| Sunday, 3rd January 2021, 6:59 pm

'ഗുജറാത്തില്‍ ബി.ജെ.പിയെ തറപറ്റിക്കും'; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാന്‍ ആം ആദ്മി, ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; ഗുജറാത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. തീരുമാനത്തിന്റെ ഭാഗമായി 504 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിച്ചു.

ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് ബദലായി മാറാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

‘തദ്ദേശതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ എല്ലാ സീറ്റിലും പാര്‍ട്ടി പ്രതിനിധികള്‍ മത്സരിക്കും. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ബി.ജെ.പിയ്ക്ക് പകരമായി ആം ആദ്മി സ്ഥാനമുറപ്പിക്കുകയും അതിലൂടെ ബി.ജെ.പിയെ എന്നന്നേക്കുമായി പുറത്താക്കുകയും ചെയ്യും’, പാര്‍ട്ടി മുഖ്യവക്താവും ദല്‍ഹി എം.എല്‍.എയുമായ അഥിഷി പറഞ്ഞു.

‘രാജ്യത്ത് ബി.ജെ.പിയെ പേടിയില്ലാത്ത ഒരേയൊരു നേതാവ് മാത്രമേയുള്ളു. അത് ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളാണ്. അതുമാത്രമല്ല ബി.ജെ.പിയ്ക്ക് സ്വാധീനിക്കാനോ ഭയപ്പെടുത്താനോ കഴിയാത്ത ഒരേയൊരു പാര്‍ട്ടി കൂടിയാണ് ആം ആദ്മി. ഞങ്ങള്‍ പോരാട്ടം തുടരും’, അഥിഷി കൂട്ടിച്ചേര്‍ത്തു.

നേരത്തെ യു.പി തെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് പ്രതിരോധം തീര്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു. 2022 ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 15 ന് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.

ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിച്ചെന്നും. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷമാകാന്‍ ആം ആദ്മിക്ക് സാധിച്ചെന്നും അടുത്ത ലക്ഷ്യം യു.പിയാണെന്നുമായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

യു.പി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്തെ എ.എ.പി തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സ്വാധീനം മനസിലാക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എ.എ.പിയുടെ തീരുമാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

2017ല്‍ നടന്ന 403 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം 324 സീറ്റ് (ബി.ജെ.പി-312, സോനേലാലിന്റെ അപ്ന ദള്‍-9, സ്വതന്ത്രര്‍-3) നേടി ഭരണം പിടിച്ചിരുന്നു. എസ്.പി-49, ബി.എസ്.പി-18, കോണ്‍ഗ്രസ്-7, സുഹെല്‍ദേവിന്റെ ഭാരതീയ സമാജ് പാര്‍ട്ടി- 4 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; AAP Contest All Seats In Gujarath Local Polls

We use cookies to give you the best possible experience. Learn more