| Thursday, 27th February 2020, 11:24 pm

താഹിര്‍ ഹുസൈന്‍ പുറത്ത്; ആംആദ്മി നടപടി കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെ പുറത്താക്കി ആംആദ്മി പാര്‍ട്ടി. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെയാണ് നടപടി. താഹിറിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പെട്രോള്‍ ബോംബുകളും മറ്റും കണ്ടെത്തിയിരുന്നു.

താന്‍ നിരപരാധിയാണെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും വ്യക്തമാക്കി താഹിര്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ താനും ഇരയാണെന്നായിരുന്നു അദ്ദേഹം വീഡിയോയില്‍ പറഞ്ഞത്. ആരോപണത്തിന് പിന്നില്‍ അശ്ലീലമായ രാഷ്ട്രീയമാണ്. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട അങ്കിത് ശര്‍മയുടെ സഹോദരനാണ് കൊലയ്ക്ക് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന ആരോപണം ഉന്നയിച്ചത്. കലാപകാരികള്‍ക്ക് താഹിര്‍ വീട്ടില്‍ അഭയം നല്‍കിയെന്നും അവരാണ് കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചതെന്നും സഹോദരന്‍ പറഞ്ഞു.

ഐ.ബിയില്‍ ട്രയിനീ ഉദ്യോഗസ്ഥനായിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ്ബാഗിലെ ഓടയില്‍നിന്നാണ് കണ്ടെത്തിയത്.

അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആംആദ്മി പ്രവര്‍ത്തകരുണ്ടെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more