മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി അറിയപ്പെടുന്ന അഞ്ചാം പാതിരയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. ആറാം പാതിരയെന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതിയ ത്രില്ലിംഗ് കഥയും സന്ദര്‍ഭങ്ങളുമായി പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
രണ്ടാം ഭാഗത്തിലും കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.
അഞ്ചാം പാതിരയുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവന്‍ തോമസ് തന്നെയാണ് ആറാം പാതിരയുടെയും കഥയും സംവിധാനവും. ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈജു ഖാലിദാണ് ഛായാഗ്രഹണം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സുഷിന്‍ശ്യാം തന്നെയാണ്.
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നെന്ന വിവരവും നേരത്തെ പുറത്ത് വിട്ടത് കുഞ്ചാക്കോ ബോബനാണ്.
‘ത്രില്ലര്‍ ബോയ്സ് വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിംഗ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ആ അവസാനം വെറുമൊരു തുടക്കം മാത്രമായിരിക്കാം’ എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലെഴുതിയത്.
അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ നെറ്റ്ഫ്ളിക്സ് ഒറിജിനലായ ‘ഡാര്‍ക്’ എന്ന സീരിസിലെ പ്രശസ്തമായ End is the beginning, Beginning is the end (തുടക്കമാണ് ഒടുക്കം ഒടുക്കമാണ് തുടക്കം) എന്ന വാചകവും കുറിപ്പിലുണ്ടായിരുന്നു. ഡാര്‍ക് പോലൊരു വന്‍ ത്രില്ലിംഗ് അനുഭവമായിരിക്കും അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമെന്നും ആദ്യ ഭാഗത്തിലെ കഥയുടെ തന്നെ തുടര്‍ച്ചയോ കഥയിലെ ചില ട്വിസ്റ്റുകള്‍ പ്രേക്ഷകന് മുന്നില്‍ കൊണ്ടുവരുന്നതോ ആയിരിക്കും രണ്ടാം ഭാഗമെന്നും സിനിമാപ്രേമികള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് വരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി റീമേക്കിന്റെ നിര്‍മാണം റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ആഷിക്ക് ഉസ്മാനും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
മലയാളത്തില്‍ ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദായിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ശ്രീധരന്റെ എഡിറ്റിങും ഏറെ പ്രശംസകള്‍ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക