ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
വരുന്ന തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം ചെയ്ത പ്രവര്‍ത്തികളായിരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തികച്ചും പോസറ്റീവ് ആയ രീതിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അധിക്ഷേപത്തിന്റെയും ചെളിവാരിയെറിയലിന്റെയും രാഷ്ട്രീയം ഞങ്ങള്‍ക്ക് അറിയില്ല.’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലിരുന്ന നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുക എന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി എട്ടിനായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ജനുവരി 14ന് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
DoolNews Video
ജനുവരി 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന തിയ്യതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദല്‍ഹിയില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഫെബ്രുവരി 11നാണ് വോട്ടെണ്ണുന്നത്. 70 സീറ്റുകളിലേക്കായാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജനുവരി 24ആണ്.
2015ല്‍ 70ല്‍ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. ബാക്കി മൂന്നു സീറ്റുകളും ബി.ജെ.പിയായിരുന്നു നേടിയത്. ഇത്തവണയും ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരിക്കും ദല്‍ഹിയില്‍ പോരാട്ടം. നിലവില്‍ ഒരു സീറ്റു പോലുമില്ലാത്ത കോണ്‍ഗ്രസിന് തിരിച്ചു വരണമെങ്കില്‍ കനത്ത പോരാട്ടം കാഴ്ച വെക്കേണ്ടിവരും.