കൊച്ചി: തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ സിനിമയായിരുന്നു ത്യാഗരാജ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന് ഫഹദ് ഫാസില്‍. തന്നെ സിനിമയില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതും, അഭിനേതാവെന്ന നിലയില്‍ തന്നെ വാര്‍ത്തെടുക്കുന്നതിലും ആരണ്യ കാണ്ഡത്തിന് വലിയ പങ്കുണ്ടായിരുന്നുവെന്ന് ഫഹദ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം ഏഴു വര്‍ഷം സിനിമയില്‍ നിന്നും ഫഹദ് വിട്ടുനിന്നിരുന്നു. പിന്നീട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത തന്നെ സിനിമയില്‍ തുടരാന്‍ പ്രേരിപ്പിച്ചത് ആരണ്യകാണ്ഡമായിരുന്നു എന്ന് ഫഹദ് പറഞ്ഞു. “ഏതു തരം സിനിമകളാണ് എനിക്ക് വേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് ധാരണയില്ലായിരുന്നു. അപ്പോഴാണ് ഞാന്‍ ആരണ്യ കാണ്ഡം കാണുന്നത്. ആശ്ചര്യപ്പെടുത്തുന്ന അനുഭവമായിരുന്നത്. അത്രയും സ്റ്റെലിഷ് ആയ ഒരു സിനിമയായിരുന്നു അത്. അതാണെന്നെ സിനിമയില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. എന്നെ ഒരു അഭിനേതാവായി വാര്‍ത്തെടുക്കുന്നതില്‍ അത് വലിയ പങ്കു വഹിച്ചിട്ടുണ്ട്”- ഫഹദ് പറയുന്നു.
കുമാരരാജയുടെ ആദ്യ ചിത്രമായിരുന്നു 2011ല്‍ പുറത്തിറങ്ങിയ ആരണ്യ കാണ്ഡം. കുമാരരാജയുടെ അടുത്ത ചിത്രമായ സൂപ്പര്‍ ഡീലക്‌സില്‍ ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതി, സാമന്ത അക്കിനേനി, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍ എന്നിവരും സൂപ്പര്‍ ഡീലക്‌സില്‍ ഫഹദിനോടൊപ്പമുണ്ട്.
തമിഴിലെ ഫഹദിന്റെ രണ്ടാമത്തെ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരന്‍ എന്ന ചിത്രം മാത്രമാണ് ഫഹദ് മലയാളത്തിന് പുറത്ത് ചെയ്ത് ഏക ചിത്രം. മണിരത്‌നത്തിന്റെ ചെക്കാ ചിവന്ത വാനത്തില്‍ അഭിനയിക്കാനിരുന്ന ഫഹദ് ഫാസില്‍ ഷെഡ്യൂളിന്റെ പ്രശ്‌നങ്ങള്‍ കാരണം പിന്മാറുകയായിരുന്നു.
അന്‍വര്‍ റഷീദിന്റെ ട്രാന്‍സിന്റെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. ഫെബ്രുവരി 7ന് പുറത്തിറങ്ങുന്ന കുമ്പളങ്ങി നൈറ്റ്‌സ് ആണ് ഫഹദിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന അടുത്ത ചിത്രം.