|

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് ഫെബ്രുവരി 10ന്; മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളും സിനിമാ മേഖലയിലുള്ളവരും പ്രേക്ഷകരും ആറാട്ടിന്റെ റിലീസ് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ആറാട്ട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകനായ ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലന്‍ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.

ഉദയ്കൃഷ്ണനാണ് ചിത്രത്തിന്റെ തിക്കഥയൊരുക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിജയ് ഉലകനാഥ് ഛായാഗ്രാഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ മുതല്‍ സിനിമയുടെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സീ സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aarattu releasing date announced

Latest Stories