| Tuesday, 8th December 2020, 4:30 pm

ഇത്രയും പൊലീസുകാര്‍ നില്‍ക്കുന്നതിന്റെ അര്‍ത്ഥം പിന്നെന്താണ്? കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ സംഘടിച്ച് ആം ആദ്മി നേതാക്കള്‍; സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ ജനങ്ങളെ അനുവദിക്കാത്തത് അദ്ദേഹം വീട്ടുതടങ്കലിലാണെന്നതിന്റെ തെളിവല്ലേയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മന്ത്രിയുമായ മനീഷ് സിസോദിയ. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടു തടങ്കലിലാക്കിയില്ലെന്ന ബി.ജെ.പി നേതാക്കളുടെയും ദല്‍ഹി പൊലീസിന്റെയും വാദത്തിന് പിന്നാലെയാണ് സിസോദിയയുടെ പ്രതികരണം.

കെജ്‌രിവാള്‍ വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ എത്തി പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്.

‘പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കണമെന്ന ആവശ്യം നിഷേധിച്ച മുഖ്യമന്ത്രി കെജ് രിവാളിനെക്കാണാന്‍ ജനങ്ങളെ അനുവദിക്കുന്നില്ല. ഇതിന്റെ അര്‍ത്ഥം അദ്ദേഹം വീട്ടുതടങ്കലിലാണെന്ന് തന്നെയല്ലേ? അല്ലെങ്കില്‍ പിന്നെന്തിനാണ് ഇത്രയുമധികം സുരക്ഷാ ജീവനക്കാരെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്?,’ മനീഷ് സിസോദിയ ചോദിച്ചു.

ദല്‍ഹി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനീഷ് സിസോദിയ, എം.പി ഭഗ്‌വത് മന്‍ അടക്കമുള്ള ആം ആദ്മി നേതാക്കള്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമുന്നയിച്ച് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പാര്‍ട്ടി നേതാക്കളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

അതേസമയം ബി.ജെ.പി എം.പിമാര്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെമുന്നില്‍ പ്രതിഷേധിക്കാമെന്നും എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മുഖ്യമന്ത്രിയെ കാണാനാണ് അനുവാദമില്ലാത്തതെന്നും ആരോപിച്ച് പാര്‍ട്ടി രംഗത്തെത്തി.

കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ കുറച്ച് പേര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിന്റെയും ചിലരെ പൊലീസ് തടയുന്നതിന്റെയും വീഡിയോ ആം ആദ്മി പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് പുറത്ത് വിട്ടിരുന്നു. നിലത്തിരിക്കുന്നതവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് കെജ്‌രിവാളിന്റെ നാടകമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.

വീടിന് മുന്നില്‍ പൊലീസ് കാവലില്ലെന്നായിരുന്നു ദല്‍ഹി പൊലീസും വിശദീകരിച്ചത്.

ദല്‍ഹിയില്‍ ഭാരത ബന്ദില്‍ നരിവധി കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. കിസാന്‍ സഭാ നേതാവും സി.പി.ഐ.എം എം.പി യുമായ കെകെ രാഗേഷ്, കിസാന്‍ സഭ ഫൈനാന്‍സ് സെക്രട്ടറി പി. കൃഷ്ണ പ്രസാദ്, സി.പി.ഐ.എം നേതാക്കളായ സുഭാഷിണി അലി, മറിയം ധാവളെ തുടങ്ങി നിരവധി നേതാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AAP workers try to break barricades as party claims CM Kejriwal put under house arrest

We use cookies to give you the best possible experience. Learn more