ആസിഫ് മാമ അന്ന് ഇമോഷണലായി; സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഞാന്‍ ഉറങ്ങിപോയി: ആരവ്
Film News
ആസിഫ് മാമ അന്ന് ഇമോഷണലായി; സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഞാന്‍ ഉറങ്ങിപോയി: ആരവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd December 2024, 8:52 pm

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായിരുന്നു കിഷ്‌ക്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രത്തില്‍ ആസിഫ് അലിയായിരുന്നു നായകനായി എത്തിയത്.

ആസിഫിന് പുറമെ വിജയരാഘവനും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. കിഷ്‌ക്കിന്ധാ കാണ്ഡത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ആസിഫ് അലിയുടെ മകനായ ചച്ചുവിന്റേത്. സിനിമയില്‍ ചച്ചുവായി എത്തിയത് ആരവ് എന്ന മൂന്നാം ക്ലാസുകാരനായിരുന്നു.

ചേര്‍ത്തലക്കാരനായ ആരവിന്റെ മൂന്നാമത്തെ സിനിമയാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ആസിഫ് അലി ചിത്രമായ കക്ഷി അമ്മിണിപ്പിള്ളയിലും ആരവ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തില്‍ അഭിനയിക്കുമ്പോള്‍ ആസിഫ് അലിയോടൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട ഓര്‍മ എന്താണെന്ന ചോദ്യത്തിന് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് ആരവ്.

‘ഞാന്‍ മരിച്ച സീന്‍ കുറേ നേരം ഉണ്ടായിരുന്നു. അതുകൊണ്ട് കുറേ നേരം എനിക്ക് അങ്ങനെ കിടക്കാന്‍ ഉണ്ടായിരുന്നു. ആ സീന്‍ ഫുള്‍ ഡേ ഷൂട്ടിങ് ഉണ്ടായിരുന്നു. സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ ഞാന്‍ അവസാനം ഉറങ്ങി പോയി.

ആസിഫ് മാമ ആ സീന്‍ എടുത്ത ശേഷം വളരെ ഇമോഷണലായി. അദ്ദേഹം ‘യൂ ആര്‍ ദി മാന്‍’ എന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ക്രൂ മുഴുവന്‍ കയ്യടിച്ചു, അഭിനന്ദിച്ചു. ഞാന്‍ അവരുടെ കൂടെയൊക്കെ വളരെ ജോളിയായി തന്നെ അഭിനയിച്ചു. ആ ദിവസം മുഴുവന്‍ ഞാന്‍ നിലത്ത് കിടക്കേണ്ടി വന്നു.

അങ്ങനെ കിടക്കുമ്പോള്‍ ശ്വാസമെടുക്കാമെന്നായിരുന്നു ഡയറക്ടര്‍ പറഞ്ഞത്. പക്ഷെ ശ്വാസമെടുത്തിട്ട് കുറച്ച് നേരം പിടിച്ചു നില്‍ക്കാനും പിന്നെ ശ്വാസം പതിയെ പുറത്തേക്ക് വിടാനുമാണ് പറഞ്ഞത്. അത് ചെയ്യാന്‍ പ്രയാസമുണ്ടായിരുന്നില്ല. എളുപ്പമായിരുന്നു. ഞാന്‍ സ്‌കൂളില്‍ യോഗ ചെയ്യാറുണ്ടായിരുന്നു,’ ആരവ് പറയുന്നു.

കിഷ്‌ക്കിന്ധാ കാണ്ഡം:

2024 സെപ്റ്റംബര്‍ 12ന് തിയേറ്ററില്‍ എത്തിയ ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ബാഹുല്‍ രമേശ് തിരക്കഥ ഒരുക്കിയ സിനിമയില്‍ വിജയരാഘവന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ആരവ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിജയരാഘവന്‍ അവതരിപ്പിച്ച അപ്പു പിള്ള എന്ന കഥാപാത്രവും ആസിഫ് അലിയുടെ അഭിനയവും ഒരുപോലെ പ്രശംസ നേടിയിരുന്നു.


Content Highlight: Aarav, Chaachu In Kishkindha Kaandam Movie Talks About Asif Ali