| Monday, 7th October 2019, 5:21 pm

'ആരെ കോളനിയിലെ മരങ്ങളുടെയത്രപോലും വിലയില്ലേ കശ്മീരിലെ ജീവിതങ്ങള്‍ക്ക്?'; മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീരിലെ ജനങ്ങള്‍ക്ക് മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെ അത്രപോലും വിലയില്ലാതായെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു മെഹബൂബയുടെ പ്രതികരണം. മകള്‍ കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മെഹബൂബയുടെ ട്വീറ്റ്.

ആരെ കോളനിയിലെ മരം വെട്ടുന്നത് തടഞ്ഞ പരിസ്ഥിതി-സാമൂഹ്യപ്രവര്‍ത്തകരെ താന്‍ അഭിനന്ദിക്കുന്നെന്നും എന്തുകൊണ്ടാണ് ഈ അവകാശം കശ്മീരിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നും മെഹബൂബ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു.

കശ്മീരികള്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അടിസ്ഥാന അവകാശങ്ങള്‍പ്പോലും കശ്മീരികള്‍ക്ക് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്, മെഹബൂബ പറയുന്നു.

ഇന്നാണ് ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്നും, മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരെ മുഴുവന്‍ വിട്ടയക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.

ജസ്റ്റിസ് അരുണ്‍ മിശ്ര,ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരുടെ സ്പെഷല്‍ ബെഞ്ചാണ് മരം മുറിക്കുന്നതിനെതിരായി നിയമ വിദ്യാര്‍ഥിനി നല്‍കിയ ഹരജി പരിഗണിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് എം.എം.സി.എല്‍ അധികൃതര്‍ ആരെ വനത്തില്‍ മരം മുറിക്കാന്‍ തുടങ്ങിയത്. മരങ്ങള്‍ മുറിക്കുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശക്തമായ പൊലീസ് സന്നാഹത്തെയാണ് വന മേഖലയില്‍ വിന്യസിച്ചിരുന്നത്. വിനോദ സഞ്ചാരികളെ പോലും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more