ന്യൂദല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും. 2022 ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.
ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിച്ചെന്നും. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷമാകാന്‍ ആം ആദ്മിക്ക് സാധിച്ചെന്നും അടുത്ത ലക്ഷ്യം യു.പിയാണെന്നുമായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.
‘ഇന്ന് ഞാന്‍ ഒരു സുപ്രധാന പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുകയാണ്. 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കും,’ എന്നായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഉത്തര്‍പ്രദേശിലെ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ കൂട്ടത്തോടെ ദല്‍ഹിയിലേക്ക് വരുന്നുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ വരേണ്ടി വരുന്നത്? ഇതൊന്നും എന്തുകൊണ്ടാണ് സ്വന്തം സംസ്ഥാനത്ത് അവര്‍ക്ക് ലഭിക്കാത്തത്? 2022 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദല്‍ഹിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആളുകളുടെ കൂടി ആഗ്രഹമാണ് ഇത്.
അഴിമതിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് യു.പി. അവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. യു.പിയിലെ രാഷ്ട്രീയം നല്ല ഉദ്ദേശത്തോടെയല്ല അവര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ നല്ല ഭരണം കൊണ്ടുവരാന്‍ ആം ആദ്മിക്ക് സാധിക്കും. യു.പിയില്‍ ആം ആദ്മിക്ക് ഒരു അവസരം നല്‍കണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെടുകയാണ്. യു.പി ജനത മറ്റെല്ലാ പാര്‍ട്ടികളേയും മറക്കും. മികച്ച ഒരു സര്‍ക്കാരിനായി അവര്‍ കാത്തിരിക്കുകയാണ്. അവര്‍ അതര്‍ഹിക്കുന്നുണ്ട്’, കെജ്‌രിവാള്‍ പറഞ്ഞു.
യു.പി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്തെ എ.എ.പി തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സ്വാധീനം മനസിലാക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എ.എ.പിയുടെ തീരുമാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
2017ല്‍ നടന്ന 403 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം 324 സീറ്റ് (ബി.ജെ.പി-312, സോനേലാലിന്റെ അപ്ന ദള്‍-9, സ്വതന്ത്രര്‍-3) നേടി ഭരണം പിടിച്ചിരുന്നു. എസ്.പി-49, ബി.എസ്.പി-18, കോണ്‍ഗ്രസ്-7, സുഹെല്‍ദേവിന്റെ ഭാരതീയ സമാജ് പാര്‍ട്ടി- 4 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക