| Tuesday, 27th February 2024, 10:00 am

ചരിത്രത്തിലാദ്യം, 19ാം ഓവറില്‍ രണ്ട് റണ്‍സിന് നാല് വിക്കറ്റ് 😲 ; സ്പിന്‍ കരുത്തില്‍ ബാബറിന്റെ പോരാളി

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി സൂപ്പര്‍ താരം ആരിഫ് യാക്കൂബ്. കഴിഞ്ഞ ദിവസം നടന്ന പെഷവാര്‍ സാല്‍മി – ഇസ്‌ലമാബാദ് യുണൈറ്റഡ് മത്സരത്തില്‍ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ബാബറിന്റെ പടയാളി എതിരാളികളെ കശക്കിയെറിഞ്ഞത്.

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് പെഷവാര്‍ നേടിയത്. 63 പന്തില്‍ പുറത്താകാതെ 111 റണ്‍സായിരുന്നു ബാബറിന്റെ സമ്പാദ്യം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡ് വിക്കറ്റ് കീപ്പര്‍ അസം ഖാന്റെയും ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയത്തിലേക്കടുത്തിരുന്നു.

അസം ഖാന്‍ 30 പന്തില്‍ ആറ് വീതം സിക്‌സറും ഫോറുമായി 75 റണ്‍സ് നേടിയപ്പോള്‍ 53 പന്തില്‍ 71 റണ്‍സാണ് കോളിന്‍ മണ്‍റോ സ്വന്തമാക്കിയത്.

18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 181ന് നാല് എന്ന നിലയിലായിരുന്നു യുണൈറ്റഡ്. സ്‌ട്രൈക്കിലാകട്ടെ 52 പന്തില്‍ 71 റണ്‍സുമായി കോളിന്‍ മണ്‍റോയും. ആദ്യമെറിഞ്ഞ മൂന്ന് ഓവറില്‍ നിന്നും 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ആരിഫ് യാക്കൂബാണ് 19ാം ഓവര്‍ എറിയാനെത്തിയത്.

18ാം ഓവറിലെ അവസാന പന്തില്‍ അസം ഖാനെ നവീന്‍ ഉള്‍ ഹഖ് പുറത്താക്കിയതിന്റെ ഞെട്ടലിലായിരുന്ന യുണൈറ്റഡിനെ യാക്കൂബ് വീണ്ടും ഞെട്ടിച്ചു. ഓവറിലെ ആദ്യ പന്തില്‍ തന്നെ മണ്‍റോയെ ഹസീബുള്ള ഖാന്റെ കൈകളിലെത്തിച്ച് താരം പുറത്താക്കി. ഇവിടെ മുതലാണ് യുണൈറ്റഡ് തോറ്റുതുടങ്ങിയത്.

രണ്ടാം പന്തില്‍ ക്രീസിലെത്തിയ ഫഹീം അഷ്‌റഫ് ഒരു റണ്‍സ് നേടി. തൊട്ടടുത്ത പന്തില്‍ ഹൈദര്‍ അലിയെ ഗോള്‍ഡന്‍ ഡക്കാക്കിയും യാക്കൂബ് പുറത്താക്കി.

നാലാം പന്തില്‍ ലെഗ് ബൈയിലൂടെ മറ്റൊരു റണ്‍സ് വഴങ്ങേണ്ടി വന്നെങ്കിലും അടുത്ത രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് യാക്കൂബ് എതിരാളികളെ ഞെട്ടിച്ചത്.

W, 1, W, 1LB, W, W എന്നിങ്ങനെയാണ് 19ാം ഓവറില്‍ യാക്കൂബ് പന്തെറിഞ്ഞത്. പി.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബൗളര്‍ ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്നത്.

അവസാന ഓവറില്‍ പത്ത് റണ്‍സ് മാത്രം പിറന്നതോടെ സാല്‍മി എട്ട് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബാബറിനും സംഘത്തിനുമായി. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് വിജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്. ശനിയാഴ്ചയാണ് സാല്‍മിയുടെ അടുത്ത മത്സരം. ലാഹോര്‍ ഖലന്ദേഴ്‌സാണ് എതിരാളികള്‍.

Content Highlight:  Aarif Yaqoob becomes the first bowler to pick 4 wickets in an over in the history of PSL

We use cookies to give you the best possible experience. Learn more