|

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നമുക്ക് വേണ്ട; കള്ളച്ചിരിയുമായി ലാലേട്ടന്‍; ആറാട്ട് സ്‌നീക്ക് പീക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ സിനിമ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടാണെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ചിത്ര’ത്തിലെയും ‘താളവട്ട’ത്തിലെയും തന്റെ വിന്റേജ് കള്ളച്ചിരിയെ അനുസ്മരിപ്പിക്കുന്ന ഭാവപ്രകടനങ്ങളാണ് സ്‌നീക്ക് പീക്ക് വീഡിയോയില്‍ ഉള്ളത്. മികച്ച പ്രതികരണങ്ങളാണ് കമന്റായി വീഡിയോയ്ക്ക് താഴെ എത്തുന്നത്.

ഇതിന് മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയിലെ സ്‌നീക്ക് പീക്ക് വീഡിയോകള്‍ക്കും ഏറെ ആരാധകരാണുണ്ടായിരുന്നത്.

ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളിലേക്കെത്തിയത്.

അതേസമയം, ആറാട്ടിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. സിനിമ അവകാശപ്പെടുന്നതുപോലെ ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്ന്‍മെന്റാണെന്നും നിരാശപ്പെടുത്തില്ലെന്നും അരുണ്‍ ഗോപി കുറിച്ചു.

‘ആറാട്ട്, പേര് പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തന്നെയാണ്.. ഇലക്ട്രിഫയിങ് പെര്‍ഫോമന്‍സ്.. സിനിമ അവകാശപ്പെടുന്നത് പോലെ an unrealistic എന്റെര്‍ടെയ്ന്‍മെന്റ്.. സിനിമ ആഘോഷിക്കുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല.. ലാലേട്ടന്‍ ചുമ്മാ ഒരേ പൊളി..ആശംസകള്‍,’ എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അരുണ്‍ ഗോപി കുറിച്ചത്.

ആറാട്ടിന് ലഭിച്ച പ്രേക്ഷപ്രതികരണത്തിന് നന്ദി അറിയിച്ച് മോഹന്‍ലാലും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണെന്നും ഒരുപാട് പേര്‍ക്ക് ജോലിയില്ലാതിരുന്ന സമയത്താണ് ഈ സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന ബി. ഉണ്ണികൃഷ്ണന്റെ സിനിമ മോഹന്‍ലാലിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

Content Highlight: Aarattu Sneak Peak

Video Stories