ന്യൂദല്‍ഹി: ഈ വര്‍ഷം അവസാനം മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. ബി.ജെ.പി-ശിവസേനാ കൂട്ടുകെട്ടിനെതിരെ നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കവെ പാര്‍ട്ടി ദേശീയ വക്താവ് പ്രീതി ശര്‍മ മേനോന്‍ പറഞ്ഞത്.
വ്യാഴാഴ്ച പാര്‍ട്ടിയുടെ സംസ്ഥാന ഘടകം യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഇന്ന് പ്രചാരണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം പോലും ശബ്ദമുയര്‍ത്തുന്നില്ലെന്ന് പ്രീതി ആരോപിച്ചു.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഇന്ന് സംസ്ഥാന ഘടകം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു.
ഒരിക്കല്‍ വികസിത സംസ്ഥാനമെന്നായിരുന്ന മഹാരാഷ്ട്രയെക്കുറിച്ച് കേട്ടിരുന്നത്. എന്നാല്‍ ഇവിടെ ഇന്നുള്ളത്, വരള്‍ച്ച, വെള്ളപ്പൊക്കം, കര്‍ഷക ആത്മഹത്യ, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, ക്രമസമാധാന നില തകര്‍ച്ച, കുറ്റകൃത്യങ്ങളിലെ വളര്‍ച്ച, അഴിമതി, ഉദ്യോഗസ്ഥഭരണം, സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ച, പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച എന്നിവയാണെന്നും കുറിപ്പില്‍ പറയുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാനത്തു മത്സരിച്ചിരുന്നില്ല. 2014-ല്‍ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2.2 ശതമാനം വോട്ടുവിഹിതമാണ് അന്നു ലഭിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഞ്ജലി ധമനിയ, മായങ്ക് ഗാന്ധി, മാരുതി ഭക്പുര്‍ തുടങ്ങിയ നേതാക്കള്‍ നേരത്തേ പാര്‍ട്ടി വിട്ടിരുന്നു. അതോടെ ദുര്‍ബലമായ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ഇതോടെ ശക്തിപ്പെടുമെന്നാണ് ദേശീയ നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
അതിനിടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് കോണ്‍ഗ്രസും പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. അതിന്റെ ആദ്യ പടിയെന്നോണം സ്‌ക്രീനിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ അതിന്റെ അധ്യക്ഷനായി മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി നിയമിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമ്മിറ്റിയിലുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹിബ് തോറോട്ടും കമ്മിറ്റിയംഗമാണ്.
എന്‍.സി.പിയോട് സഖ്യം ചേര്‍ന്നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനാകെ നേടാന്‍ കഴിഞ്ഞത് ഒരു സീറ്റാണ്. അതേസമയം എന്‍.സി.പിക്കു നാല് സീറ്റുകള്‍ ലഭിച്ചു.
ഇത്തവണയും എന്‍.സി.പിയോടൊപ്പമായിരിക്കും അവര്‍ മത്സരിക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തോല്‍വിയെത്തുടര്‍ന്ന് പി.സി.സി അധ്യക്ഷന്‍ അശോക് ചവാന്‍ രാജിവെച്ചത് സംസ്ഥാന നേതൃത്വത്തെ മരവിപ്പിച്ചിരുന്നു. പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനാണ് യുവനേതാവായ സിന്ധ്യക്ക് സ്‌ക്രീനിങ് കമ്മിറ്റിയുടെ നേതൃത്വം നല്‍കിയത്.
അതിനിടെ 288 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 50-50 എന്ന ഫോര്‍മുലയുമായി പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഹാഡി മുന്നോട്ടുവന്നിരുന്നു.
50-50 സീറ്റ് പങ്കിടല്‍ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ 288 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.