| Friday, 25th March 2022, 10:57 pm

എന്തിനാണ് വിശകലനം ചെയ്യുന്നത്, വേണമെങ്കില്‍ ഫൈറ്റ് ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ: ബി. ഉണ്ണി കൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറാട്ട് ഒരു പാവം സിനിമയാണെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. നിങ്ങള്‍ ഒരിക്കല്‍ കൂടി ആ സിനിമ കണ്ടാല്‍ തനിക്ക് സന്തോഷമാണെന്നും എന്തായാലും കടോം പലിശേമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിങ്ങളെന്ത് പറഞ്ഞാലും താന്‍ കേള്‍ക്കുമെന്നും അതിനു താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്‌മെന്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത്. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക്. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘വേണമെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ കൂടി ആ സിനിമ കണ്ടോ. കണ്ട് കഴിഞ്ഞാല്‍ എനിക്ക് സന്തോഷമാണ്. എന്തായാലും കടോം പലിശേമാണ്. അപ്പോള്‍ നിങ്ങള്‍ റിപ്പീറ്റായി വന്ന് കാണ്. അത്രേയുള്ളൂ. അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു.

നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും. കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ലാല്‍ സാറിന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊല്ലാതിരുന്നൂടെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കെ.ജി.എഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

Content Highlight: Aaratt is a poor film, says director B. Unnikrishnan

We use cookies to give you the best possible experience. Learn more