ന്യൂദല്‍ഹി: ജീവന് ഭീഷണിയുള്ളതിനാല്‍ തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖേതന്‍ സുപ്രീം കോടതിയെ സമീപിച്ചു. തന്നെ കൊല്ലുമെന്നുള്ള ഭീഷണികള്‍ വലതുപക്ഷ സംഘടനകളില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് ആശിഷ് ഹര്‍ജിയില്‍ പറയുന്നു.
വലതു പക്ഷ സംഘടനകളായ അഭിനവ് ഭരത്, സനാതന്‍ സന്‍സ്ത, ഹിന്ദു ജാഗരണ്‍ സമിതി എന്നിവരുടെ പേരുകളാണ് ആശിഷ് ഖേതന്‍ ചൂണ്ടിക്കാട്ടുന്നത്. കത്തുകളിലൂടെയുള്‍പ്പെടെയാണ് കൊല്ലുമെന്ന ഭീഷണികള്‍ വരുന്നത്. സംഭവത്തില്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജൂണ്‍ അഞ്ചിന് ആശിഷിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമെന്നാണ് അറിയുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും ഇവര്‍ക്ക് സംരക്ഷണം ലഭ്യമാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തനിക്ക് ലഭിച്ച ഭീഷണികളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ആശിഷ് ഖേതന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ് ഖേതന്‍ 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തെഹല്‍ക്ക ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഖേതന്‍.