവര എന്ന ഒരു ടിപ്പിക്കല്‍ അപ്പാപ്പനായി ബിജു മേനോന്‍ മാറിയിട്ടുണ്ട്.

പല കാര്യങ്ങളിലും മൂക്കത്ത് ശുണ്ഠിയുള്ള ഇട്ടിയവരയുടെയുടെ അടിസ്ഥാന വിശ്വാസം എല്ലാം ദൈവഹിതം എന്നതാണ്. ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളെയും അയാള്‍ നേരിടുന്നത് ഈയൊരു വിശ്വാസം വെച്ചുകൊണ്ടാണ്. വലിയ രീതിയില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത ഈ കഥാപാത്രത്തെ ബിജു മേനോന്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദത്തിലും നടത്തത്തിലുമൊക്കെ വൃദ്ധനായി മാറിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ അദ്ദേഹത്തിന്റെ ദേഹപ്രകൃതി വയസ്സായ ഒരാളല്ലല്ലോ ഇതെന്ന തോന്നലുണ്ടാക്കിയിരുന്നു. പല ക്ലോസ്അപ്പുകളും ഈ തോന്നലിനെ കൂട്ടുകയും ചെയ്തു.

കുറെ ചെറിയ ഡീറ്റെയ്‌ലിംഗുകളാണ് ഇട്ടിയവരയെയും ബിജു മേനോന്റെ പ്രകടനത്തെയും മികച്ചതാക്കുന്നത്. ഉദാഹരണത്തിന് ആരെങ്കിലും തേങ്ങാകൊത്ത് പൂളി തിന്നുന്നത് ഇട്ടിയവരയെ ഏറ്റവും അലോസരപ്പെടുത്തുന്ന ചെയ്യുന്ന കാര്യമാണ്. അത് ചിത്രത്തില്‍ ഡയലോഗുകളിലൂടെയും അല്ലാതെയും പല തവണ കാണിക്കുന്നുണ്ട്. വയസ്സായവരുടെ ചില പിടിവാശികള്‍ എന്നതിനപ്പുറത്തേക്ക് അതിന്റെ കാരണം അവസാന ഭാഗത്ത് ചിത്രം പറയുന്നുണ്ട്. അതിലൂടെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ആ കഥാപാത്രം അനുഭവിച്ച ആത്മസംഘര്‍ഷം നമുക്ക് റിവൈന്‍ഡ് ചെയ്ത് ആലോചിക്കാന്‍ തോന്നും.

രണ്ട് തവണ ചിത്രത്തില്‍ ബിജു മേനോന്‍ ‘യേ രാതേ യേ മോസം’ എന്ന ഗാനം പാടുന്നുണ്ട്. രണ്ട് തവണ രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്ന ഇട്ടിയവരയുടെ നിഴലിനെ വാതില്‍പ്പാളികള്‍ക്കിടയിലൂടെ കാണിക്കുന്നുണ്ട്. ഇട്ടിയവരെയെ മനസ്സില്‍ കുറിച്ചിടുന്ന രംഗങ്ങളാണ് ഇവ രണ്ടും.

പാര്‍വതിയുടെ നമ്മള്‍ സ്ഥിരമായി കാണുന്ന കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തയാണ് ആര്‍ക്കറിയാമിലെ ഷേര്‍ളി. പാര്‍വതിയ്ക്കും കാണുന്ന പ്രേക്ഷകനും അക്കാരണം കൊണ്ട് തന്നെ ആര്‍ക്കറിയാം അത്തരത്തിലൊരു ഫ്രെഷ്‌നെസ്സ് തരുന്നുണ്ട്. കോട്ടയം സ്ലാംഗ് പറയുന്ന വളരെ സാധാരണക്കാരിയായ അമ്മയും മകളും ഭാര്യയുമാണ് ഷേര്‍ളി. വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു സ്ത്രീ. മറ്റ് രണ്ട് പേരെയും വെച്ചുനോക്കുമ്പോള്‍ എന്താണ് ചിത്രത്തില്‍ പാര്‍വതിയ്ക്ക് ചെയ്യാനുണ്ടായിരുന്നത് എന്നൊരു ചോദ്യം ചിലര്‍ക്ക് തോന്നിയിരിക്കാം, പക്ഷെ ആര്‍ക്കറിയാമില്‍ ഒരു പരിധി വരെ പാര്‍വതിയെ അല്ലാതെ ഷേര്‍ളിയെ മാത്രം കാണാനായത് ആ അഭിനയത്തെ മികച്ചതാക്കുന്നുണ്ട്.

തിരക്കഥയും മേക്കിംഗും കഴിഞ്ഞാല്‍ ആര്‍ക്കറിയാമിലെ ദി റിയല്‍ ട്രീറ്റ് ഷറഫുദ്ദീനാണ്. റോയിച്ചന്‍ എന്ന കഥാപാത്രമായി ശരീരഭാഷകൊണ്ടും ഭാവങ്ങള്‍ കൊണ്ടും ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഷറഫുദ്ദീന്‍ നല്‍കിയിരിക്കുന്നത്. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയും ഞെട്ടലുകളിലൂടെയുമൊക്കെ കടന്നുപോകേണ്ടി വരുന്ന, അതിനെയൊക്കെ എങ്ങനയെങ്കിലും ഡീല്‍ ചെയ്യേണ്ടി വരുന്ന റോയിച്ചനായി ഷറഫൂദ്ദീന്‍ പകര്‍ന്നാട്ടം നടത്തിയിട്ടുണ്ട്. വളരെ ശ്രദ്ധിച്ചാണ് ഈ കഥാപാത്രത്തെ ചിത്രം ഒരുക്കിയിരിക്കുന്നത്, പക്ഷെ ഇതില്‍ അഗസ്റ്റിന്‍ എന്ന കഥാപാത്രത്തെ അന്വേഷിച്ചിറങ്ങുന്ന രംഗങ്ങള്‍ മാത്രം റോയിച്ചന്റെ അതുവരെയുള്ള കഥാപാത്ര സൃഷ്ടിയോട് ചേര്‍ന്നുനില്‍ക്കാത്ത പോലെ തോന്നി.

അഗസ്റ്റിന്‍ എന്ന കഥാപാത്രത്തെ ആര്‍ക്കറിയാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആ ക്രൂവിന്റെ ബ്രില്യന്‍സ് കാണിക്കുന്നുണ്ട്. മറ്റു കഥാപാത്രങ്ങള്‍ പറയുന്ന പല കാര്യങ്ങളിലൂടെയാണ്, അതില്‍ പലതും ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്നതാണ്, ഇയാളെ റോയിച്ചനും പ്രേക്ഷകനും പരിചയപ്പെടുന്നത്. അത്തരത്തിലൊരും കഥാപാത്ര സൃഷ്ടിയും അവതരണവും പുതുമയുള്ളതായിരുന്നു.

ഇതില്‍ ഷേര്‍ളിയുടെ മകള്‍ സോഫിയ ചെറുപ്പത്തില്‍ തന്നെ വളരെ പക്വമായ തീരുമാനങ്ങളെടുക്കുന്ന, അമ്മയെ ആശ്വസിപ്പിക്കും വിധം വരെ കാര്യങ്ങള്‍ ചെയ്യുന്ന മകളാണ്. ഒരുപാട് സന്ദര്‍ഭങ്ങളിലൊന്നും ഈ മകള്‍ കഥാപാത്രം വരുന്നില്ലെങ്കിലും സിനിമകളിലെ കുട്ടികളില്‍ ഒട്ടും ഓവറല്ലാതെ തോന്നിയ കഥാപാത്ര സൃഷ്ടിയായിരുന്നു സോഫിയയുടേത്.

വിധവയായ ഒരു സ്ത്രീയും വിവാഹമോചിതനായ ഒരാളും ഒന്നിച്ചൊരു ജീവിതം എത്ര സുഗമമായാണ് കൊണ്ടുപോകുന്നതെന്നും തങ്ങളുടെ മുന്‍പങ്കാളികളെ കുറിച്ച് തുറന്നു സംസാരിക്കുന്നതെന്നും ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളുമായുള്ള ബന്ധവുമെല്ലാം വളരെ സ്വാഭാവികതയോടെ ഷേര്‍ളി – റോയിച്ചന്‍ ബന്ധത്തിലൂടെ ആര്‍ക്കറിയാം കാണിക്കുന്നുണ്ട്.

ഷേര്‍ളിയുടെ മകള്‍ ഏറ്റവും ഇഷ്ടത്തോടെ ഷറഫുദ്ദീന്റെ കഥപാത്രത്തെ റോയിച്ചന്‍ എന്നുതന്നെ വിളിക്കുന്നതൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. വീട്ടുജോലികളില്‍ മുതല്‍ സാമ്പത്തിക തീരുമാനങ്ങളെടുക്കുന്നതില്‍ വരെ ഷേര്‍ളിയും റോയിച്ചനും പുലര്‍ത്തുന്ന ഈക്വല്‍ ഷെയറിംഗ് സ്ത്രീ – പുരുഷ ബന്ധങ്ങളോടുള്ള ചിത്രത്തിന്റെ സമീപനം കാണിക്കുന്നുണ്ട്.

സമകാലിക രാഷ്ട്രീയത്തോടുള്ള പ്രതികരണം ചെറിയ ചില സൂചകങ്ങളിലുടെ സിനിമ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിലെ അഴിമതിയ്ക്ക് ബ്രോക്കര്‍ പണി നടത്തുന്ന നായര്‍ കഥാപാത്രം കയ്യില്‍ ചരടും നെറ്റിയില്‍ കുറിയും വരച്ചാണെത്തുന്നത്. കൃത്യമായ മുന്നറിയിപ്പുകളില്ലാതെ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവും മോദി ആഹ്വാനം ചെയ്ത പാത്രം മുട്ടലുമെല്ലാം കഥാപാത്രങ്ങളുടെ ചെറിയ റിയാക്ഷനുകളിലൂടെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

ചിത്രത്തിന്റെ ആസ്വാദനത്തിന് കല്ലുകടിയായ ഒരു കാര്യം ബി.ജി.എമ്മായിരുന്നു. സിംഗ് സൗണ്ട് ചെയ്ത ചിത്രത്തിലെ ഡയലോഗുകള്‍ വരുന്ന രംഗങ്ങളിലൊന്നും പശ്ചാത്തല സംഗീതമില്ലായിരുന്നു, പെട്ടെന്ന് എവിടെ നിന്നോ പൊട്ടി വീണതുപോലെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ വന്നത് ഇടയ്‌ക്കെല്ലാം അലോസരമായിരുന്നു.

എന്തായാലും കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മലയാള സിനിമാ മേഖലയ്ക്ക് വലിയ നഷ്ടങ്ങള്‍ വരുത്തിവെച്ചെങ്കിലും അതിനുശേഷം ഇറങ്ങുന്ന ഓരോ ചിത്രങ്ങളും കണ്ടന്റിലും ട്രീറ്റ്മെന്റിലും കഥാപാത്രനിര്‍മ്മിതിയിലും സൃഷ്ടിക്കുന്ന പുതുമ പ്രേക്ഷകന് നല്‍കുന്ന പ്രതീക്ഷയും ഊര്‍ജവും ചെറുതല്ല. ആളുകളുടെ എണ്ണവും ബജറ്റുമെല്ലാം കുറക്കാനും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചിത്രങ്ങള്‍ ചെയ്യാനും സിനിമാക്കാര്‍ നിര്‍ബന്ധിതരായെങ്കിലും പുതു വഴികള്‍ തേടിപ്പോകാനും ഔട്ട് ഓഫ് ദ ബോക്‌സ് ചിന്തിക്കാനുമൊക്കെ പലര്‍ക്കും ഇതൊരു അവസരം നല്‍കിയിട്ടുണ്ടെന്ന് കൂടി ആര്‍ക്കറിയാം പോലെയുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Aarkkariyam Malayalam Movie Review – Biju Menon, Parvathy, Sharafudheen

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more