| Sunday, 16th July 2023, 5:58 pm

ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ ആം ആദ്മിയും പങ്കെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാളെയും മറ്റന്നാളുമായി ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പാറ്റ്‌നയില്‍ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ നിന്ന് ആം ആദ്മി വിട്ടുനിന്നത് തിരിച്ചടിയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ദല്‍ഹി ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നിലപാട് മാറ്റം. കേന്ദ്ര ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെ ആം ആദ്മി എം.പി രാഘവ് ഛദ്ദ ഇത് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലും വേണുഗോപാല്‍ പിന്തുണ പ്രഖ്യാപിക്കുന്ന വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് രാഘവ് ഛദ്ദ എ.എന്‍.ഐയോട് പറഞ്ഞു.

സോണിയാ ഗാന്ധി ഒരുക്കുന്ന അത്താഴവിരുന്നിലും ആം ആദ്മി നേതാക്കള്‍ പങ്കെടുക്കും. ദല്‍ഹിയില്‍ കനത്ത മഴയും പ്രളയസാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അത്താഴവിരുന്നില്‍ പങ്കെടുത്തേക്കില്ലെന്നും സൂചനകളുണ്ട്.

ദല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടായിരുന്ന വിയോജിപ്പിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി സംയുക്ത പ്രതിപക്ഷ യോഗത്തില്‍നിന് വിട്ടുനിന്നത്. കോണ്‍ഗ്രസ് ദല്‍ഹി ഓര്‍ഡിനന്‍സിനെതിരെ തങ്ങള്‍ക്ക് അനുകൂലമായി പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മി വ്യക്തമാക്കിയിരുന്നു.

ഇതോടെ പൊതുതെരഞ്ഞടുപ്പിന് മുമ്പായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് നിര്‍ത്താന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. ഇന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെച്ച് ദല്‍ഹി ഓര്‍ഡിനന്‍സിന് കോണ്‍ഗ്രസ് പിന്തുണ നല്‍കണമെന്ന് ഔദ്യോഗികമായി തീരുമാനമെടുക്കുകയായിരുന്നു.

ഫെഡറല്‍ സിസ്റ്റത്തിന് നേരായി ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന എല്ലാ വിധ അതിക്രമങ്ങളെയും എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ആം ആദ്മി അംഗങ്ങള്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

Content Highlights: AAP will attend opposition party meeting in bengaluru

We use cookies to give you the best possible experience. Learn more