ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററൊട്ടിച്ച കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്ന് കാര്യം പ്രധാനമന്ത്രിക്കറിയില്ലെന്നും നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിന്റെ തെളിവാണ് പൊലീസിന്റെ നടപടിയെന്നും ആം ആദ്മി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ദല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ‘മോദിയെ മാറ്റൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കേസില്‍ അന്വേഷണം നടത്തിയ ദല്‍ഹി പൊലീസ് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ 2000ലധികം സമാന പോസ്റ്ററുകള്‍ കണ്ടെത്തുകയും ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
35 കേസുകള്‍ പോസ്റ്റര്‍ പതിച്ചതിനും 79 കേസുകള്‍ പോസ്റ്ററുകള്‍ അച്ചടിച്ചതിന് വിവിധ പ്രിന്റിങ് പ്രസ്സുകള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട ചെയ്തു.
തുടര്‍ന്നാണ് നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കൊണ്ട് ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമാണെന്നും പ്രധാനമന്ത്രിക്ക് അക്കാര്യം ഓര്‍മയുണ്ടാവാന്‍ സാധ്യതയില്ലെന്നുമാണ് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തത്.
നൂറിലധികം കേസുകളെടുക്കാന്‍ മാത്രം പോസ്റ്ററിലെന്താണുള്ളതെന്നും മോദിയുടെ ഏകാധിപത്യ ഭരണത്തിന് ഉദാഹരണമാണിതെന്നും ട്വീറ്റിലുണ്ട്.
‘മോദി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണം മൂര്‍ധന്യാവസ്ഥയിലെത്തിയതിന്റെ തെളിവാണിത്. മോദീ, നിങ്ങള്‍ക്കൊരു പക്ഷെ അറിയില്ലെങ്കിലും ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ്. ഒരു പോസ്റ്റര്‍ കണ്ട് ഇങ്ങനെ പേടിച്ചാലോ?
നൂറ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രം ഈ പോസ്റ്ററുകളില്‍ താങ്കള്‍ എന്താണ് കണ്ടത്,’ ആം ആദ്മി ട്വീറ്റ് ചെയ്തു.
ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ ആം ആദ്മിയുടെ ട്വീറ്റിനെ വിമര്‍ശിച്ച് കൊണ്ട് ബി.ജെ.പിയും രംഗത്തെത്തി. പോസ്റ്ററൊട്ടിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ചങ്കൂറ്റമില്ലാത്ത ആം ആദ്മി അനാവശ്യമായ ആരോപണങ്ങളുയര്‍ത്തുകയാണെന്ന് ബി.ജെ.പി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.
Content Highlight: aap tweet on narendra modi poster