ആര്‍ക്കുമറിയാത്ത ക്ലോസപ്പുകള്‍ | ശ്രീജിത്ത് ദിവാകരന്‍ | Film Review | Aarkkariyam
D Review
ആര്‍ക്കുമറിയാത്ത ക്ലോസപ്പുകള്‍ | ശ്രീജിത്ത് ദിവാകരന്‍ | Film Review | Aarkkariyam
ശ്രീജിത്ത് ദിവാകരന്‍
Friday, 2nd April 2021, 3:03 pm

ശാന്തവും സരളവുമായ ഒരു കഥയാണത്. മഹാമാരിയുടെ കാലത്ത് അനശ്ചിതമായി ഒരുമിച്ചായി പോയ, വളരെ ഋജുവായ-നേര്‍രേഖയിലുള്ള ജീവിതമുള്ള, മൂന്ന് പേര്‍. അവരുടെ ജീവിതം. അങ്ങനെയല്ലേ? മനുഷ്യരെ, അവരുടെ ബന്ധങ്ങളെ, രോഗാതുരമായ ഈ കാലത്തെ ആര്‍ക്കാണല്ലെങ്കില്‍ അറിയാവുന്നത്? എല്ലാക്കാലത്തും ഇതുപോലെയായിരുന്നോ, ഇനിയുമിങ്ങനെയായിരിക്കുമോ? ആര്‍ക്കറിയാം.

മലയാളത്തിലെ ആദ്യത്തെ കോവിഡ് മൂവിയാണ് ‘ആര്‍ക്കറിയാം’ എന്ന് തോന്നുന്നു. ഈ കാലത്തെ രേഖപ്പെടുത്തുന്ന ഇനി വരാനിരിക്കുന്ന ഒട്ടേറെ ചിത്രങ്ങളില്‍ ആദ്യത്തേത്. കോവിഡ് രോഗബാധയെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങുന്ന ഒരു രാത്രി, മുംബൈ നഗരത്തില്‍ ചൈനയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരന്‍ ഉറക്കം വരാതെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന ദൃശ്യത്തിലാണ് ‘ആര്‍ക്കറിയാം’ ആരംഭിക്കുന്നത്.

മ്യൂസിക് ഇല്ലാത്ത ടൈറ്റില്‍ സീക്വന്‍സില്‍ പുതു സംവിധായകനായ സാനു ജോണ്‍ വര്‍ഗ്ഗീസ് തന്റെ സിനിമയുടെ റിഥം സെറ്റ് ചെയ്യുന്നുണ്ട്. രാത്രിയാണെങ്കിലും നഗരത്തിന്റെ കാതടിപ്പിക്കുന്ന ശബ്ദം പുറത്തുണ്ട്. മുറിക്കകത്ത് നിശബ്ദതയും. ഇതാണ് സിനിമയുടെ താളം. ടൈറ്റില്‍ കാര്‍ഡ്സ് അവസാനിക്കുന്നത് വരെ ഒറ്റ ഫ്രൈയ്മില്‍, ചെറിയ വെളിച്ചത്തില്‍, കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന ഒരാള്‍. ആ സ്‌ക്രീനില്‍ പോലും വലുതായൊന്നും സംഭവിക്കുന്നില്ല.

കണ്ണടയും ചീകിയൊതുക്കിയ മുടിയും താടിയും ഒരോ ചുവടിലും കരുതലും ശ്രദ്ധയുമുള്ള അയാളാണ് റോയി (ഷറഫുദ്ദീന്‍). മുറിയില്‍ ഈ റ്റെന്‍ഷനുകള്‍ മനസിലെടുക്കാതെ ദൈവത്തില്‍ സ്വയമര്‍പ്പിച്ച് കിടന്നുറങ്ങുന്ന സ്ത്രീ ഷേര്‍ളി (പാര്‍വ്വതി). ഇരുവരും പൂര്‍വ്വകാലത്തെ തങ്ങളുടെ ബന്ധങ്ങളില്‍ നിന്നൊഴിഞ്ഞ് പുതിയ ജീവിതത്തില്‍ ഒരുമിച്ചവരാണ്. പരസ്പരം മനസിലാക്കുന്നവര്‍, സ്നേഹിക്കുന്നവര്‍.

റോയിക്ക് ബിസിനസില്‍ പ്രശ്നങ്ങളുണ്ട്. ചൈനയില്‍ നിന്നുള്ള ഒരു കണ്‍സൈന്റ്മെന്റ് സര്‍ക്കാരിന്റെ കോവിഡ് കുരുക്കില്‍ പെട്ടിരിക്കുകയാണ്. ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്തിട്ടും അത് കൈയ്യില്‍ കിട്ടുന്നില്ല. കൂട്ടുകാരന്റെ കയ്യില്‍ നിന്ന് വാങ്ങി മറിച്ച പണം തിരികെ കൊടുക്കേണ്ട സമയം കഴിയുന്നു. പക്ഷേ അയാള്‍ക്ക് നാട്ടിലെത്തണം. ഷേര്‍ളിയുടെ മകള്‍ നാഗര്‍കോവിലില്‍ ബോര്‍ഡിങ് സ്‌കൂളിലാണ്. അവളെ കൂട്ടണം. പോകുന്ന വഴി ഷേര്‍ളിയുടെ അപ്പന്റെ വീട്ടില്‍ കയറണം. അവിടെ റിട്ടയേഡ് സ്‌ക്കൂള്‍ കണക്ക് മാഷ് ഇട്ടിയവിര (ബിജുമേനോന്‍) ഇവരെയും കാത്തിരിപ്പുണ്ട്. ഇട്ടിയവരയുടെ അഞ്ചേകാലേക്കര്‍ പുരയിടത്തിലുള്ള ചെറിയ വീട്ടില്‍ ഒരു മാസത്തോളമെങ്കിലും നില്‍ക്കാന്‍ തയ്യാറായാണ് അവര്‍ പോകുന്നത്.

ആര്‍ക്കറിയാം എന്നത് പോലെ ഇക്കാലത്തെ വ്യാഖ്യാനിക്കാന്‍ പറ്റിയ ഒരു വാക്കില്ല. ആര്‍ക്കുമറിയാത്ത അനശ്ചിതത്വമുണ്ട് ഈ കാലത്തിന്. രാഷ്ട്രീയ സുരക്ഷയും സാമ്പത്തിക സ്ഥിരതയും ഇല്ലാത്ത നാടാണ്. നാളെ വണ്ടിയോടുമോ സ്‌കൂള്‍ ഉണ്ടാകുമോ ബിസിനസ് സ്ഥാപനം തുറക്കാനാകുമോ ജോലിയുണ്ടാകുമോ ഭക്ഷണമുണ്ടാകുമോ വഴിയിലിറങ്ങി നടക്കാനാകുമോ എന്നത് മാത്രമല്ല, ഭക്ഷണം ഉണ്ടെങ്കിലും അത് കഴിക്കാന്‍ അനുവദിക്കുമോ അഭിപ്രായമുണ്ടെങ്കിലും പറയാന്‍ അനുവദിക്കുമോ ജോലി ഉണ്ടെങ്കിലും ചെയ്യാന്‍ അനുവദിക്കുമോ പൗരത്വം ഉണ്ടെങ്കിലും ജീവിക്കാന്‍ അനുവദിക്കുമോ എന്ന് തുടങ്ങി ലോകത്തിലെ എല്ലാ ചോദ്യങ്ങളേയും, ആര്‍ക്കറിയാം എന്ന ഒരൊറ്റ എക്സ്പ്രഷനിലാണ് ഈ കാലത്തെ മനുഷ്യര്‍ നേരിടുന്നത്. അതിലുമപ്പുറം മനുഷ്യരുടെ മനസ്, അവരുടെ ചെയ്തികള്‍, വിശ്വാസങ്ങള്‍, നിശ്ചയങ്ങള്‍… എല്ലാവര്‍ക്കുമറിയാം എന്ന് കരുതുന്ന സുതാര്യവും സുനിശ്ചിതവും സരളവുമായ അവരുടെ ജീവിതം. അതെല്ലാം നമ്മള്‍ കാണുന്നത് പോലെ തന്നെയാണോ?

സുതാര്യവും സങ്കീര്‍ണ രഹിതവുമായ ഒരു ആഖ്യാനമാണ് സംവിധായന്‍ സാനു ജോണും അദ്ദേഹത്തിന്റെ സഹരചയിതാക്കളായ അരുണ്‍ ജനാര്‍ദ്ദനനും രാജേഷ് രവിയും സ്വീകരിച്ചിരിക്കുന്നത്. റോയിയുടെയും ഷേര്‍ളിയുടെയും പരസ്പര ബഹുമാനമുള്ള, സ്നേഹവും കരുതലുമുള്ള ജീവിതം വ്യക്തമാണ്. റോയിയ്ക്കും ഷേര്‍ളിയ്ക്കും സുഹൃത്തുക്കള്‍ വൈശാഖും ഭാര്യ അങ്കിതയുമായുള്ള സൗഹാര്‍ദവും ബന്ധവും വ്യക്തമാണ്. ഷേര്‍ളിയുടെ പ്രായമായ അപ്പനുള്ള വീട്ടിലേയ്ക്ക് പോകുന്നത് കൊണ്ട് ഏഴ് നില ഫ്ളാറ്റിന്റെ ലിഫ്റ്റ് ഉപയോഗിക്കാന്‍ പോലും തയ്യാറാകാത്തയാളാണ് റോയി. ഷേര്‍ളിയുടേയോ റോയിയുടേയോ പൂര്‍വ്വ ജീവിതവും നിലവിലുള്ള ജീവിതത്തിന്റെ പ്രയാസങ്ങളും സുതാര്യമാണ്.

മുംബൈയിലെ ഫ്ളാറ്റില്‍ നിന്നിറങ്ങുമ്പോള്‍ ഒരു പൂച്ചെട്ടിയെടുത്ത് പുറത്ത് വച്ചാല്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ വരുന്നയാള്‍-മാലി-അതു കൂടി നോക്കിക്കൊള്ളും. പൊടിയടിക്കാതിരിക്കാന്‍ എല്ലായിടത്തും പഴയ തുണികള്‍ വിരിച്ചിട്ടിട്ടുണ്ട്. പക്ഷേ പ്രശ്നങ്ങള്‍ നിങ്ങളെ കേരളത്തിലെത്തിയാലും പിന്തുടരും. വഴിയിലുറങ്ങി, പെട്രോള്‍ സ്റ്റേഷനുകള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപയോഗിച്ച് അവര്‍ കേരളത്തിലേക്ക് എത്തി. അവിടെ അഞ്ചേക്കര്‍ പറമ്പില്‍ കോഴികളും ചക്കയും മാങ്ങയും കുളമായി മാറിയ കല്ലുവെട്ടാന്‍ കുഴിയും തന്റെ വാശികളും പിരുപിരുപ്പുമായി ഇട്ടിയവര അവരെ കാത്തിരിക്കുന്നുണ്ട്. എല്ലാം കര്‍ത്താവിന്റെ നിശ്ചയങ്ങളാണ്. കാര്യങ്ങള്‍ സംഭവിച്ച് കഴിഞ്ഞേ മനുഷ്യര്‍ക്കത് മനസിലാകൂ. അവന് അതങ്ങനെയല്ല, ഭാവിയും ഭൂതവും എല്ലാം കാണുന്നവനത്രേ ദൈവം തമ്പുരാനായ കര്‍ത്താവ്.

കിഴക്കാണ് ദേശം. ഐസിട്ട മീനാണ് കിട്ടുന്നത്. ഗുണത്തില്‍ അയിലയേക്കാള്‍ ഭേദം കിളിമീനാണെന്നേ ഉള്ളൂ. കുടംപുളിയിട്ട് മീന്‍ വയ്ക്കുന്നത് മുതല്‍ അരികഴുന്നതിന്റെ എണ്ണത്തില്‍ വരെ ഇട്ടിയവരയ്ക്ക് കണക്കും സ്വന്തം രീതിയും ഉണ്ട്. മനുഷ്യര്‍ തേങ്ങാപൂള്‍ കൊത്തി തിന്നുന്നത് കണ്ടാ അയാള്‍ക്ക് ദേഷ്യം വരും. അത് ഷേര്‍ളിക്കുമറിയാം എല്ലാവര്‍ക്കുമിയാം. അതെന്താണ്? ആര്‍ക്കറിയാം! മുംബൈയില്‍ റോയിക്കും ഷേര്‍ളിക്കും പരിമിതമായ പരിചയ സംഘങ്ങളേ ഉള്ളൂ എന്നത് പോലെ ഇവിടെ ഇട്ടിയവിരായ്ക്കും വലിയ ബന്ധങ്ങളൊന്നുമില്ല. അയല്‍ പക്കത്തെ പൊന്നമ്മയുണ്ട്, മകളുണ്ട്, ഡൗണ്‍സിന്‍ഡ്രോമുള്ള മകനുണ്ട്. ഒരു സഹായി ഉണ്ട്. തികച്ചും സ്വാഭാവികമായ നാട്ടിന്‍ പുറ ജീവിതം.

കോവിഡ് കാലത്തിന്റെ ആരംഭമാണ്. ഇരുപതും മുപ്പതും കേസുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ നടുങ്ങുന്നു. അതിര്‍ത്തി അടയ്ക്കുന്നു. ലോക്ഡൗണ്‍ വരുന്നു. ഒരോരോ സിസ്റ്റമായി അടയ്ക്കുന്നു. നാഗര്‍കോവിലിലുള്ള മകളെ സ്‌കൂളില്‍ നിന്ന് കൂട്ടാനാവുന്നില്ല എന്നത് മാത്രമല്ല, എല്ലാ സംവിധാനങ്ങളും വഴികളുമടയുന്നു. അത് ഇട്ടിയവര, റോയി, ഷേര്‍ളി എന്നിവരുടെ ജീവിതത്തെ, ആ പറമ്പിനേയും വീടിനേയും, എങ്ങനെ ബാധിക്കുന്നു എന്നുള്ളതിലേയ്ക്കാണ് സിനിമ നീങ്ങുന്നത്. മുന്നറിയിപ്പുകളില്ലാതെ, ശബ്ദഘോഷങ്ങളില്ലാതെ, പെട്ടൊന്നൊരു വഴിത്തിരിവ് ഉണ്ടാകുന്നുണ്ട്. അതും സുതാര്യവും സരളവുമായാണ് സംവിധായകനും എഴുത്തുകാരും സിനിമയിലെത്തിക്കുന്നത്.

മിനിമം ലൈറ്റിങ്ങും വലിയ പറമ്പിന്റെ ആഴമേറിയ നിശബ്ദതകളും ഇരുട്ടും അതിനുള്ളില്‍ അനശ്ചിതത്വവും ആശങ്കകളുമുള്ള മനുഷ്യരുമെന്ന നിലയില്‍ അവരുടെ ജീവിതത്തെ നമ്മള്‍ കടന്ന് വന്ന കാലത്തിന്റെ കണ്ണാടിയിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. ഷേര്‍ളിയും നമുക്കെത്ര പരിചിതയാണ്. എട്ടാം വയസില്‍ അമ്മ നഷ്ടപ്പെട്ട, അപ്പന്‍ വളര്‍ത്തിയ, യാതൊരു ഉപാധികളുമില്ലാതെ മനുഷ്യരെ സ്നേഹിച്ച, എന്നാല്‍ പ്രയോഗിക ബുദ്ധികളുള്ള, ദൈവത്തിങ്കല്‍ മനുഷ്യഹിതങ്ങളര്‍പ്പിച്ച സ്ത്രീയാണ് അവള്‍. അപ്പനും ഭര്‍ത്താവും മകളുമെല്ലാം അവളെ മനസിലാക്കുന്നവരാണ്. അവള്‍ക്ക് അവരേയും മനസിലാകും. പക്ഷേ നമുക്കറിയാത്ത പലതും ഇത്തരം മനുഷ്യരുടേയും മനസിലുണ്ടാവുകയില്ലേ, ജീവിതത്തിലുണ്ടാവുകയില്ലേ?

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി, കൊറോണയെ പാത്രം കൊട്ടിയോടിക്കുന്ന മനുഷ്യര്‍, കേസുകള്‍ ഒരോന്നായി വര്‍ദ്ധിക്കുമ്പോഴുള്ള ആശങ്കകള്‍, പ്രചരിക്കുന്ന കഥകള്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ്, ബ്രേക്ക് ദ ചെയ്ന്‍, മുഖ്യമന്ത്രിയുടെ ആറുമണി പത്രസമ്മേളനങ്ങള്‍, അതിനിടയിലെല്ലാം പുതിയ കച്ചവട സാധ്യതകള്‍ കാണുന്ന മനുഷ്യര്‍, മാസ്‌ക് താടിയിലിട്ട് വര്‍ത്തമാനത്തിനെത്തുന്ന മനുഷ്യര്‍, ബിവറേജസ് അടഞ്ഞുപോയതിനാല്‍ സ്വയം പര്യാപ്തരായി മാറിയ ജനത, പച്ചക്കറി കൃഷി, കമ്യൂണിറ്റി കിച്ചനായി കപ്പയും കാച്ചിലും ശേഖരിക്കുന്ന നാട്ടിന്‍ പുറത്തുകാര്‍.. നാം കടന്നുപോന്ന വഴികളൊക്കെ ഉണ്ട്.

കയ്യില്‍ വലിയ രാഖിയും നെറ്റിയില്‍ വലിയ കുങ്കുമ പൊട്ടുമായി കേന്ദ്രസര്‍ക്കാരിന്റെ ദല്ലാളായി വന്ന് കൈക്കൂലി വാങ്ങികൊണ്ടുപോകുന്ന നായരില്‍, വന്ന് വന്ന് ചാണകത്തിന് വരെ ക്ഷാമമാണ് എന്ന് പറയുമ്പോള്‍, ഈ നാട്ടിലോ എന്ന അര്‍ത്ഥ ഗര്‍ഭമായ ചോദ്യത്തില്‍, എന്നിങ്ങനെ സൂക്ഷ്മവും ലളിതവുമായ ആഖ്യാനങ്ങളില്‍ നമുക്ക് നമ്മുടെ കാലത്തെ കാണാം.

മൂന്ന് എണ്ണം പറഞ്ഞ ആര്‍ട്ടിസ്റ്റുകളുടെ പ്രകടനമാണ് സിനിമയുടെ കരുത്ത്. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ് നില്‍ക്കുന്ന മൂന്ന് ആര്‍ട്ടിസ്റ്റുകള്‍. അതില്‍ ഷറഫുദ്ദീന്റെ പേര് ആദ്യം പറയണം. ആക്ടര്‍ എന്ന നിലയില്‍ അത്ഭുതാവഹമായ വളര്‍ച്ചയാണ് ഷറഫുവിന്റേത്. വരത്തനിലെ വില്ലനില്‍ നിന്ന് അഞ്ചാം പാതിരയും ഹലാല്‍ ലൗ സ്റ്റോറിയും കടന്ന് ആര്‍ക്കറിയാമിലെത്തുമ്പോള്‍ ഏത് തരം റോളും കൈകാര്യം പറ്റുന്ന സൂക്ഷ്മം നിശബ്ദവുമായ വഴികളിലൂടെ തന്റെ ക്യാരക്ടറിനെ ശക്തമായി അവതരിപ്പിക്കുന്ന ആക്ടറായി ഷറഫുദ്ദിന്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

അനശ്ചിതത്വവും ആശങ്കയുമാണ് അയാളുടെ ജീവിതത്തില്‍. ചെയ്യുന്നത് ബിസിനസാണ്. പക്ഷേ ആര്‍ത്തിയോ അക്രമാസക്തതയോ അയാളുടെ സ്വഭാവത്തിലില്ല. പക്ഷേ കടബാധ്യതകളേക്കാള്‍ അയാളിലെ ആശങ്കപ്പെടുത്തുന്ന, തളര്‍ത്തിക്കളയുന്ന മറ്റ് ഭാരങ്ങള്‍ ഉണ്ട്. പുറമേ കാണുന്നത് മാത്രമാണോ മനുഷ്യര്‍? നിശ്ചയമില്ല. ഷേര്‍ളിയുടെ കാരക്ടര്‍ പാര്‍വ്വതി എന്ന നടിയുടെ കയ്യില്‍ സുഭദ്രമാണ്. അനാവശ്യമായി മുകളിലേക്കോ താഴേയ്ക്കോ പോകാതെ, വൈകാരികതകളില്‍ കൈവിട്ട് പോകാതെ ഷേര്‍ളി ജീവിക്കുന്നത് അവളുടെ അചഞ്ചലമായ ദൈവവിശ്വാസം കൊണ്ട് മാത്രമാണെന്നാണോ കരുതുന്നത്? നിങ്ങള്‍ക്ക് തെറ്റിപ്പോയി. ബിജുമേനോന്റെ റിട്ടയേഡ് കണക്ക് മാഷ് ഇട്ടിയവരയെ കുറിച്ച് ഒരൊറ്റവരിയെ പറയാനുള്ളൂ- പെര്‍ഫോമന്‍സിന്റെ ബഞ്ച് മാര്‍ക്കായി ഇനി നമ്മള്‍ കണക്കാക്കാന്‍ പോകുന്നതാകും ഈ റോള്‍. ഇക്കണ്ടതൊന്നുമല്ല ആ അസാധ്യനടന്‍.

അതിക്രൂരമായ, സര്‍വ്വതും കെട്ടുപോയ കാലങ്ങളില്‍ പാട്ടുകളുണ്ടാകുമോ? തീര്‍ച്ചയായും ഉണ്ടാകും; ഈ ക്രൂരകാലത്തെ കുറിച്ചുള്ള പാട്ടുകള്‍- എന്നാണ് ബ്രെഹ്ത് പറയുന്നത്. നാം കടന്ന് പോയിക്കൊണ്ടിരിക്കുന്ന ദുരിതകാലത്തിന് ശേഷം സിനിമകള്‍ തന്നെ ഉണ്ടാകുമോ എന്ന് നമ്മള്‍ സംശയിച്ചിരുന്നു. ഉണ്ടാകും. തീര്‍ച്ചയായും ഉണ്ടാകും. ഈ കാലവും സിനിമകളില്‍ രേഖപ്പെടുത്തും. അതിനുമപ്പുറം സിനിമകള്‍ക്ക് പറയാനുള്ള മറ്റ് പലതും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aarkkariyam – Film Review – Sreejith Divakaran

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.