Advertisement
Film News
കിരീടമെന്തിന് രാജാ, തലയെടുപ്പ് ഒത്ത മജാ...; നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്; പുതിയ തീം സോംഗ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 15, 12:30 pm
Tuesday, 15th February 2022, 6:00 pm

മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘ആറാട്ടി’ലെ തീം സോംഗ് പുറത്ത്. ‘തലയുടെ വിളയാട്ടം’ എന്ന പേരില്‍ സൈന മൂവിസിന്റെ യൂട്യൂബ് ചാനലിലാണ് ആറാട്ടിന്റെ തീം സോംഗ് എത്തിയിരിക്കുന്നത്. റാപ്പര്‍ ഫെജോയുടെ വരികള്‍ കംമ്പോസ് ചെയ്തിരിക്കുന്നത് രാഹുല്‍ രാജാണ്. എം. ജി. ശ്രീകുമാറും ഫെജോയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫെജോ എന്നറിയപ്പെടുന്ന ഫെബിന്‍ ജോസഫ് കൊച്ചിയില്‍ നിന്നുള്ള റാപ്പര്‍/ഗാനരചയിതാവാണ്. ഫെജോ നേരത്തെ ടൊവിനോ തോമസിന്റെ പുതിയ ചിത്രം ‘നാരദന്’ വേണ്ടിയും ഗാനം എഴുതി ആലപിച്ചിരുന്നു.

അതേസമയം, ആറാട്ടിന്റെ റിസര്‍വേര്‍ഷന്‍ കേരളത്തില്‍ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്.

‘വില്ലന്’ ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്ന തിരക്കഥ, ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.


Content Highlight: aarattu theme song out